ഞാന്‍ പാടിയതാണെന്ന് പറഞ്ഞു; 'എനിക്കറിയാം മോനേ' എന്നായിരുന്നു ലാലേട്ടന്റെ മറുപടി: വിധു പ്രതാപ്
Malayalam Cinema
ഞാന്‍ പാടിയതാണെന്ന് പറഞ്ഞു; 'എനിക്കറിയാം മോനേ' എന്നായിരുന്നു ലാലേട്ടന്റെ മറുപടി: വിധു പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th July 2025, 9:41 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ ഗായകനാണ് വിധു പ്രതാപ്. സുഖമാണീ നിലാവ്, കാറ്റാടി തണലും തുടങ്ങി നിരവധി ഗാനങ്ങളിലൂടെ അദ്ദേഹം മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ്. ഇപ്പോള്‍ തന്മാത്ര എന്ന സിനിമയില്‍ വിധു ആലപിച്ച ‘കാട്ര് വെളിയിടെ കണ്ണമ്മ‘ എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

മോഹന്‍ലാലിന്റെ സിനിമയില്‍ താന്‍ ആദ്യമായി പാടുന്ന ഗാനമാണ് അതെന്നും മനോഹരമായ ഒരു മെലഡി ഗാനമാണ് കാട്ര് വെളിയിടെ എന്നും വിധു പ്രതാപ് പറയുന്നു. മലയാളത്തിന്റെ ക്ലാസിക്കുകളില്‍ ഒന്നാണ് തന്മാത്രയെന്നും അത്തരത്തില്‍ ക്ലാസിക്കുകളില്‍ ഒന്നായി സൂക്ഷിക്കുന്ന സിനിമയില്‍ ഒരു ഭാഗമാകാന്‍ പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിന്റെ കുട്ടിക്കാലം പറയുന്ന ഒരു ഗാനമാണ് അതെന്നും താന്‍ ആ ഗാനം ഒരുപാട് സ്‌റ്റേജില്‍ പാടിയിട്ടുണ്ടെന്നും വിധു പറഞ്ഞു. ഒരു പരിപാടില്‍ വെച്ച് മോഹന്‍ലാലിനെ കണ്ടപ്പോള്‍ ഈ പാട്ട് താനാണ് പാടിയതെന്ന് പറഞ്ഞുവെന്നും അത് തനിക്കറിയാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു വിധു പപ്രതാപ്.

‘ലാലേട്ടന്റ സിനിമയില്‍ ഞാന്‍ ആദ്യമായി പാടുന്ന ഒരു പാട്ടാണ് അത്. അത്രയും നല്ലൊരു മനോഹരമായ മെലഡി സോങ്ങ്, അതും ബ്ലെസി സാറിന്റ സിനിമയില്‍. തന്മാത്ര മലയാളികള്‍ എപ്പോഴും ഇഷ്ടപ്പെട്ട ഒരു സിനിമയാണ്. മലയാളത്തിന്റെ ക്ലാസിക്‌സ് എന്ന് വേണമെങ്കില്‍ പറയാം. ലാലേട്ടന്റെ പെര്‍ഫോമന്‍സാണെങ്കിലും സിനിമയെടുത്ത് നോക്കുകയാണെങ്കിലും ഒരു ക്ലാസിക് ആയിട്ട് നമ്മള്‍ എപ്പോഴും സൂക്ഷിക്കുന്നൊരു സിനിമയാണ്. ആ സിനിമയില്‍ ഒരു ഭാഗമാകാന്‍ പറ്റി.

അദ്ദേഹത്തിന്റെ കുട്ടിക്കാലമാണ് ഞാന്‍ പാടുന്നത്. അത്രയും ഹിസ്റ്ററി ഉള്ള ഒരു ഗാനമാണ് കാട്ര് വെളിയിടെ കണ്ണമ്മ. അത് വീണ്ടും റീക്രിയേറ്റ് ചെയ്ത് പാടാന്‍ പറ്റി. ഞാന്‍ ആ സമയത്തൊക്കെ കുറെ സ്റ്റേജുകളില്‍ ആ പാട്ട് പാടുമായിരുന്നു. ഈയടുത്ത് ഒരു ഇവെന്റില്‍ വെച്ച് ലാലേട്ടനെ കണ്ടപ്പോള്‍ ആ പാട്ട് ഞാനാണ് പാടിയതെന്ന് പറഞ്ഞു. അപ്പോള്‍ ലാലേട്ടന് ‘ആ എനിക്കറിയാം മോനേ’ എന്നാണ് പറഞ്ഞത്,’ വിധു പ്രതാപ് പറയുന്നു.

തന്മാത്ര

ബ്ലെസിയുടെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ സിനിമയാണ് തന്മാത്ര. മോഹന്‍ലാല്‍ , മീര വാസുദേവന്‍, അര്‍ജുന്‍ ലാല്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നെടുമുടി വേണു, ജഗതിശ്രീകുമാര്‍, ഇന്നസെന്റ് തുടങ്ങിയവരും അഭിനയിക്കുന്നു. മിച്ച നടന്‍, മികച്ച സംവിധായകന്‍ എന്നിങ്ങനെ ആ വര്‍ഷത്തെ നിരവധി സംസ്ഥാന അവാര്‍ഡുകള്‍ സിനിമ സ്വന്തമാക്കിയിരുന്നു.

Content highlight: Vidhu Pratap talks about the song he sang in Thanmatra