ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച്, ഫാന്റസി- കോമഡി ഴോണറില്‍ ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രമാണ് പടക്കളം. നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയിരുന്നു. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ്, അരുണ്‍ അജികുമാര്‍, അരുണ്‍ പ്രദീപ്, സാഫി ബ്രോസ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ പടക്കളം കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. ജിയോ ഹോട്സ്റ്റാറിലൂടെയാണ് ചിത്രമെത്തിയത്.
ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിലെ പല ആര്‍ട്ടിസ്റ്റുകളുടെയും പ്രകടനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ വിജയ് ബാബു. ചിത്രത്തില്‍ ലിജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാന്‍ ശൗക്കത്ത് എന്ന നടനെതിരെ വലിയ ട്രോളുകളാണ് വരുന്നത്. അദ്ദേഹത്തിനെതിരെ നടക്കുന്ന വിമര്‍ശങ്ങളില്‍ പ്രതികരിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയാണ് വിജയ് ബാബു ഇക്കാര്യം വ്യക്തമാക്കിയത്.
പടക്കളത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ചിത്രത്തിന്റെ ക്രെഡിറ്റില്‍ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് പറയുന്നുണ്ടെന്നും എന്നാല്‍ കഥാപാത്രങ്ങള്‍ ഫ്രൈഡേ യൂണിവേഴ്‌സിലൂടെ മടങ്ങിവരാന്‍ സാധ്യതയുണ്ടെന്നുമാണ് വിജയ് ബാബു പറയുന്നത്.
തമിഴിന് പുറമെ മലയാളത്തിലും ഫിലിം യൂണിവേഴ്സുകള്‍ ട്രെന്‍ഡിങ്ങാകുന്നതാണ് ഇപ്പോള്‍ കാണുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിച്ച് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മിന്നല്‍ മുരളി. മിന്നല്‍ മുരളിക്ക് ശേഷം ഇതേ ബാനറില്‍, ധ്യാന്‍ ശ്രീനിവാസന്‍ നായകനായി ഡിക്ടറ്റീവ് ഉജ്വലന്‍ എന്ന സിനിമ വന്നിരുന്നു. വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ മിന്നല്‍ മുരളിക്ക് ശേഷം വന്ന ചിത്രമായിരുന്നു ഇത്.
കല്യാണി പ്രിയദര്‍ശനെ കേന്ദ്ര കഥാപാത്രമാക്കി ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രമാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. ആറ് സിനിമകള്‍ ഉള്‍പ്പെടുന്ന ലോക യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.