ലാലേട്ടന്‍ ആ ഒരു ഷോട്ടില്‍ പേടിച്ചതുപോലെ ഒന്ന് മറ്റൊരാള്‍ക്കും ചെയ്യാനാകില്ല: വെങ്കിടേഷ്
Malayalam Cinema
ലാലേട്ടന്‍ ആ ഒരു ഷോട്ടില്‍ പേടിച്ചതുപോലെ ഒന്ന് മറ്റൊരാള്‍ക്കും ചെയ്യാനാകില്ല: വെങ്കിടേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th August 2025, 9:03 pm

റിയാലിറ്റി ഷോയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് വെങ്കിടേഷ്. 2018ല്‍ ആദ്യചിത്രത്തില്‍ അഭിനയിച്ച വെങ്കിടേഷ് മലയാളത്തില്‍ ചെറുതും വലുതമായ നിരവധി വേഷങ്ങള്‍ ചെയ്തു. വെങ്കിടേഷ് ഭാഗമായ ഏറ്റവും പുതിയ ചിത്രമാണ് കിങ്ഡം. വിജയ് ദേവരകൊണ്ട നായകനായെത്തിയ ചിത്രത്തില്‍ വില്ലനായാണ് വെങ്കിടേഷ് വേഷമിട്ടത്.

വിജയ് ദേവരകൊണ്ടക്കൊപ്പം ആദ്യാവസാനം കട്ടക്ക് പിടിച്ചുനിന്ന വെങ്കിടേഷിനെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. മുരുകന്‍ എന്ന കഥാപാത്രമായി അതിഗംഭീര പ്രകടനമായിരുന്നു വെങ്കിടേഷ് കാഴ്ചവെച്ചത്. ആദ്യ തെലുങ്ക് ചിത്രത്തില്‍ തന്നെ ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിച്ച വെങ്കിടേഷിന് തെലുങ്കില്‍ ഇനിയും അവസരങ്ങള്‍ വരുമെന്നുറപ്പാണ്. തന്നെ അത്ഭുതപ്പെടുത്തിയ പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുകായണ് വെങ്കിടേഷ്.

‘സെറ്റില്‍ എല്ലായ്‌പ്പോഴും സംവിധായകനോട് സംശയം ചോദിക്കാന്‍ മടി കാണിക്കരുതെന്നാണ് എന്റെ അഭിപ്രായം. അതിപ്പോള്‍ എന്തൊക്കെ കേള്‍ക്കേണ്ടി വന്നാലും നമ്മള്‍ ചോദിച്ചുകൊണ്ടേയിരിക്കണം. എന്താണ് എടുക്കാന്‍ പോകുന്നതെന്ന് അറിഞ്ഞാല്‍ മാത്രമേ നമുക്ക് അതിനനുസരിച്ച് ക്യാമറക്ക് മുന്നില്‍ പെരുമാറാന്‍ സാധിക്കുള്ളൂ.

ആ സീനിന് മുമ്പ് കഥാപാത്രത്തിന്റെ മാനസികാവസ്ഥ എന്തായിരുന്നു എന്നറിഞ്ഞാല്‍ മാത്രമേ അതിന്റെ തുടര്‍ച്ച നമുക്ക് കിട്ടുള്ളൂ. അത് കൃത്യമായി മനസിലാക്കി നമ്മുടെ മനസിനെ പറഞ്ഞ് പഠിപ്പിക്കണം. എന്നാല്‍ മാത്രമേ ക്യാമറക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഓരോ ഷോട്ടിലും ഏത് തരത്തിലുള്ള റിയാക്ഷന്‍ ഇടണമെന്ന് നമുക്ക് ഒരു ഐഡിയ കിട്ടുള്ളൂ. അതില്‍ എന്തൊക്കെ പുതുമ കൊണ്ടുവരാനാകും എന്ന് കൂടി ചിന്തിക്കണം.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ ലാലേട്ടന്റെ പെര്‍ഫോമന്‍സ്. പുള്ളി ഒരു സീനില്‍ പ്രേതത്തിന് കണ്ട് പേടിക്കുന്നുണ്ട്. സാധാരണയായി നമ്മള്‍ പേടിക്കുന്നതില്‍ നിന്ന് മാറി വെറൈറ്റിയായിട്ടുള്ള എക്‌സ്പ്രഷനാണ് ലാലേട്ടന്‍ ഇടുന്നത്. അത് അദ്ദേഹത്തിന് മാത്രമേ സാധിക്കുള്ളൂ. അഭിനയത്തില്‍ അത്തരത്തിലുള്ള അണ്‍ പ്രെഡിക്ടബിലിറ്റിയാണ് ഓരോ നടനെയും വ്യത്യസ്തമാക്കുന്നത്,’ വെങ്കിടേഷ് പറയുന്നു.

കിങ്ഡം ഷൂട്ടിനിടെ നടന്‍ ബാബുരാജുമൊത്തുള്ള ഷൂട്ടിങ് വിശേഷങ്ങളും വെങ്കിടേഷ് പങ്കുവെച്ചു. തന്റെ അച്ഛനായാണ് ബാബുരാജ് വേഷമിട്ടതെന്നും ഓരോ തവണ അദ്ദേഹം സെറ്റിലെത്തുമ്പോഴും താന്‍ നോക്കിയിരിക്കുമായിരുന്നെന്നും താരം പറഞ്ഞു. ഓരോ തവണ സംസാരിക്കുന്തോറും ബാബുരാജിനോട് തനിക്ക് ഇഷ്ടം തോന്നിയെന്നും നല്ല വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും വെങ്കിടേഷ് പറയുന്നു.

Content Highlight: Venkitesh VP about Mohanlal’s performance in Kilichundan Mambazham movie