തിരുവനന്തപുരം: ചത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ നിലപാട് തള്ളി വിശ്വഹിന്ദു പരിഷത്ത്.
അറസ്റ്റിലായ കന്യാസ്ത്രീകള്‍ തെറ്റുകാരല്ലെന്ന് രാജീവ് ചന്ദ്രശേഖറിന് എങ്ങനെ പറയാന്‍ കഴിയുമെന്ന് വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി ചോദിച്ചു.
അറിവില്ലായ്മ കാരണമാണ് ഈ വിഷയത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ബജ്റംഗ്ദളിനെ തള്ളുന്നതെന്നും കോടതിയിലിരിക്കുന്ന ഒരു കേസില്‍ എങ്ങനെയാണ് തീര്‍പ്പുപറയാന്‍ സാധിക്കുകയെന്നും അങ്ങനെയെങ്കില്‍ കോടതിയുടെ ആവശ്യം എന്താണെന്നും വിജി തമ്പി ചോദിച്ചു.
കന്യാസ്ത്രീകള്‍ ആയതുകൊണ്ടും മലയാളികള്‍ ആയതുകൊണ്ടും അവരെ ഏതു വിധേനയും രക്ഷപെടുത്തുക എന്നുള്ളതാണ് തങ്ങളുടെ നയം എന്ന ചില രാഷ്ട്രീയ സംഘടനകളുടെ സംസ്ഥാനത്തെ നയം തീര്‍ത്തും അപലപനീയമാണെന്ന് വി.എച്ച്.പി പറഞ്ഞു.
മലയാളിയാണെങ്കിലും ഏത് സംസ്ഥാനത്ത് വസിക്കുന്ന ആളാണെങ്കിലും തെറ്റ് ചെയ്യുകയാണെങ്കില്‍ ശിക്ഷിക്കപ്പെടുക എന്നുള്ളത് രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനപ്രമാണമാണ്.
അതനുസരിച്ച് ചത്തീസ്ഗഡിലെ നിയമപ്രകാരം കന്യാസ്ത്രീകള്‍ തെറ്റുചെയ്തതായി അവിടുത്തെ അന്വേഷണ സംഘത്തിന് പ്രാഥമികമായി ബോധ്യപ്പെടുകയും പ്രഥമ ദൃഷ്ട്യ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരിക്കുകയാണ്.
മനുഷ്യകടത്തിന് ഇരയായ ആദിവാസി കുട്ടികളെക്കാള്‍ പ്രാധാന്യം പ്രതികളായ കന്യാസ്ത്രീകള്‍ക്ക് നല്‍കാന്‍ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാണിക്കുന്ന വ്യഗ്രത സംശയാസ്പദമാണെന്നും വി.എച്ച്.പി പറയുന്നു.
സ്വകാര്യ തൊഴില്‍ നല്‍കാനാണ് പെണ്‍കുട്ടികളെ കൊണ്ടുപോയതെങ്കില്‍ അവരുടെ പേര് വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതായിരുന്നു അപ്രകാരം ചെയ്യാതിരുന്നതും കന്യാസ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടായ നിയമവിരുദ്ധമായ നടപടിയാണ്.
ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് വ്യക്തവുമാണ്. ഈ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കന്യാസ്ത്രീകള്‍ പ്രഥമദൃഷ്ട്യാ മനുഷ്യകടത്ത് ഉള്‍പ്പെടെയുള്ള കൃത്യങ്ങളില്‍ ഉള്‍പ്പെട്ട കുറ്റവാളികള്‍ ആണെന്ന് തന്നെയാണ്.
ഛത്തീസ്ഗഡ് നിയനിയമസഭയിലെ 35 അംഗ കോണ്‍ഗ്രസ് പ്രതിപക്ഷ നിര ഈ സംഭവവത്തില്‍ തുടരുന്ന നിശബ്ദത തന്നെ അവിടെ നടന്നത് നിയമവിരുദ്ധ നടപടിയാണെന്നതിന്റെ തെളിവാണ്.
ഇതനുസരിച്ച് കന്യാസ്ത്രീകള്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ വിചാരണ നേരിട്ട് ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാകണമെന്നും ഇരകളാക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ നിയമസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വിശ്വഹിന്ദു പരിഷത്തും അതിന്റ യുവജന സംഘടനയായ ബജറംഗ്ദള്ളും നേതൃത്വം നല്‍കുമെന്നും വി.എച്ച്.പി പറഞ്ഞിരുന്നു.
ഏജന്റ് വഴിയാണ് പെണ്‍കുട്ടികള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതെന്നും വനവാസ മേഖലയില്‍ നിന്ന് പെണ്‍കുട്ടികളെ കന്യാസ്ത്രീകളുടെ അടുത്തേക്ക് കൊണ്ടുവന്നതാണെന്നും വിജി തമ്പി പറഞ്ഞു.