അങ്ങനെയുള്ള ഒരു സിനിമയായിരിക്കും 'എ.കെ. 62': അജിത്ത് സാറിനൊപ്പമുള്ള സിനിമ പരിഭ്രമമല്ല, ഉത്തരവാദിത്തമാണ് നല്‍കുന്നത്: വിഘ്‌നേഷ് ശിവന്‍
Entertainment news
അങ്ങനെയുള്ള ഒരു സിനിമയായിരിക്കും 'എ.കെ. 62': അജിത്ത് സാറിനൊപ്പമുള്ള സിനിമ പരിഭ്രമമല്ല, ഉത്തരവാദിത്തമാണ് നല്‍കുന്നത്: വിഘ്‌നേഷ് ശിവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th May 2022, 6:28 pm

സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വിഘ്‌നേഷ് ശിവന്റെ സംവിധാനത്തില്‍ അജിത്ത് കുമാര്‍ നായകനാവുന്ന ‘എ.കെ. 62’. അജിത്തിന്റെ 62ാം ചിത്രമായ ഇതിന് പേരിട്ടിട്ടില്ല. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അജിത്തിനെ വളരെയധികം ഇഷ്ടമാണെന്നും, എ.കെ. 62 സിനിമക്ക് വേണ്ടി താനും കാത്തിരിക്കുകയാണെന്നും പറയുകയാണ് വിഘ്‌നേഷ് ശിവന്‍. ഗലാട്ട പ്ലസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മാതാവ് കൂടിയായ വിഘ്‌നേഷ്.

”ഈ പ്രോജക്റ്റില്‍ ഞാന്‍ ആവേശഭരിതനും സന്തുഷ്ടനുമാണ്. കാരണം എനിക്ക് അജിത്ത് സാറിനെ വളരെയധികം ഇഷ്ടമാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും അദ്ദേഹം സ്‌ക്രീനില്‍ അവതരിപ്പിക്കുന്ന രീതിയും എനിക്കിഷ്ടമാണ്.

റിയല്‍ ലൈഫിലും ഓണ്‍സ്‌ക്രീനിലും അദ്ദേഹത്തിന്റെ വ്യക്തിത്വവും ഞാന്‍ ഇഷ്ടപ്പെടുന്നു. അജിത്ത് സാറിന്റെ എല്ലാ കാര്യങ്ങളും എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. ഞാന്‍ ഈ പ്രോജക്റ്റിനായി കാത്തിരിക്കുകയാണ്,” വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.

”എനിക്ക് ഇഷ്ടപ്പെട്ടതും, ചെയ്യാന്‍ സാധിക്കുന്നതും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നതുമായ ഒരു സിനിമയായിരിക്കും ഇത്. കഥയുടെ സ്‌ക്രിപ്റ്റും പ്രേക്ഷകരുടെ മനസ്സും തമ്മിലുള്ള ബന്ധം വ്യക്തമായിരിക്കണം. അതിനായി ഞാന്‍ പ്രയത്നിക്കും. സാമ്പ്രദായിക വഴികള്‍ സ്വീകരിക്കാതെ നല്ലതും രസകരവുമായ എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ശ്രമിക്കും.

അജിത്ത് സാര്‍ ഉള്ളപ്പോള്‍ എനിക്ക് പരിഭ്രമം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അദ്ദേഹം എന്നെ ശരിക്കും പിന്തുണക്കും, എനിക്കൊപ്പം ഉണ്ടാകും. അതിനാല്‍ പരിഭ്രാന്തിയുടെ ആവശ്യമില്ല. പക്ഷേ, പരിഭ്രമത്തേക്കാള്‍ ഉത്തരവാദിത്തബോധം എനിക്കുണ്ട്. ഒരു നല്ല സിനിമ നിര്‍മിക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്,” വിഘ്‌നേഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.

വിഘ്‌നേഷിന്റെ സംവിധാനത്തില്‍ വിജയ് സേതുപതി, നയന്‍താര, സാമന്ത റൂത്പ്രഭു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ കാതുവാക്കുല രണ്ടു കാതല്‍ ഏപ്രില്‍ 28ന് റിലീസ് ചെയ്തിരിക്കുകയാണ്. റൗഡി പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിച്ചത്.

പ്രഭു, കലാ മാസ്റ്റര്‍, സീമ, റെഡിന്‍ കിങ്സ്ലി എന്നിവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളിലെത്തിയത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സൗണ്ട്ട്രാക്കും ഒറിജിനല്‍ സ്‌കോറും ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: Vignesh Shivan about the movie AK 62 with Ajith Kumar