2020 ല്‍ ‘വോയ്സ് ഓഫ് ദി വോയ്സ് ലെസ്’ എന്ന പേരില്‍ തന്റെ ആദ്യ മ്യൂസിക് വീഡിയോയിലൂടെ ശ്രദ്ധിക്കപ്പെട്ട റാപ്പറും ഗാനരചയിതാവുമാണ് വേടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി. തന്റെ വരികളിലൂടെ തീ പടര്‍ത്തുന്ന വേടന് ആരാധകരേറെയാണ്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയിലെ ‘കുതന്ത്രം’ എന്ന പാട്ടിന് വരികളെഴുതി അദ്ദേഹം കൂടുതല്‍ ശ്രദ്ധ നേടി.
കഴിഞ്ഞദിവസം തന്റെ സംഗീത പരിപാടിക്കിടെ വേടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സിനിമ ചെയ്തതിന് ഇ.ഡി. റെയ്ഡ് നടത്തുന്ന കാലഘട്ടമാണിതെന്ന് വേടന്‍ പറഞ്ഞു. ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസിലാകുന്നുണ്ടോ എന്നും വേടന്‍ ചോദിച്ചു. പാട്ട് പാടിക്കഴിഞ്ഞാല്‍ താന്‍ തന്റെ വീട്ടിലേക്ക് പോകുമെന്നും സമൂഹത്തിന്റെ ഭാവി ഇപ്പോഴുള്ള യുവാക്കളിലാണെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.
സമാധാനമായിട്ട് നിങ്ങളുടെ സാമൂഹിക സാഹചര്യങ്ങളില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിവുള്ള ആളുകളായി ഇരിക്കാന്‍ കാണികളോട് വേടന്‍ പറയുന്നു. നിങ്ങളെ നിങ്ങള്‍ തന്നെ നോക്കണമെന്നും കോളേജുകളില്‍ പോയി പഠിച്ച് നല്ല അറിവുള്ളവരായി ജീവിക്കണമെന്നും വേടന്‍ പറഞ്ഞു. രാഷ്ട്രീയപരമായി നല്ല അറിവുള്ളവരായി വളരണമെന്നും വേടന്‍ പറയുന്നു.
നമ്മുടെ കാരണവന്മാര്‍ എല്ലാം പൊട്ടത്തരം വിളിച്ചുപറഞ്ഞു നടക്കുന്നവരാണെന്നും അവരെ കണ്ട് പഠിക്കരുതെന്നും വേടന്‍ പറഞ്ഞു. ഇപ്പോഴുള്ള തലമുറയില്‍ മാത്രമേ പ്രതീക്ഷയുള്ളൂവെന്നും ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ അറുബോറാണെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. ഇത്രയും കാര്യങ്ങള്‍ പറയാന്‍ വേടന്‍ കാണിച്ച ധൈര്യത്തെ പ്രശംസിച്ച് പലരും കമന്റ് ചെയ്യുന്നുണ്ട്.
‘സിനിമ ചെയ്തതിന് ഇ.ഡി. റെയ്ഡ് നടത്തുന്ന കാലഘട്ടമാണിത്. ആരെക്കുറിച്ചാണ്, എന്തിനെക്കുറിച്ചാണ് ഈ പറഞ്ഞതെന്ന് നിങ്ങള്‍ക്ക് മനസിലായോ? രണ്ട് പാട്ട് കൂടി പാടിക്കഴിഞ്ഞാല്‍ ഞാന്‍ എന്റെ കുടുംബത്തിലേക്ക് പോകും. നിങ്ങള്‍ സമാധാനമായിട്ട് നിങ്ങളുടെ സാമൂഹിക സാഹചര്യങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായിട്ട് മനസിലാക്കുക.
ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവുള്ളവരായി ജീവിക്കണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. നിങ്ങളെ നോക്കാന്‍ നിങ്ങള്‍ മാത്രമേയുള്ളൂവെന്ന് മനസിലാക്കുക. കോളേജിലൊക്കെ പഠിക്കുന്ന പിള്ളേരാണ് നിങ്ങള്‍. രാഷ്ട്രീയ കാര്യങ്ങളില്‍ അറിവുണ്ടായിരിക്കണം. നമ്മുടെ കാരണവന്മാര്‍ എല്ലാം പൊട്ടത്തരമാണ് വിളിച്ചുപറയുന്നത്. നിങ്ങളില്‍ മാത്രമേ ഇനി പ്രതീക്ഷയുള്ളൂ,’ വേടന്‍ പറഞ്ഞു.