അമ്മ ജനറല്‍ ബോഡി യോഗത്തിനെത്തി വിജയ് ബാബു; മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ യോഗം തുടങ്ങി
Kerala News
അമ്മ ജനറല്‍ ബോഡി യോഗത്തിനെത്തി വിജയ് ബാബു; മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ യോഗം തുടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th June 2022, 11:19 am

കൊച്ചി: താരസംഘടന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനെത്തി ലൈംഗിക പീഡന കേസില്‍ പ്രതിയായ വിജയ് ബാബു. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ യോഗം തുടങ്ങി. അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു വിജയ് ബാബു. വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗക്കേസ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.

നടന്‍ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി എന്നിവയും ചര്‍ച്ച ചെയ്‌തേക്കും. നാലുമണിക്കു ശേഷം അമ്മ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് മാല പാര്‍വതി നേരത്തേ രാജിവെച്ചിരുന്നു. കോവിഡ് ബാധിച്ചതിനാല്‍ മാലാ പാര്‍വതി ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നില്ല.

അതേസമയം നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ ഡബ്ല്യു.സി.സി രംഗത്തെത്തിയിരുന്നു. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാന്‍ കുറ്റാരോപിതര്‍ ഉപയോഗിക്കുന്ന പാറ്റേണ്‍ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഹൈക്കോടതിയാണ് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് വിജയ് ബാബുവിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlight: Vijay Babu attends Amma General Body meeting