ആരാധകരെ ആവേശത്തിലാഴ്ത്താന്‍ വേടന്‍ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോന്‍ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ’ എന്ന ഗാനമാണ് സംവിധായകന്‍ ജാഫര്‍ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറില്‍ ആഷിഖ് ബാവയും ചേര്‍ന്ന് ഇപ്പോള്‍ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് തെരുവിന്റെ മോന്‍. സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റില്‍ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോള്‍ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരില്‍ നിന്നും ലഭിച്ചത്. തെരുവിന്റെ മോന്റെ മ്യൂസിക്ക് പ്രൊഡ്യൂസര്‍ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടില്‍ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാര്‍ ആണ് ഛായാഗ്രഹണം. കശ്യപ് ഭാസ്‌ക്കറാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തില്‍ ഈയിടയായി ഉയര്‍ന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നല്കിവരുന്ന പ്ലാറ്റ്‌ഫോം ആണ് സൈന മ്യൂസിക് ഇന്‍ഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ”ഉറങ്ങട്ടെ” എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
സ്വതന്ത്ര സംഗീത ശാഖയുടെ മുന്നേറ്റത്തിനായി ഒട്ടനവധി കലാകാരന്മാര്‍ക്ക് അവരുടെ സംഗീതം പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാന്‍ ഈ മ്യൂസിക് ലേബലും, ചാനലും വഴി കഴിഞ്ഞെന്ന് ആഷിഖ് ബാവ പറയുന്നു. വേടന്റെ സംഗീതം ഇഷ്ടപ്പെടുന്നവര്‍ ഈ വീഡിയോ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു.