ലാലേട്ടന്റെ ആ സിനിമ കണ്ടതിന്റെ ഹാങ്ങോവര്‍ മാറാന്‍ മൂന്നുനാല് ദിവസമെടുത്തു, രണ്ടാമത് കാണാന്‍ തോന്നിയിട്ടില്ല: വിധു പ്രതാപ്
Malayalam Cinema
ലാലേട്ടന്റെ ആ സിനിമ കണ്ടതിന്റെ ഹാങ്ങോവര്‍ മാറാന്‍ മൂന്നുനാല് ദിവസമെടുത്തു, രണ്ടാമത് കാണാന്‍ തോന്നിയിട്ടില്ല: വിധു പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th August 2025, 5:08 pm

മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റുന്ന പിന്നണിഗായകരില്‍ ഒരാളാണ് വിധു പ്രതാപ്. പാദമുദ്ര എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് അരങ്ങേറിയ വിധു മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ഗാനങ്ങള്‍ പാടിയിട്ടുണ്ട്. അഭിനയത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച വിധു പ്രതാപ് 2001ല്‍ മികച്ച പിന്നണിഗായകനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.

മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെ സിനിമകളിലും വിധു പ്രതാപ് പാടിയിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രമായ തന്മാത്രയിലും വിധു ഒരു ഗാനം ആലപിച്ചിട്ടുണ്ട്. മോഹന്‍ സിത്താര ഈണമിട്ട ‘കാട്ര് വെളിയിടെ കണ്ണമ്മാ’ എന്ന ഗാനമാണ് വിധു പ്രതാപ് തന്മാത്രയില്‍ ആലപിച്ചത്. തനിക്ക് കിട്ടിയ വലിയൊരു അവസരമാണ് ആ ഗാനമെന്ന് വിധു പറയുന്നു. എന്നാല്‍ തന്മാത്ര എന്ന സിനിമ വല്ലാത്തൊരു അനുഭവമായിരുന്നെന്നും വിധു പറഞ്ഞു.

‘ആ സിനിമ തന്നെ വല്ലാത്തൊരു എക്‌സ്പീരിയന്‍സായിരുന്നു. അതിന്റെ കഥയും ലാലേട്ടന്റെ പെര്‍ഫോമന്‍സും ആ സിനിമയിലെ ഡയലോഗുകളുമെല്ലാം ഗംഭീരമായിരുന്നു. വല്ലാതെ കരയിച്ച സിനിമയാണ് തന്മാത്ര. ആ സിനിമ കണ്ടതിന്റെ ഒരു മൂഡ് അല്ലെങ്കില്‍ ആ ഹാങ്ങോവര്‍ മാറാന്‍ മൂന്നുനാല് ദിവസമെടുത്തു. ട്രോമ എന്ന് അതിനെ പറയാനാകാത്തതുകൊണ്ടാണ് മൂഡ് എന്ന വാക്ക് ഉപയോഗിച്ചത്.

ഒരുപാട് കരയിക്കുന്ന സിനിമകള്‍ ഞാന്‍ അങ്ങനെ കാണാറില്ല. അതുകൊണ്ട് തന്നെ തന്മാത്ര ആകെ ഒരൊറ്റ തവണ മാത്രമേ കണ്ടിട്ടുള്ളൂ. രണ്ടാമത് കാണാന്‍ തോന്നിയിട്ടേയില്ല. ആ പാട്ട് എനിക്ക് കുറച്ച് അംഗീകാരം തന്നിട്ടുണ്ട്. ഒരുപാട് ചരിത്രമുള്ള പാട്ടാണല്ലോ അത്. കുറേ വേദികളില്‍ ഞാന്‍ ആ പാട്ട് പാടിയിട്ടുണ്ട്,’ വിധു പ്രതാപ് പറയുന്നു.

പല വേദികളിലും ആ പാട്ട് പാടുമ്പോള്‍ എല്ലാവരും പ്രത്യേകം അഭിനന്ദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈയടുത്ത് മോഹന്‍ലാലിനെ താന്‍ കണ്ടെന്നും ആ സമയത്ത് തന്മാത്രയിലെ പാട്ടിനെക്കുറിച്ച് താന്‍ പറഞ്ഞെന്നും വിധു കൂട്ടിച്ചേര്‍ത്തു. താനത് കേട്ടിട്ടുണ്ടെന്നും നല്ല പാട്ടാണെന്നും മോഹന്‍ലാല്‍ മറുപടി നല്‍കിയെന്നും വിധു പറയുന്നു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു വിധു പ്രതാപ്.

മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് തന്മാത്ര. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നായിരുന്നു ഈ ചിത്രത്തിലേത്. രമേശന്‍ എന്ന അള്‍ഷിേഴ്‌സ് രോഗിയായി പകരം വെക്കാനാകാത്ത പ്രകടനമായിരുന്നു തന്മാത്രയില്‍. മികച്ച നടനുള്ള പുരസ്‌കാരമുള്‍പ്പെടെ അഞ്ച് സംസ്ഥാന അവാര്‍ഡും ഒരു ദേശീയ അവാര്‍ഡും തന്മാത്ര സ്വന്തമാക്കിയിരുന്നു.

Content Highlight: Vidhu Prathap saying he didn’t watch Thanmathra movie second time