വെള്ളാപ്പള്ളി; കോൺഗ്രസിന് സംഭവിച്ചത് സി.പി.ഐ.എമ്മിന് പാഠമാകണമെന്ന് കെ.ജെ ജേക്കബ്
Kerala
വെള്ളാപ്പള്ളി; കോൺഗ്രസിന് സംഭവിച്ചത് സി.പി.ഐ.എമ്മിന് പാഠമാകണമെന്ന് കെ.ജെ ജേക്കബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st July 2025, 8:28 am

കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിൽ സി.പി.ഐ.എം എടുക്കുന്ന നിലപാടിനെ വിമർശിച്ച് മാധ്യമ പ്രവർത്തകനായ കെ.ജെ ജേക്കബ്. വെള്ളാപ്പള്ളി നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം ഇത്തരം വിദ്വേഷ പരാമർശങ്ങളിൽ മൃദുനിലപാടെടുക്കുന്നത് പാർട്ടി തന്നെ ഇല്ലാതാക്കുന്നതിന് കാരണമാകുമെന്ന് പറഞ്ഞു.

കോൺഗ്രസിന് സംഭവിച്ച അപചയത്തെ ഉദാഹരണമാക്കികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിൽ വെള്ളാപ്പള്ളി നടേശന്റെ പേര് നൽകിയിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.

പണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാർട്ടിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസെന്നും ആ പാർട്ടി അതിന്റെ നിലപാടുമായി വർഗീയതയ്‌ക്കെതിരെ നേർക്കുനേർ നിന്നപ്പോഴൊന്നും സംഘപരിവാർ ഇവിടെ തലപൊക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ അയോധ്യയിലെ പരിവാർ പദ്ധതിയെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പാടെ തള്ളിക്കളഞ്ഞിരുന്നുവെന്നും എന്നാൽ കണക്കൊപ്പിക്കാൻ രാജീവ് ഗാന്ധി പരിവാരത്തിനു മുൻപിൽ തലകുനിച്ചപ്പോഴാണ് ഒതുങ്ങിയ അയോധ്യയിലെ പരിവാർ പദ്ധതി പിന്നെ തലപൊക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

അപ്പോഴൊക്കെ ഇടതുപക്ഷമടക്കമുള്ള മതനിരപേക്ഷ കക്ഷികൾ കോൺഗ്രസിനെ ഓർമിപ്പിച്ചുകൊണ്ടിരുന്നത് കൊടും വർഗീയതയോട് ഏതെങ്കിലും തരത്തിലുള്ള മൃദുസമീപനം കോൺഗ്രസിനെ ഇല്ലാതാക്കുമെന്നാണ്. കോൺഗ്രസ് അത് മനസിലാക്കിയില്ല. അതിന്റെ ഫലമാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

വർഗീയതയെ നേരിടാൻ കലർപ്പില്ലാത്ത മതനിരപേക്ഷ നിലപാടുകൾകൊണ്ടേ കഴിയൂവെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ ആ നിലപാടെടുക്കേണ്ടത് ഇടതുപക്ഷമാണെന്നും കൂട്ടിച്ചേർത്തു. എന്നാൽ വെള്ളാപ്പള്ളിയെപ്പോലുള്ളവരോട് ഏതെങ്കിലും തരത്തിലുള്ള മൃദു സമീപനം പുലർത്തുന്നത് ഇടതുപക്ഷ മത നിരപേക്ഷ രാഷ്ട്രീയത്തെ ദുർബലമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം വർഗീയതയോട് സന്ധി ചെയ്യുന്ന ഒരു സമീപനവും ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സി.പി.ഐ.എം സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന കണ്ടു. അതിൽ നടേശന്റെ പേരില്ല. സി.പി.ഐ.എം ഒരു കാര്യം ഓർക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാർട്ടിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ആ പാർട്ടി അതിന്റെ നിലപാടുമായി വർഗീയതയ്‌ക്കെതിരെ നേർക്കുനേർ നിന്നപ്പോഴൊന്നും സംഘപരിവാർ ഇവിടെ തലപൊക്കിയിട്ടില്ല.

കൊണ്ടുപോയി തോട്ടിലിടാൻ പണ്ഡിറ്റ് നെഹ്‌റു പറഞ്ഞപ്പോൾ ഒതുങ്ങിയ അയോധ്യയിലെ പരിവാർ പദ്ധതി പിന്നെ തലപൊക്കുന്നത് കണക്കൊപ്പിക്കാൻ രാജീവ് ഗാന്ധി പരിവാരത്തിന് മുന്നിൽ തലകുനിച്ചപ്പോഴാണ്. മറ്റൊരു കോൺഗ്രസ് പ്രധാനമന്ത്രി മനപൂർവ്വം കണ്ണടച്ചപ്പോഴാണ് ബാബ്‌റി മസ്ജിദ് അവർ പൊളിച്ചത്. അവർക്കൊപ്പം കോൺഗ്രസ് കൂടി വോട്ടു ചെയ്താണ് മതനിരപേക്ഷതയുടെ മുഖചിത്രമായിരുന്ന ഒരു പ്രധാനമന്ത്രി അധികാരത്തിന് പുറത്തേക്ക് പോയത്. അർധമനസോടെയാണെങ്കിലും അങ്ങോട്ടില്ല എന്ന് കോൺഗ്രസ് പറഞ്ഞപ്പോഴാണ് പരിവാരത്തിന്റെ അയോദ്ധ്യ പദ്ധതി പരിവാര പദ്ധതിയായി ചുരുങ്ങിയത്.

