സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് വിദ്യ ബാലന്‍. മലയാളത്തിന്റെ മുഖമായി ബോളിവുഡില്‍ താരപരിവേഷം നേടിയെടുത്ത നടി കൂടിയാണ് വിദ്യ ബാലന്‍. സില്‍ക്ക് സ്മിതയുടെ ബയോപിക്കായ ഡേര്‍ട്ടി പിക്ച്ചറിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയെടുക്കാനും വിദ്യക്കായി.
ഹിന്ദി സിനിമയിലെ മികച്ച നടന്മാരായ നസീറുദ്ദീന്‍ ഷായുടെ കൂടെയും അമിതാഭ് ബച്ചന്റെ കൂടെയും വിദ്യ ബാലന്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും കൂടെ അഭിനയിച്ചിട്ടുള്ള അനുഭവം പങ്കുവെക്കുകയാണ് വിദ്യ. നസീറുദ്ദീന്‍ ഷാ, അമിതാഭ് ബച്ചന്‍ എന്നിവരുടെ കൂടെ താന്‍ സിനിമ ചെയ്തിട്ടുണ്ടെന്നും ഇരുവരുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് താന്‍ വിചാരിച്ചിട്ടില്ലെന്നും വിദ്യ ബാലന്‍ പറഞ്ഞു.
രണ്ടുപേരുടെയും കൂടെ ക്യാമറക്ക് മുന്നില്‍ നില്‍ക്കുന്നത് തനിക്ക് ഇപ്പോഴും പേടിയുള്ള കാര്യമാണെന്നും അതിന് കാരണം താന്‍ ജനിക്കുന്നതിന് മുമ്പേ അഭിനയം തുടങ്ങിയവരാണ് ഇരുവരുമെന്നും വിദ്യ പറയുന്നു. തനിക്ക് ഒരിക്കലും ചിന്തിക്കാന്‍ പോലും പറ്റാത്തത്ര ചെറിയ കാര്യങ്ങള്‍ പോലും അവരുടെ അഭിനയത്തില്‍ കടന്ന് വരുമെന്നും വിദ്യ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
‘നസീറുദ്ദീന്‍ ഷാക്കൊപ്പം ഡേര്‍ട്ടി പിക്ചറിലും അമിതാഭ് ബച്ചന്റെ കൂടെ ചില സിനിമകളിലും ഞാന്‍ അഭിനയിച്ചു. ഈ രണ്ട് പേര്‍ക്കൊപ്പം എന്നെങ്കിലും വര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് വിചാരിച്ചിട്ടിലായിരുന്നു. പക്ഷേ അത്തരം അവസരങ്ങള്‍ തുടര്‍ച്ചയായി എനിക്ക് ലഭിച്ചു. രണ്ട് പേരില്‍ ആരെങ്കിലും ഒരാള്‍ക്കൊപ്പമെങ്കിലും ക്യാമറക്ക് മുമ്പില്‍ നില്‍ക്കുന്നത് എന്നെ സംബന്ധിച്ച് ഇപ്പോഴും അല്‍പം പേടിയുള്ള കാര്യമാണ്.
കാരണം രണ്ടാളും ഞാന്‍ ജനിക്കുന്നതിനും മുമ്പേ അഭിനയം തുടങ്ങിയവരാണ്. എത്ര എളുപ്പത്തിലാണ് അവര്‍ കഥാപാത്രങ്ങളായി മാറുന്നതെന്ന് അത്ഭുതം തോന്നാറുണ്ട്. എനിക്കൊന്നും ഒരിക്കലും ചിന്തിക്കാന്‍ പോലും പറ്റാത്തത്ര ചെറിയ കാര്യങ്ങള്‍ പോലും അവരുടെ അഭിനയത്തില്‍ കടന്ന് വരും,’ വിദ്യ ബാലന്‍ പറയുന്നു.