വിയര്‍പ്പ് തുന്നിയിട്ട കുപ്പായമണിഞ്ഞ് നേടിയ അംഗീകാരം, കുതന്ത്രത്തിലൂടെ ആദ്യ സംസ്ഥാന പുരസ്‌കാരം നേടി വേടന്‍
Malayalam Cinema
വിയര്‍പ്പ് തുന്നിയിട്ട കുപ്പായമണിഞ്ഞ് നേടിയ അംഗീകാരം, കുതന്ത്രത്തിലൂടെ ആദ്യ സംസ്ഥാന പുരസ്‌കാരം നേടി വേടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd November 2025, 4:43 pm

തന്റെ പാട്ടുകളിലൂടെ തന്റെ രാഷ്ട്രീയം ഉറക്കെ സംസാരിച്ച് മുന്‍നിരയിലേക്ക് കടന്നുവന്നയാളാണ് വേടന്‍. അയാളുടെ രാഷ്ട്രീയത്തിനെതിരെ പലരും ഉറഞ്ഞുതുള്ളുമ്പോഴും തന്റെ പാട്ടിലൂടെ മാത്രം അതിനുള്ള മറുപടി നല്കിയ വേടന്‍ കരിയറിലെ ആദ്യ സ്റ്റേറ്റ് അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സിലെ കുതന്ത്രം എന്ന പാട്ടിനാണ് വേടന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

പാര്‍ശ്വവല്കൃത സമൂഹത്തിന്റെ പോരാട്ടങ്ങളാണ് വേടന്റെ വരികളിലൂടെ തെളിഞ്ഞുവന്നത്. വെറുമൊരു വിനോദ ഗാനം എന്നതിലുപരി ശക്തമായ രാഷ്ട്രീയമായിരുന്നു ഈ പാട്ടിലൂടെ വേടന്‍ പറഞ്ഞത്. പെരിയാറിന്റെ തീരത്തെ ഫാക്ടറികള്‍ കാരണം മലിനജലം ഉപയോഗിച്ച് ദുരിതത്തിലായ ഒരു ജനതയുടെ ചെറുത്തുനില്പാണ് ഈ പാട്ടിലൂടെ വേടന്‍ പറഞ്ഞത്.

മഞ്ഞുമ്മല്‍ ബോയ്‌സ് പറയുന്ന സൗഹൃദത്തിന്റെ ആഴവും തന്റെ വരികളില്‍ പ്രതിഫലിപ്പിക്കാന്‍ വേടന് സാധിച്ചിട്ടുണ്ട്. ‘ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ, കൂടെ പിറക്കാതെ പിറന്നവര്‍ തുണയുണ്ടല്ലോ’ എന്ന വരികളെല്ലാം അതിന് ഉദാഹരണമാണ്. പാട്ടിന്റെ തുടക്കത്തില്‍ വരുന്ന ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’ എന്ന വരിയും വലിയ രീതിയില്‍ ചര്‍ച്ചയായി.

ജാതിക്കെതിരെയും അടിച്ചമര്‍ത്തിലിനെതിരെയും നിരന്തരം കലഹിച്ച് അതിനെതിരെ കലയിലൂടെ പോരാടി മുന്‍നിരയിലേക്കെത്തിയ വേടന് ലഭിച്ച പുരസ്‌കാരം  ഒരു രാഷ്ട്രീയ പ്രസ്താവന കൂടിയാണ്. ‘ഞാന്‍ പാണനല്ല, പറയനല്ല, നീ തമ്പുരാനുമല്ല’ എന്ന് പറയുന്ന വേടന് ലഭിക്കുന്ന പുരസ്‌കാരം ഇനി വരുന്നവര്‍ക്ക് പ്രതീക്ഷയും പ്രചോദനവുമാണ്.

Content Highlight: Vedan won the State Award for Best Lyricist for Manjummel Boys