മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഉര്‍വശി ചേച്ചിക്ക് ശേഷം കോമഡി അത്ര നന്നായി ചെയ്യുന്നവരെ ഞാന്‍ കണ്ടിട്ടില്ല – വിദ്യ ബാലന്‍
ഉര്‍വശിയെ കുറിച്ച് സംസാരിക്കുകയാണ് ബോളിവുഡ് നടി വിദ്യ ബാലന്‍. ഹിന്ദി സിനിമകളില്‍ അവര്‍ സ്ത്രീകള്‍ക്ക് വേണ്ടി കോമഡി കഥാപാത്രങ്ങള്‍ എഴുതാറില്ലെന്നും എന്നാല്‍ മലയാളത്തില്‍ മികച്ച കോമഡി വേഷങ്ങള്‍ സ്ത്രീകള്‍ക്കായി എഴുതാറുണ്ടെന്നും വിദ്യ ബാലന്‍ പറയുന്നു.
അതിന് ഉദാഹരണമാണ് ഉര്‍വശിയെന്നും ഓള്‍ ടൈം ഫേവറിറ്റ് ആണ് അവരെന്നും ഉര്‍വശിയെ പോലെ നന്നായി കോമഡി ചെയ്യുന്ന വേറെ ആരെയും താന്‍ കണ്ടിട്ടില്ലെന്നും വിദ്യ പറഞ്ഞു.
‘ഹിന്ദി സിനിമകളില്‍ സ്ത്രീകള്‍ക്ക് വേണ്ടി കോമഡി കഥാപാത്രങ്ങള്‍ അവര്‍ എഴുതാറില്ല. ഇവിടെ മലയാളത്തില്‍ നോക്ക് എത്ര മികച്ച കോമഡി വേഷങ്ങളാണ് സ്ത്രീകള്‍ക്ക് വേണ്ടി എഴുതുന്നത്. അതില്‍ എടുത്ത് പറയേണ്ടതാണ് ഉര്‍വശി ചേച്ചി. എന്റെ ഓള്‍ ടൈം ഫേവറിറ്റ് ആണ് അവര്‍. പിന്നെ ശ്രീദേവി ചേച്ചി.
അവര്‍ക്ക് ശേഷം കോമഡി അത്ര നന്നായി ചെയ്യുന്നവരെ ഞാന്‍ കണ്ടിട്ടില്ല. എപ്പോഴെല്ലാം കോമഡിയെ കുറിച്ച് ഞാന്‍ ആലോചിക്കുന്നുണ്ടോ അപ്പോഴെല്ലാം എനിക്ക് ഓര്‍മ വരുന്നത് ഉര്‍വശി ചേച്ചിയേയും ശ്രീദേവി ചേച്ചിയേയുമാണ്.
എനിക്കും കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ വളരെ ആഗ്രഹമുണ്ട്. എന്നാല്‍ ഹിന്ദി സിനിമയില്‍ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ വരുന്നത് വളരെ കുറവാണ്. അപ്പോഴാണ് ഇന്‍സ്റ്റാഗ്രാം റീല്‍സ് വരുന്നത്. അങ്ങനെ റീല്‍സില്‍ ഞാന്‍ കോമഡി ചെയ്യാന്‍ തുടങ്ങി. എല്ലാവരും ഇപ്പോള്‍ നന്നായിട്ടുണ്ടെന്ന് പറയാറുണ്ട്,’ വിദ്യ ബാലന്‍ പറയുന്നു.