കോട്ടയം: ശബരിമല സ്ത്രീപ്രവേശനത്തിലെ എന്‍.എസ്.എസിന്റെ നിലപാടില്‍ പ്രതികരിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിലപാട് വിഷയാധിഷ്ഠിതമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ ആചാരങ്ങള്‍ നടപ്പാക്കണമെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞതെന്നും സ്ത്രീപ്രവേശനം പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സ്ത്രീപ്രവേശനമെന്ന ആശയം ഉപേക്ഷിച്ചുവെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്നല്ലേ സുകുമാരന്‍ നായര്‍ തന്നെ പറയുന്നത്. അപ്പോള്‍ എന്തിനാണ് അദ്ദേഹം സര്‍ക്കാരിനെ എതിര്‍ക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
എന്‍.എസ്.എസ് നേതൃത്വം സര്‍ക്കാരിനെ നിരന്തരം എതിര്‍ത്തിരുന്നതായി തനിക്ക് തോന്നുന്നില്ല. വിഷയാധിഷ്ഠിതമായ അഭിപ്രായ പ്രകടനങ്ങളാണ് നടത്തിയിരുന്നത്.
ശബരിമല സ്ത്രീപ്രവേശനത്തില്‍ കോണ്‍ഗ്രസിന് അന്നും ഇന്നും കൃത്യമായ നിലപാടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇക്കാര്യം തന്നെയാണ് സുകുമാരന്‍ നായര്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.എസ്.എസിന്റെ നിലപാട് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണകരമാകുമെന്നാണ് തനിക്ക് തോന്നുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അരിയാഹാരം കഴിക്കുന്ന ഏതൊരു മനുഷ്യനും ജി. സുകുമാരന്‍ നായരുടെ നിലപാട് പരിശോധിച്ചാല്‍ അദ്ദേഹം സര്‍ക്കാരിന് പിന്തുണ നല്‍കുന്നുണ്ടെന്ന് മനസിലാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് വിശ്വസിക്കാമല്ലോ എന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. ഒറ്റ തവണ മാത്രമല്ലേ സര്‍ക്കാര്‍ അതിന് ശ്രമിച്ചുള്ളൂവെന്നും അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നിലപാട് മാറ്റിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പഴയ ആചാരമനുസരിച്ച് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ജനങ്ങളുടെ വികാരം സര്‍ക്കാര്‍ മനസിലാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസിന് ജാതിയോ മതമോ ഇല്ലെന്നാണ് ജി. സുകുമാരന്‍ നായര്‍ പരിഹാസ്യ രൂപേണ കഴിഞ്ഞ ദിവസം പറഞ്ഞത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായാണ് ബി.ജെ.പിയും കോണ്‍ഗ്രസും അയ്യപ്പ സംഗമം ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
എന്‍.എസ്.എസിന്റെ നാമജപ യാത്രയ്ക്ക് തുടക്കത്തില്‍ പിന്തുണ നല്‍കാതിരുന്ന കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നിലപാടുകളെയും ജി. സുകുമാരന്‍ വിമര്‍ശിക്കുകയുണ്ടായി.
ശബരിമലയിലെ ആചാര സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെങ്കിലും എല്‍.ഡി.എഫ് സര്‍ക്കാരാണ് ആചാരം സംരക്ഷിക്കാന്‍ നടപടി എടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Content Highlight: Vellappally says ldf govt has changed its stance on women’s entry into Sabarimala