അപ്പോഴൊക്കെ ഇടതുപക്ഷമടക്കമുള്ള മതനിരപേക്ഷ കക്ഷികൾ കോൺഗ്രസിനെ ഓർമിപ്പിച്ചുകൊണ്ടിരുന്നത് കൊടും വർഗീയതയോട് ഏതെങ്കിലും തരത്തിലുള്ള മൃദുസമീപനം കോൺഗ്രസിനെ ഇല്ലാതാക്കുമെന്നാണ്. കോൺഗ്രസ് അത് മനസിലാക്കിയില്ല. അതിന്റെ ഫലമാണ് നമ്മളിപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ കാണുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ അത്രെയും പച്ച വർഗീയത മറ്റൊരു നേതാവും ഇന്ത്യയിൽ പറഞ്ഞിട്ടുണ്ടാവില്ല, ഒരുപക്ഷേ നടേശനൊഴികെ. ഒരു സ്ഥലത്തല്ല പല സ്ഥലത്ത്.

ഇലക്ഷൻ കമ്മീഷൻ നോക്കുകുത്തിയായി നിന്നു. പക്ഷേ ജനങ്ങൾ അത് അംഗീകരിച്ചില്ല. ആ പറഞ്ഞ സ്ഥലങ്ങളിലൊക്കെ ഒന്നൊഴിയാതെ ബി.ജെ.പി തോറ്റു. ഭരണഘടനാ ഭേദഗതി ചെയ്യാൻ ഭൂരിപക്ഷം വേണമെന്ന് പറഞ്ഞ് വോട്ടുചോദിച്ച പാർട്ടിയ്ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ല.

നമ്മൾ പറയുന്നത് പശുബെൽറ്റിലെ നിരക്ഷരരായ ദരിദ്ര മനുഷ്യരെപ്പറ്റിയാണ്. അവരുടെ രാഷ്ട്രീയ ബോധം മലയാളിക്കില്ല എന്ന് വിചാരിക്കരുത്.
നടേശനെക്കൊണ്ട് ഒരു സീറ്റ് ജയിപ്പിക്കാനോ തോല്പിക്കാനോ പറ്റില്ലെന്നത് പോട്ടെ. 2026ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനു അതിന്റെ സ്വന്തം രാഷ്ട്രീയത്തിന് കിട്ടുന്നതല്ലാതെ ഒരു വോട്ടെങ്കിലും കൂടുതൽ കിട്ടും എന്ന് പ്രതീക്ഷിക്കേണ്ടതില്ല. അപ്പോഴും, ജയിച്ചാലും തോറ്റാലും രാഷ്ട്രീയം ബാക്കിയുണ്ടാവുക എന്നത് പരമപ്രധാന കാര്യമാണ്.

പച്ച വർഗീയതയെ നേരിടാൻ കലർപ്പില്ലാത്ത മതനിരപേക്ഷ നിലപാടുകൾകൊണ്ടേ കഴിയൂ. കേരളത്തിൽ ആ നിലപാടെടുക്കേണ്ടത് ഇടതുപക്ഷമാണ്. ഇമ്മാതിരി പടപ്പുകളോട് ഏതെങ്കിലും തരത്തിലുള്ള മൃദുസമീപനം ഇടതുപക്ഷ മത നിരപേക്ഷ രാഷ്ട്രീയത്തെ ദുർബലമാക്കും എന്ന് ഞാൻ ഭയപ്പെടുന്നു. കേരളത്തെ കുട്ടിച്ചോറാക്കാൻ കെൽപ്പുള്ള, നേരിട്ട് എതിർത്ത് തോൽപ്പിക്കേണ്ട നിലപാടാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടേത്. ഒഴിവുകഴിവുകളില്ല. മൃദുസമീപനത്തിനു സാധ്യതകളുമില്ല,’ അദ്ദേഹം പറഞ്ഞു.

കൂടാതെ സമൂഹമധ്യത്തിലേക്ക് വെള്ളാപ്പള്ളി നടേശൻ വർഗീയതയുടെ വിഷപ്പുക നിരന്തരം വമിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും കെ.ജെ ജേക്കബ് വിമർശിച്ചു. കേരള സമൂഹത്തിലെ മൂന്നിലൊന്നോളം വരുന്ന മനുഷ്യർ ഉൾപ്പെടുന്ന സമുദായത്തെപ്പറ്റിയാണ് അയാൾ നിരന്തരം വിദ്വേഷ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. ആ വിഷസഞ്ചിയിൽ അളവ് കുറഞ്ഞിട്ടില്ല, ഇനിയും. അയാളതിപ്പോഴും നമൂഹത്തിലേക്കു ചീറ്റിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Content Highlight: Vellappally; KJ Jacob says what happened to Congress in opposing communalism should be a lesson for CPIM