കമ്മ്യൂണിസ്റ്റ് മന്ത്രിമാരെ പുകഴ്ത്തി സ്റ്റാറ്റസിട്ടെന്ന് ആരോപണം; വീണ പ്രസാദിനെ ജനം ടി.വി പുറത്താക്കണമെന്ന് കാവിപ്പട
Kerala
കമ്മ്യൂണിസ്റ്റ് മന്ത്രിമാരെ പുകഴ്ത്തി സ്റ്റാറ്റസിട്ടെന്ന് ആരോപണം; വീണ പ്രസാദിനെ ജനം ടി.വി പുറത്താക്കണമെന്ന് കാവിപ്പട
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th July 2025, 11:12 pm

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് മന്ത്രിമാരെ പുകഴ്ത്തി സ്റ്റാറ്റസിട്ടുവെന്ന് ആരോപിച്ച് ജനം ടി.വി മാധ്യമപ്രവര്‍ത്തക വീണ പ്രസാദിനെ പുറത്താക്കണമെന്ന ആഹ്വാനവുമായി സംഘപരിവാര്‍ അനുകൂല ഹാന്‍ഡില്‍.

കമ്മ്യൂണിസ്റ്റുകാര്‍ ജനം ടി.വിക്കുള്ളില്‍ വിഹരിക്കുന്നത് മാനേജ്‌മെന്റ് അറിയുന്നില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് സംഘപരിവാര്‍ ഹാന്‍ഡില്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ‘കാവിപ്പട ഒഫീഷ്യല്‍’ എന്ന ഹാന്‍ഡിലാണ് വീണ പ്രസാദിനെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ചത്.

ആരോഗ്യമേഖല അടക്കം പൂര്‍ണമായി ഒരു സംസ്ഥാനത്തെ തകര്‍ത്ത കമ്മ്യൂണിസ്റ്റ് മന്ത്രിമാരെ പുകഴ്ത്തി സ്റ്റാറ്റസിടുന്നുവെന്ന് ആരോപിച്ചാണ് വീണയെ പുറത്താക്കാൻ കാവിപ്പട ആവശ്യപ്പെടുന്നത്.

സ്വയം സേവകര്‍ എന്ത് വിശ്വസിച്ച് ജനം ടി.വിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ നല്‍കുമെന്ന ആശയങ്കയും കാവിപ്പട പ്രകടിപ്പിച്ചു. ജനം ടി.വിയെ ഹൈജാക്ക് ചെയ്യുന്ന ഇടത് ലോബിയെ പുറത്താക്കണമെന്നും കാവിപ്പട ആഹ്വാനം ചെയ്തു.

മാനേജ്‌മെന്റ് സ്റ്റാഫ് സെലക്ഷനില്‍ ശ്രദ്ധ കാണിക്കാത്തതിന്റെ തെളിവാണ് ഡെസ്‌കിലും ബ്യൂറോയിലും ചില മാധ്യമപ്രവര്‍ത്തകര്‍ കാണിക്കുന്ന വകതിരിവില്ലായ്മകളും തെറ്റുപറ്റിയെന്ന രീതിയില്‍ നടക്കുന്ന പ്ലാനിങ്ങോടെയുള്ള പല നടപടികളുമെന്നും കാവിപ്പട പറയുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ അസഭ്യം പറയുന്നതിന്റെ ലൈവ് വീഡിയോകളാണ് ഇവർ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ജനം ടി.വിയിലെ മാധ്യമപ്രവര്‍ത്തകരില്‍ പലരും കൈരളിയിലും ദേശാഭിമാനിയിലും വീക്ഷണത്തിലും ജനയുഗത്തിലുമുള്ള പത്രപ്രവര്‍ത്തകരുടെ രീതിയില്‍ എഡിറ്റോറിയല്‍ പോളിസിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കാവിപ്പട പറയുന്നു. പ്രസ് ക്ലബ്ബിലെ ജേണലിസം പി.ജി കഴിഞ്ഞ് കയറിവരുന്ന ട്രെയിനികള്‍ എന്ത് രാഷ്ട്രീയമാണ് പിന്തുടരുന്നത് എന്ന് ദേശാഭിമാനിക്ക് നോക്കാമെങ്കില്‍ എന്തുകൊണ്ട് ജനം ടി.വിക്ക് അതിന് കഴിയുന്നില്ലെന്നും കാവിപ്പട കുറ്റപ്പെടുത്തി.

ലോക്കല്‍ തലം മുതല്‍ സംസ്ഥാനതലം വരെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ബന്ധം പുലര്‍ത്തുന്ന ഇത്തരം നാലാംകിട മാധ്യമപ്രവര്‍ത്തകരെ പുറത്താക്കണമെന്നും കാവിപ്പട ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇവര്‍ ഉദ്ദേശശുദ്ധിയോടെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് മാനേജ്‌മെന്റ് പരിശോധിക്കുകയെങ്കിലും ചെയ്യണമെന്നും കാവിപ്പട നിര്‍ദേശിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈരളിക്ക് അവരുടെ നേതാക്കളുടെ കാര്യത്തില്‍ തെറ്റ് പറ്റുന്നില്ലെന്ന് പറഞ്ഞ കാവിപ്പട, എങ്ങനെയാണ് ഗവര്‍ണര്‍ക്കെതിരെ തെറിവിളിക്കുന്ന ഡി.വൈ.എഫ്.ഐക്കാരുടെ വീഡിയോ എയര്‍ ചെയ്യുന്നത് ജനം ടി.വിക്ക് ഒരു ചെറിയ തെറ്റായി കാണാന്‍ സാധിക്കുന്നതെന്നും ചോദിച്ചു.

പോസ്റ്റിന് പിന്നാലെ സംഘപരിവാർ അനുകൂല പ്രൊഫൈലുകളും വീണ പ്രസാദിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികരിക്കുന്നുണ്ട്. പലരും അധിക്ഷേപം ചൊരിഞ്ഞുകൊണ്ടാണ് വീണക്കെതിരെ നടപടി ആവശ്യപ്പെടുന്നത്.

Content Highlight: kaavippada demands Janam TV expel Veena Prasad