വില്ലന്‍ നമ്മുടെ പഴയ നസ്‌ലെന്റെ മകനാ, ചാവുന്നത് വരെ ഈ ഫ്രാഞ്ചൈസി അവസാനിക്കല്ലേ എന്ന പ്രാര്‍ത്ഥനയേ ഉള്ളൂ; വൈറലായി ദൃശ്യം 15 റിവ്യൂ വീഡിയോ
Malayalam Cinema
വില്ലന്‍ നമ്മുടെ പഴയ നസ്‌ലെന്റെ മകനാ, ചാവുന്നത് വരെ ഈ ഫ്രാഞ്ചൈസി അവസാനിക്കല്ലേ എന്ന പ്രാര്‍ത്ഥനയേ ഉള്ളൂ; വൈറലായി ദൃശ്യം 15 റിവ്യൂ വീഡിയോ
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 2nd June 2026, 7:19 am

ഒരൊറ്റ ഫ്രാഞ്ചൈസിയില്‍ നിന്നും പല ഭാഗങ്ങളിലായി ചിത്രങ്ങള്‍ പുറത്തിറക്കുന്നതും ഇവ വലിയ വിജയമായി തീരുന്നതുമാണ് നിലവില്‍ മലയാള സിനിമയിലെ ട്രെന്‍ഡ്. ആട് 3, വാഴ 2, ഭരതനാട്യം 2 മോഹിനിയാട്ടം, ദൃശ്യം 3 തുടങ്ങി തുടരെ തുടരെ ഇതേ പാറ്റേണിലാണ് ചിത്രങ്ങളെല്ലാം പുറത്തിറങ്ങുന്നത്. എല്ലാ ചിത്രങ്ങളും ഹിറ്റാവുകയും ആട് 100 കോടി ക്ലബ്ബിലും വാഴ 2വും ദൃശ്യം 3യും 200 കോടി ക്ലബ്ബിലും ഇടം പിടിക്കുന്ന കാഴ്ച്ചയ്ക്കും സിനിമാ ലോകം സാക്ഷ്യം വഹിച്ചിരുന്നു.

കൂട്ടത്തില്‍ പ്രേക്ഷകര്‍ ഏറ്റവും ആവേശത്തോടെ ആഘോഷമാക്കിയത് മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തി ജീത്തു ജോസഫ് സംവിധാനം ചെയ്ത് മെയ് 21ന് തിയേറ്ററുകളിലെത്തിയ ദൃശ്യം 3യാണ്. ഏഴ് ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രം രണ്ടാം ആഴ്ച്ചയിലും വന്‍ മുന്‍ മുന്നേറ്റമാണ് തിയേറ്ററുകളില്‍ കാഴ്ച്ച വെയ്ക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുക്കിയ ചിത്രത്തെ ജീത്തു ജോസഫ് ഫ്രാഞ്ചൈസിയുടെ നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ടായിരുന്നു തിയേറ്ററുകളിലെത്തിച്ചത്.

ദൃശ്യം 3. Photo: X.com

ചിത്രം വന്‍ വിജയമായതോടെ ഇതിനൊരു നാലാം ഭാഗമുണ്ടാകുമെന്നുള്ള സൂചനകളും അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. ഇപ്പോഴിതാ ദൃശ്യത്തിനൊരു പതിനഞ്ചാം ഭാഗമിറങ്ങുന്നതിനെ കുറിച്ചും അതിനൊരു റിവ്യൂ പറയുന്നതിനെക്കുറിച്ചുമുള്ള ഒരു ട്രോള്‍ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. നവനീത് ലോയര്‍ബ്രോ എന്ന ഇന്‍സ്റ്റഗ്രാം ഐ.ഡിയില്‍ നിന്നും പുറത്തുവന്ന വീഡിയോയിലാണ് രസകരമായ രീതിയില്‍ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

‘എന്റെ മക്കളെ ദൃശ്യം 15 കണ്ടു, അതിന്റെ റിവ്യൂ ആണ് കേട്ടോ ഈ വീഡിയോ. ഈ 2070ലും എന്നാ ഒരു ഇതാ. നമ്മുടെ ജോര്‍ജ് കുട്ടിയുടെ കേസ് നീട്ടി നീട്ടി കൊണ്ട് പോയ സിസ്റ്റത്തിനോട് ദേഷ്യം പിടിച്ച് അവസാനം ജഡ്ജിയെ തട്ടി പുതിയ കോടതി കോംപ്ലെക്‌സിന്റെ തറയുടെ ഉള്ളില്‍ ബോഡി ഒളിപ്പിക്കുന്നതാണ് കഥ. ഒരു രക്ഷയുമില്ല. പിന്നെ ഈ പടത്തിലെ വില്ലനാരാണെന്ന് അറിയുമോ നമ്മുടെ പഴയ നസ്‌ലെന്റെ മകനാ. ഞാന്‍ ചാവുന്നത് വരെ ഈ ഫ്രാഞ്ചൈസി അവസാനിക്കല്ലേ എന്ന ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ. എല്ലാവരും പടം കാണണം, സൂപ്പറാണേ,’ വീഡിയോയില്‍ പറയുന്നു.

ദൃശ്യം 3. Photo: District

ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനും മികച്ച പ്രതികരണം ലഭിച്ചതോടെ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത വിധത്തില്‍ കഥയെ കൊണ്ടുപോകുന്ന തിരക്കഥാകൃത്തും സംവിധായകനുമായ ജീത്തു ജോസഫിന്റെ മികവാണ് ഫ്രാഞ്ചൈസിയെ മറ്റ് ക്രൈം ത്രില്ലര്‍ ഴോണറുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മലയാള സിനിമയില്‍ വലിയ ബിസിനസ് സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ഫ്രാഞ്ചൈസിയില്‍ നിന്നും ഇനിയും ചിത്രങ്ങളുമായി അണിയറപ്രവര്‍ത്തകര്‍ എത്തുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

Content Highlight: Video goes viral which is about the review of Drishyam 15 on instagram

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.