ലാലേട്ടനോ വിജയ്‌യോ വന്ന പോലെയാണ് ഹാഷിറേ....എന്ന് വിളിച്ച് എല്ലാവരും ഓടുന്നത്: വിജയ് ബാബു
Malayalam Cinema
ലാലേട്ടനോ വിജയ്‌യോ വന്ന പോലെയാണ് ഹാഷിറേ....എന്ന് വിളിച്ച് എല്ലാവരും ഓടുന്നത്: വിജയ് ബാബു
നന്ദന എം.സി
Tuesday, 14th April 2026, 8:18 am

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ് സവിൻ സാ സംവിധാനം ചെയ്ത വാഴ 2. ഇൻസ്റ്റഗ്രാം റീൽസിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഹാഷിറും ടീമുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. വലിയ താരനിരയോ പ്രമോഷനുകളോ ഇല്ലാതെ തന്നെ ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ചിത്രം.

വാഴ 2, Photo: Hashir/ Facebook

ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയപ്പോൾ ബിജുക്കുട്ടൻ, വിജയ് ബാബു, അജു വർഗീസ്, സുധീഷ് എന്നിവർ കൂടി ചേർന്നതോടെ ചിത്രം കൂടുതൽ ശ്രദ്ധേയമായി.

സോഷ്യൽ മീഡിയയിലൂടെ ആരാധകരെ സ്വന്തമാക്കിയ താരങ്ങൾ ബിഗ് സ്ക്രീനിലും അതേ സ്വീകാര്യത നേടുന്ന കാഴ്ചയാണ് വാഴ 2 വഴി കാണുന്നത്.

സോഷ്യൽ മീഡിയയിലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയും ശ്രദ്ധേയനായ ഹാഷിറിന് ഇതിനകം തന്നെ വലിയ ആരാധകവൃന്ദമുണ്ട്. ഒരു സോഷ്യൽ മീഡിയ താരമായി തുടക്കം കുറിച്ച അദ്ദേഹം ഇന്ന് മലയാള സിനിമയിൽ ശ്രദ്ധേയമായ വിജയം കൈവരിച്ചിരിക്കുകയാണ്.

വാഴ 2, Photo: IMDb

ഇതിനിടെ നിർമാതാവും നടനുമായ വിജയ് ബാബു ഹാഷിറിനെ കുറിച്ച് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഹാഷിർ എത്തുമ്പോൾ പ്രേക്ഷകർ കാണിക്കുന്ന ആവേശം മലയാളികളുടെ പ്രിയതാരം മോഹൻലാലിനും തമിഴ് സൂപ്പർസ്റ്റാർ വിജയിക്കും ലഭിക്കുന്ന സ്വീകരണത്തോട് താരതമ്യപ്പെടുത്താനാകുന്നതാണെന്നാണ് വിജയ് ബാബു പറഞ്ഞത്.

‘സ്കൂളിലെ അസംബ്ലി സീൻ ആണ് ആദ്യം ഷൂട്ട് ചെയ്യുന്നത്. ഏകദേശം 250 കുട്ടികൾ ആ സീനിനായി ഉണ്ടായിരുന്നു. ആ സമയത്ത് ഞാനും അജുവും ഒരു റൂമിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു. പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടു. എല്ലാ കുട്ടികളും ഒരു ദിശയിലേക്ക് നിയന്ത്രണം ഇല്ലാതെ ഓടാൻ തുടങ്ങി.

വാഴ 2, Photo: IMDb

സത്യം പറഞ്ഞാൽ, ലാലേട്ടനോ അല്ലെങ്കിൽ തമിഴ് നടൻ വിജയ്‌യോ വന്നാൽ ആളുകൾ ഓടി ചുറ്റും കൂടുന്നതുപോലെ, ‘ഹാഷിറേ!’ എന്ന് വിളിച്ചുകൊണ്ട് എല്ലാവരും ഓടുകയായിരുന്നു. അന്നാണ് ഞാൻ ആദ്യമായി ഹാഷിറിനെ കാണുന്നത്. സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി.

സോഷ്യൽ മീഡിയ ഉപയോഗിച്ചും ഇത്തരത്തിൽ വലിയൊരു ഓളം സൃഷ്ടിക്കാനാകുമെന്ന് അന്ന് മനസിലായി,’ വിജയ് ബാബു പറഞ്ഞു.

റിലീസ് ചെയ്ത് വെറും എട്ട് ദിവസത്തിനുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ 117 കോടി രൂപയ്ക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടി. ആദ്യ ഭാഗത്തെക്കാൾ വലിയ സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിന് തിയേറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. സവിൻ സാ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഹിറ്റ് മേക്കർ വിപിൻ ദാസാണ്.

Content Highlight: Vijay babu talk about Hashir

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.