ഇത് നമ്മുടെ കുട്ടിപ്പട്ടാളത്തിലെ വൈറല്‍ പെണ്‍കുട്ടിയല്ലേ, 'വാഴ'യിലെ അലന്റെ പെങ്ങളെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
Malayalam Cinema
ഇത് നമ്മുടെ കുട്ടിപ്പട്ടാളത്തിലെ വൈറല്‍ പെണ്‍കുട്ടിയല്ലേ, 'വാഴ'യിലെ അലന്റെ പെങ്ങളെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
ഐറിന്‍ മരിയ ആന്റണി
Saturday, 4th April 2026, 10:09 pm

ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ ശ്രദ്ധിപ്പെട്ട ഒരു കൂട്ടം യൂവാക്കള്‍ വെള്ളിത്തിരയില്‍ ബോക്‌സ് ഓഫീസിന് തീയിടുന്ന കാഴ്ച്ചയാണ് വാഴ 2വിന് ശേഷം കാണാന്‍ സാധിക്കുന്നത്. വാഴ ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായെത്തിയ വാഴ 2 റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോള്‍ 20 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്.

നവാഗതനായ സവിന്‍ സായുടെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് വിപിന്‍ദാസാണ്. തമാശയും ഇമോഷനും ഒരുപോലെ കോര്‍ത്തിണക്കിയ ചിത്രം മികച്ച തിയേറ്റര്‍ അനുഭവം നല്‍കുന്നുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അച്ഛന്‍ മകന്‍ ബന്ധത്തിന്റെ ആഴമാണ് സിനിമയുടെ ആദ്യഭാഗം കാണിക്കുന്നതെങ്കില്‍ ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്ന ടാഗ് ലൈനോടെ എത്തിയ വാഴ 2 സഹോദര ബന്ധങ്ങളുടെ കഥയാണ് പറയുന്നത്.

ചിത്രത്തിലെ അലന്റെ പെങ്ങളായെത്തിയ വേദ ശങ്കറെന്ന കൊച്ചുമിടുക്കിയുടെ പ്രകടനം പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു പുതുമുഖമാണെന്ന് തോന്നാത്തവിധം സിനിമയില്‍ തന്റേ റോള്‍ ഭംഗിയായി വേദ ചെയ്തിട്ടുണ്ട്.

ഒരു അനിയനെ കിട്ടാനായി ഉമ്മച്ചിയുടെ പ്രസവം എപ്പോഴുണ്ടാകുമെന്ന് നോക്കിയിരുന്ന അലന് കാത്തിരിപ്പിനൊടുവില്‍ ലഭിച്ചത് ഒരു പെങ്ങളൂട്ടിയെയായിരുന്നു. ഒപ്പം ഓടി ചാടി കളിക്കാന്‍ ഒരു ആണ്‍കുട്ടിയെ കണ്ണും നട്ട് നോക്കിയിരിക്കുമ്പോഴാണ് ആഷ്‌നയുടെ വരവ്. അലനുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍ വേദയും സ്‌കോര്‍ ചെയ്യുന്നുണ്ട്. ഇന്‍ഡ്രോ സീന്‍ മുതല്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ച വേദ ഇമോഷന്‍ സീനുകളും കയ്യടക്കത്തോടെ ചെയ്തു.

ഇപ്പോഴിതാ ആ എട്ടാം ക്ലാസുകാരിയായ കൊച്ചു മിടുക്കിയെ കുറിച്ചുള്ള ഒരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കുട്ടിപ്പട്ടാളം എന്ന പ്രോഗ്രാമിലൂടെ വൈറലായ ആളാണ് വാഴയില്‍ അലന്റെ പെങ്ങളായെത്തിയത്. ഒരു സമയത്ത് മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഇഷ്ടപരിപാടികളിലൊന്നായ കുട്ടിപ്പട്ടാളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു എപ്പിസോഡില്‍ വന്നത് വേദയായിരുന്നു എന്നതാണ്  സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

എനിക്ക് ഇഷ്ടമാണ്, ‘നിനക്ക്  മുട്ട വേണോ’ എന്ന ചോദിക്കുന്ന കൊച്ച് പയ്യന്റെ എപിസോഡ് ഇന്നും പലരുടെയും മനസിലുണ്ട്. ആ  എപ്പിസോഡിലുണ്ടായിരുന്ന  കൊച്ചുമിടുക്കി വാഴയില്‍ അഭിനയിച്ച വേദയാണെന്നത് ആളുകളില്‍ കൗതുകം ഉണര്‍ത്തി. ഇത് കുട്ടിപ്പട്ടാളത്തിലെ കുട്ടി തന്നെയാണോ, പിള്ളേരൊക്കെ വലുതായി, എന്നീ കമന്റുകള്‍ പോസ്റ്റിന് താഴെ നിറയുന്നുണ്ട്.

ചിത്രത്തില്‍ ആഷ്‌നായായെത്തിയ വേദയുടെ പെര്‍ഫോമന്‍സും ചര്‍ച്ചയില്‍ നിറയുകയാണ്. ആങ്ങളയുമായി എപ്പോഴും തല്ലുകൂടുന്ന, കുറുമ്പുള്ള അനിയത്തിയെ സ്‌ക്രീനില്‍ കാണുമ്പോള്‍ നമ്മുടെ വീട്ടിലെ കുഞ്ഞനുജത്തിയെ പോലെ തോന്നും. ചിത്രത്തിലുടെനീളം വരുന്നില്ലെങ്കിലും വന്ന് പോകുന്ന ഭാഗങ്ങളിലെല്ലാം തന്റെ ഭാഗം ഭംഗിയായ വേദ അവതരിപ്പിച്ചു. ക്ലൈമാക്‌സിലെ ഇമോഷണല്‍ സീനുകളിലെ പ്രകടനവും കയ്യടക്കത്തോടെ തന്നെ ചെയ്തിട്ടുണ്ട്.

ചെറുപ്രായത്തിലെ തന്റെ പെര്‍ഫോമന്‍സ് കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തിയ വേദ ബിഗ് സ്‌ക്രീനില്‍ ഇനിയും തിളങ്ങുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

Content Highlight: Vedha Shankar, who plays Alan’s sister in Vaazha 2, wins applause for her performance

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.