മമ്മൂക്കയുമായി പടം ചെയ്തില്ലെങ്കിൽ പ്രൊഡക്ഷൻ ഹൗസിന് പൂർണത വരില്ല; കോട്ടയം കുഞ്ഞച്ചൻ ഒരിക്കലും ഉപേക്ഷിക്കില്ല: വിജയ് ബാബു
Malayalam Cinema
മമ്മൂക്കയുമായി പടം ചെയ്തില്ലെങ്കിൽ പ്രൊഡക്ഷൻ ഹൗസിന് പൂർണത വരില്ല; കോട്ടയം കുഞ്ഞച്ചൻ ഒരിക്കലും ഉപേക്ഷിക്കില്ല: വിജയ് ബാബു
നന്ദന എം.സി
Friday, 10th April 2026, 10:53 am

മലയാള സിനിമയിലെ വലിയ ആഗ്രഹം തുറന്നു പറഞ്ഞ് നടനും നിർമാതാവുമായ വിജയ് ബാബു. മെഗാസ്റ്റാർ മമ്മൂട്ടിയുമായി ഒരു ചിത്രം ചെയ്യുക എന്നതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിജയ് ബാബു, Photo: YouTube/ Screengrab

തന്റെ പ്രൊഡക്ഷൻ ഹൗസിന് യഥാർത്ഥ പൂർണത ലഭിക്കുക മമ്മൂട്ടിയോടൊപ്പമുള്ള സിനിമയിലൂടെ മാത്രമാണെന്നും, ആ സ്വപ്നം നടക്കാത്ത പക്ഷം പ്രൊഡക്ഷൻ ഹൗസിന് പൂർണത വരില്ലയെന്നും വിജയ് ബാബു പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

‘കോട്ടയം കുഞ്ഞച്ചൻ ഉപേക്ഷിച്ചെന്ന് ഒരിക്കലും ഞാൻ പറയില്ല. കാരണം, എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് മമ്മൂക്കയുമായുള്ള സിനിമ. എന്റെ പ്രൊഡക്ഷൻ ഹൗസ് കംപ്ലീറ്റ് ആകുക മമ്മൂക്കയെ വെച്ച് ഒരു പടം ചെയ്യുമ്പോളാണ്.

അല്ലെങ്കിൽ അത് ഇൻകംപ്ലീറ്റ് ആയിട്ടാണ് എനിക്ക് ഫീൽ ചെയ്യുക. അതിന്റെ ഭാഗമായിട്ടാണ് ഞാൻ കോട്ടയം കുഞ്ഞച്ചൻ പ്ലാൻ ചെയ്തത്.

ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു പേഴ്സൺ ആണ് മമ്മൂക്ക. ഒരു ആക്ടർ എന്നതിനേക്കാൾ ഒരു മനുഷ്യൻ എന്ന നിലയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വ്യക്തിയാണ് മമ്മൂക്ക. അദ്ദേഹവുമായി ഒരു സിനിമ ചെയ്യണം എന്നുള്ള ആഗ്രഹം കൊണ്ടാണ് കോട്ടയം കുഞ്ഞച്ചന്റെ റൈറ്റ്സ് ഞാൻ വാങ്ങിയെടുത്തത്.

വിജയ് ബാബു, Photo:Vijay babu/ Facebook

അത്രയും പ്രതീക്ഷയുള്ള സിനിമയായതിനാൽ അതിന്റെ സ്ക്രിപ്റ്റ് ആ ഒരു രീതിയിൽ എത്താത്തതുകൊണ്ടാണ് നടക്കാത്തത്. അത് ഇനിയും ട്രൈ ചെയ്തുകൊണ്ടിരിക്കും. ഈ പ്രാവിശ്യം മമ്മൂക്കയെ കണ്ടപ്പോഴും ഞാൻ ഒന്ന് സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തിന് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ്. നമുക്ക് അദ്ദേഹത്തെ പല രീതിയിൽ ഉപയോഗിക്കാമല്ലോ.

ഇനി കോട്ടയം കുഞ്ഞച്ചൻ അല്ലെങ്കിൽ ഞാൻ അദ്ദേഹത്തിന് പറ്റിയ ഒരു സ്ക്രിപ്റ്റുമായി ഏറ്റവും അടുത്ത് തന്നെ പോകുന്നതാണ്,’ വിജയ് ബാബു പറഞ്ഞു.

ആട് വൺ, ആട് ടു എന്നിവ ലോഞ്ച് ചെയ്തത് മമ്മൂട്ടിയാണെന്നും, ആട് ത്രീയുടെ ലോഗോ ലോഞ്ച് ചെയ്തത് മമ്മൂക്ക തന്നെയാണെന്നും വിജയ് ബാബു പറഞ്ഞു. തന്റെ സിനിമ ജീവിതം തുടങ്ങിയത് സിനിമയിൽ അഭിനയിച്ചു കൊണ്ടല്ലെന്നും, അതിന് മുമ്പേ തന്നെ ഇൻഡസ്ട്രിയിൽ താൻ ഇതിലും കൂടുതൽ ആക്ടീവ് ആയിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

Content Highlight: Vijay babu talk about Mammootty

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.