ദീപാവലി തകര്‍ക്കാന്‍ പ്ലാന്‍ ചെയ്തത് വിജയ്, സൂര്യ ചിത്രങ്ങള്‍; റിലീസ് ചെയ്യാനാകാതെ രണ്ടും...
Indian Cinema
ദീപാവലി തകര്‍ക്കാന്‍ പ്ലാന്‍ ചെയ്തത് വിജയ്, സൂര്യ ചിത്രങ്ങള്‍; റിലീസ് ചെയ്യാനാകാതെ രണ്ടും...
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th October 2025, 11:10 am

ദീപാവലി മധുരത്തിന്റെ മാത്രം ആഘോഷമല്ല സിനിമാപ്രേമികള്‍ക്ക് സിനിമ കാണാന്‍ വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ്. എന്നാല്‍ ഈ ദീപാവലിക്ക് വേണ്ടി റിലീസ് ചെയ്യാന്‍ വേണ്ടിയിരുന്ന രണ്ട് ചിത്രങ്ങളും ഈ ദീപാവലിക്ക് റിലീസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

സൂര്യ നായകനായി എത്തുന്ന കറുപ്പ് എന്ന ചിത്രവും വിജയ് നായകനായി എത്തുന്ന ജനനായകനുമാണ് ഈ ദീപാവലിക്ക് റിലീസ് ചെയ്യാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായി എത്തുന്ന കറുപ്പ്. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരവണന്‍ എന്ന കഥാപാത്രമായിട്ടാണ് സൂര്യ എത്തുന്നത്. ചിത്രത്തില്‍ തൃഷയും ഒരു പ്രധാനകഥാപാത്രത്തില്‍ എത്തുന്നുണ്ട്.

സൂര്യയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. അത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ മറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ ദീപാവലിക്ക് റിലീസ് ചെയ്യാന്‍ സാധിക്കില്ലെന്ന് സംവിധായകന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ചിത്രത്തിലെ ആദ്യ ഗാനം ദീപാവലിക്ക് പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ജനനായകന്‍ എന്ന ചിത്രവും ദീപാവലിക്ക് റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായിരുന്നുവെന്നാണ് മൂവി തമിഴ് എന്ന പേജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അടുത്ത പൊങ്കലിന് അഥവാ ജനുവരി 9ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തര്‍ ഒദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

പൊലീസ് ഓഫീസര്‍ ആയിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. വിജയ് യുടെ അവസാന ചിത്രമായതിനാല്‍ ഏവരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എച്ച്. വിനോദാണ് ചിത്രത്തിന്റെ സംവിധാനം. ബോബി ഡിയോള്‍, പൂജാ ഹെഗ്‌ഡേ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍ എന്നിവരെക്കൂടാതെ മമിതാ ബൈജുവും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight:  Vijay and Suriya’s films planned to ruin Diwali