'ആ മാധ്യമപ്രവര്‍ത്തകന്‍ ഈരാറ്റുപേട്ടക്കാരനായ തീവ്രവാദി'; ഉത്തരം മുട്ടിച്ചയാളെ തീവ്രവാദിയാക്കി വെള്ളാപ്പള്ളി
Kerala
'ആ മാധ്യമപ്രവര്‍ത്തകന്‍ ഈരാറ്റുപേട്ടക്കാരനായ തീവ്രവാദി'; ഉത്തരം മുട്ടിച്ചയാളെ തീവ്രവാദിയാക്കി വെള്ളാപ്പള്ളി
രാഗേന്ദു. പി.ആര്‍
Friday, 2nd January 2026, 12:23 pm

കോട്ടയം: മലപ്പുറത്തെ സ്‌കൂളുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈരാറ്റുപേട്ടക്കാരനായ റഹീസ് റഷീദ് എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്നുവെന്നും മുസ്‌ലിങ്ങളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ടര്‍ ചാനല്‍ കാലങ്ങളായി തന്റെ ചോര ഊറ്റികുടിക്കുകയാണ്. തന്നെ എന്തിനുവേണ്ടിയാണ് ഇത്തരത്തില്‍ ആക്ഷേപിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. തന്റെ അനുഭവത്തില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘തീവ്രവാദി’ പരാമര്‍ശത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ, തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും സമയം വരുമ്പോള്‍ അവ പുറത്തുവിട്ടോളാമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

‘ഞാന്‍ മതവാദിയാണ് അല്ലെങ്കില്‍ തീവ്രവാദിയാണ് അല്ലെങ്കില്‍ മുസ്‌ലിം വിരോധിയാണ് അല്ലെങ്കില്‍ മറ്റു സമുദായത്തിന് എതിരാണെന്നല്ലാം ചര്‍ച്ച ചെയ്യാനും അത് പ്രചരിപ്പിക്കുവാനുമുള്ള ഗൂഢതന്ത്രത്തോട് കൂടിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ശ്രമിച്ചത്,’ വെള്ളാപ്പള്ളി പറഞ്ഞു.

താന്‍ ഒരു മതത്തിന് എതിരെയും സംസാരിച്ചിട്ടില്ല. അങ്ങനെ വരുത്തി തീര്‍ക്കാനാണ് മുസ്‌ലിം ലീഗ് ശ്രമിക്കുന്നത്. മലപ്പുറം ജില്ലയില്‍ തങ്ങള്‍ക്ക് സ്‌കൂളുകള്‍ ഇല്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ലീഗിന് മലപ്പുറത്ത് മാത്രം 48 സ്‌കൂളുകളാണ് ഉള്ളത്.

തങ്ങള്‍ക്ക് സംസ്ഥാനത്തുടനീളമായാണ് 17 സ്‌കൂളുകളുള്ളത്. ഈഴവര്‍ക്ക് ഒരൊറ്റ എയ്ഡഡ് കോളേജ് മാത്രേ അനുവദിച്ചിട്ടുള്ളു. ഇതിലുള്ള വിഷമമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ അടുത്ത മാറാട് കലാപം സൃഷ്ടിക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ലീഗ് സാമൂഹികനീതി നടപ്പാക്കുന്നവരല്ല. പ്രശ്നാധിഷ്ഠിതമായ അഭിപ്രായങ്ങളാണ് താന്‍ പറയുന്നത്. താന്‍ ഒരു രാഷ്ട്രീയത്തിന്റെയും ഭാഗമല്ല. ആരുടേയും വാല്‍ പിടിക്കാന്‍ തയ്യാറുമല്ല. പിണറായി വിജയന്റെ ജിഹ്വയല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സി.പി.ഐക്കെതിരായ വിമര്‍ശനവും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് പരാജയത്തെ സി.പി.ഐ പഠിക്കണം. സ്വയം പഠിക്കണം. ഈ നാട്ടിലെ പിന്നോക്കക്കാരാണ് ഇടതുപക്ഷത്തിന്റെ ശക്തി. ശരിയും തെറ്റുമെല്ലാം സി.പി.ഐ മുന്നണിയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സ്വര്‍ണക്കൊള്ള വിഷയത്തില്‍ എന്‍.എസ്.എസിന്റെ നിലപാട് തന്നെയാണ് എസ്.എന്‍.ഡി.പിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തില്‍ പൂര്‍ണ തൃപതനാണ്. താന്‍ മുമ്പേ പറഞ്ഞിട്ടുണ്ട് എ. പത്മകുമാര്‍ ശരിയല്ലെന്ന്. സ്വര്‍ണക്കൊള്ളയില്‍ കര്‍ശന നടപടി ഉണ്ടാകണം. സര്‍ക്കാരും കോടതിയും ശക്തമായി അന്വേഷിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Content Highlight: Vellappally Natesan again insult Reporter tv journalist

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.