ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമം; ലൈഗര്‍ പ്രൊമോഷന് വിജയ് ദേവരകൊണ്ട ഇന്ന് കൊച്ചിയില്‍
Entertainment news
ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമം; ലൈഗര്‍ പ്രൊമോഷന് വിജയ് ദേവരകൊണ്ട ഇന്ന് കൊച്ചിയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th August 2022, 1:24 pm

ബിഗ് ബജറ്റ് തെലുങ്ക് ചിത്രമായ ലൈഗറിന്റെ പ്രൊമോഷന്റെ ഭാഗമായി തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട ഉള്‍പ്പടെയുള്ള താരങ്ങളും അണിയറ പ്രവര്‍ത്തകരും ഇന്ന് കൊച്ചിയിലെത്തും.

കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം പരിസരത്ത് വൈകിട്ട് ആറിന് നടക്കുന്ന പരിപാടിയില്‍ ദേവരകൊണ്ട പങ്കെടുക്കും. തുടര്‍ന്ന് പെര്‍ഫ്യൂം മ്യൂസിക് ബാന്റിന്റെ സംഗീത നിശയും നടക്കും.

മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ചിത്രത്തിന്റെ കേരള വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കിയിരുന്നു.

തെലുങ്കിലെ മുന്‍നിര സംവിധായകരിലൊരാളായ പുരി ജഗന്നാഥ് മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് പശ്ചാത്തലമാക്കി ഒരുക്കുന്ന മെഗാ ബജറ്റ് ചിത്രമാണ് ലൈഗര്‍.

പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ലൈഗര്‍ എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയും റിലീസ് ചെയ്യുന്നുണ്ട്.

ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പ്രശസ്ത ബോക്‌സിംഗ് താരം മൈക്ക് ടൈസണ്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

കേരളത്തില്‍ നൂറ്റമ്പതിലേറെ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുക. മലയാളം പതിപ്പിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും കേരളത്തില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയ്‌ലറും പാട്ടുമൊക്കെ ഇതിനകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

പുരി ജഗനാഥിന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന ജന ഗണ മനയും, ശിവ നിരവ് സംവിധാനം ചെയ്യുന്ന ഖുശിയുമാണ് വിജയ് ദേവരകൊണ്ടയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രങ്ങള്‍. പൂജ ഹെഗ്‌ഡേയാണ് പുരിയുടെ ചിത്രത്തില്‍ നായിക. അതേസമയം സമന്തയാണ് ഖുശിയില്‍ നായികയായി എത്തുന്നത്.

 

Content Highlight: Vijay Deverakonda at kochi for Liger Movie Promotions