തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് വെട്രിമാരന്‍. ബാലു മഹേന്ദ്രയുടെ സഹായിയായി കരിയറാരംഭിച്ച അദ്ദേഹം ധനുഷിനെ നായകനാക്കി ഒരുക്കിയ പൊല്ലാതവനിലൂടെ സ്വതന്ത്രസംവിധായകനായി മാറി. രണ്ടാമത്തെ ചിത്രമായ ആടുകളത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. തന്റെ സിനിമകളിലൂടെ ശക്തമായ രാഷ്ട്രീയം സംസാരിക്കാന്‍ വെട്രിമാരന് സാധിക്കാറുണ്ട്.
തന്റെ അടുത്ത പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കുകയാണ് വെട്രിമാരന്‍. കലൈപ്പുള്ളി എസ്. താനു നിര്‍മിച്ച് സിലമ്പരസന്‍ നായകനാകുന്ന ചിത്രമാണ് തന്റെ അടുത്ത പ്രൊജക്ടെന്ന് അദ്ദേഹം പറഞ്ഞു. വടചെന്നൈ 2 ആണ് ഈ പ്രൊജക്ടെന്ന് ചിലര്‍ പറയുന്നത് കേട്ടെന്നും എന്നാല്‍ അതല്ല സത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടചെന്നൈയുടെ അതേ ലോകത്ത് നടക്കുന്ന കഥയാണ് ഇതെന്നും ഒരേ സമയം നടക്കുന്ന കഥയായാണ് ഈ പ്രൊജക്ട് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറയുന്നു.
വട ചെന്നൈയുടെ നിര്‍മാതാവ് ധനുഷാണെന്നും അതിന്റെ കോപ്പിറൈറ്റ് മുഴുവന്‍ അദ്ദേഹത്തിനാണെന്നും വെട്രിമാരന്‍ പറഞ്ഞു. ഇങ്ങനെയൊരു കഥ സിനിമയാക്കുമ്പോള്‍ ധനുഷിന്റെ അനുമതി അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോപ്പിറൈറ്റിനെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടി ധനുഷിനെ വിളിച്ചപ്പോള്‍ അദ്ദേഹം യാതൊരു തടസവുമില്ലാതെ കോപ്പിറൈറ്റ് നല്‍കിയെന്നും അതിനായി ഒരു രൂപ പോലും വാങ്ങിയില്ലെന്നും വെട്രിമാരന്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘എല്ലാവരും ചോദിക്കുന്ന കാര്യമാണ് എന്റെ അടുത്ത പ്രൊജക്ട് ഏതാണെന്ന്. അക്കാര്യം പറയാനും മറ്റ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുമാണ് ഈ വീഡിയോ. കലൈപ്പുള്ളി താനു സാര്‍ നിര്‍മിക്കുന്ന പ്രൊജക്ടാണ് അടുത്തത്. സിലമ്പരസനാണ് അതിലെ നായകന്‍. ഇത് വടചെന്നൈ 2 ആണെന്ന തരത്തില്‍ ഒരുപാട് പോസ്റ്റുകള്‍ കണ്ടു. ഇത് ആ സിനിമയല്ല. വടചെന്നൈ 2 എന്തായാലും അന്‍പ് എന്ന കഥാപാത്രത്തെ ലീഡാക്കിക്കൊണ്ടാകും.
ഈ കഥ നടക്കുന്നത് വടചെന്നൈയുടെ അതേ ലോകത്താണ്. ആ കഥ നടക്കുന്ന അതേ സമയത്ത് തന്നെയാണ് ഈ കഥയും അരങ്ങേറുന്നത്. എല്ലാവര്‍ക്കും അറിയാം, വടചെന്നൈയുടെ നിര്‍മാതാവ് ധനുഷാണ്. ആ സിനിമയുടെ പ്രീക്വല്‍, സീക്വല്‍, സ്പിന്‍ ഓഫ് അങ്ങനെ എന്ത് ചെയ്യണമെങ്കിലും അതിന് ധനുഷിന്റെ അനുമതി വേണം. ഈ സിനിമക്ക് മുമ്പ് ഞാന്‍ ധനുഷിനെ വിളിച്ച് സംസാരിച്ചു.
‘ഇങ്ങനെ ഒരു കഥ മനസിലുണ്ട്. കോപ്പിറൈറ്റ് താങ്കളുടെ കയ്യിലാണ്. നിങ്ങള്‍ സമ്മതിച്ചാല്‍ മാത്രം ഈ കഥ ചെയ്യാം. അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഈ കഥ ചെയ്യാം’ എന്ന് പറഞ്ഞപ്പോള്‍ ‘സാര്‍, നിങ്ങള്‍ എന്താണ് ഈ പറയുന്നത്? നിങ്ങളുടെ കഥ എനിക്ക് വേണ്ടി മാറ്റണ്ട. എങ്ങനെയാണോ ഉദ്ദേശിച്ചത്, അതേ രീതിയില്‍ കഥ തയാറാക്കിക്കോളൂ’ എന്നായിരുന്നു ധനുഷിന്റെ മറുപടി. ഒരുരൂപ പോലും അദ്ദേഹം കോപ്പിറൈറ്റിനായി വാങ്ങിയില്ല,’ വെട്രിമാരന്‍ പറയുന്നു.
Content Highlight: Vetrimaran saying Dhanush didn’t take single penny for Vada Chennai copyright for his new film