മൈക്കിനുവേണ്ടി തർക്കിച്ച് സതീശനും സുധാകരനും; വീഡിയോ വൈറൽ
Kerala News
മൈക്കിനുവേണ്ടി തർക്കിച്ച് സതീശനും സുധാകരനും; വീഡിയോ വൈറൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th September 2023, 11:15 am

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മൈക്കിന് വേണ്ടി തമ്മിൽ തർക്കിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും.
ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനാണ് കോട്ടയം ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനം നടത്തിയത്. ആരാദ്യം സംസാരിക്കുമെന്ന തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

പാർട്ടി യോഗത്തിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ സതീശൻ എത്തിയപ്പോൾ സുധാകരനും ഒപ്പമെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് എന്നിവരും മാധ്യമങ്ങളെ കാണാൻ വന്നിരുന്നു.

കസേരയിൽ വന്നിരുന്ന ശേഷം സതീശൻ മൈക്കുകൾ ആദ്യം തന്റെ നേരെ നീക്കി വെക്കുന്നത് വീഡിയോയിൽ കാണാം. പ്രതിപക്ഷ നേതാവിന്റെ അരികിൽ തന്നെയായിരുന്നു സുധാകരനും. തുടർന്നാണ് ഇരുവരും തമ്മിലുള്ള തർക്കം ഉണ്ടായത്. ഞാൻ തുടങ്ങാമെന്ന് വി.ഡി. സതീശൻ പറഞ്ഞപ്പോൾ വേണ്ടാ താൻ തുടങ്ങുമെന്ന് സുധാകരനും പറഞ്ഞു. തുടർന്ന് മൈക്ക് സുധാകരന് നേരെ സതീശൻ നീക്കിവെച്ചു.

ഷോൾ അണിയിക്കാൻ വന്ന കോൺഗ്രസ്‌ പ്രവർത്തകരെ വി.ഡി. സതീശൻ തടയുന്നതും വീഡിയോയിൽ കാണാം.

മാധ്യമങ്ങളുടെ ചോദ്യത്തിന് എല്ലാം പ്രസിഡന്റ് പറഞ്ഞല്ലോ, അതിൽ കൂടുതലൊന്നും തനിക്ക് പറയാനില്ല എന്നായിരുന്നു സതീശന്റെ മറുപടി.

Content Highlight: VD Satheeshan, K. Sudhakaran argument over mic; Video viral