വെള്ളാപ്പള്ളി പുറത്ത്; എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ഹൈക്കോടതി
Kerala
വെള്ളാപ്പള്ളി പുറത്ത്; എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ഹൈക്കോടതി
നിഷാന. വി.വി
Thursday, 12th March 2026, 11:34 am

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന വെള്ളാപ്പള്ളി നടേശനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി.

എം.കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ടി.ആര്‍ രവിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്.എന്‍.ഡി.പി യോഗം 2006 മുതല്‍ കണക്കുകള്‍ ബോധിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ ഭരണ സമിതിക്ക് തുടരാന്‍ അനുവാദമില്ലെന്ന് കാണിച്ചായിരുന്നു വെള്ളാപ്പള്ളിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ഹരജി സമര്‍പ്പിച്ചിരുന്നത്.

ഈ ഹരജിയില്‍ വാദം കേട്ട ശേഷമാണ് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

എസ്.എന്‍.ഡി.പിയില്‍ വലിയ രീതിയിലുള്ള ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളിയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും എം.കെ സാനു അടക്കമുള്ളവര്‍ വാദിച്ചിരുന്നു.

ഭരണത്തില്‍ നിന്ന് എസ്.എന്‍.ഡി.പിയെ മാറ്റി പകരം ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നാണ് ഹരജിയില്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.

വെള്ളാപ്പളളിക്ക് പുറമേ വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പളളി, യോഗം പ്രസിഡന്റ് എം.എന്‍ സോമന്‍, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവരെയും കോടതി അയോഗ്യരാക്കിയിട്ടുണ്ട്.

പുതിയ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിയമാനുസൃതമായി തെരഞ്ഞെടുപ്പ് നടത്തി പുതിയ ഡയറക്ടര്‍ ബോര്‍ഡ് നിലവില്‍ വരുന്നത് വരെ സംഘടനയുടെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഡയറക്ടര്‍മാരെ താത്കാലികമായി നാമനിര്‍ദേശം ചെയ്യാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ നടപടികള്‍ എടുക്കുന്നതിനായി ഐ.ജിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Content Highlight: Vellappally out; High Court disqualifies him from the post of SNDP Yogam General Secretary

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.