ജീവകാരുണ്യത്തിന് പ്രാധാന്യം നല്‍കിയ, മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കാത്ത നേതാവ്: ഹൈദരലി ശിഹാബ് തങ്ങളുടെ ഓര്‍മയില്‍ വി.ഡി. സതീശന്‍
Kerala News
ജീവകാരുണ്യത്തിന് പ്രാധാന്യം നല്‍കിയ, മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കാത്ത നേതാവ്: ഹൈദരലി ശിഹാബ് തങ്ങളുടെ ഓര്‍മയില്‍ വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th March 2022, 1:47 pm

കൊച്ചി: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കാത്ത നേതാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അദ്ദേഹത്തിന്റെ മരണം അപ്രതീക്ഷിതമായിരുന്നില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

‘എല്ലാവരേയും ഒരുപോലെ വേദനപ്പെടുത്തുന്ന ഒരു കാര്യമാണ് ഹൈദരലി തങ്ങളുടെ വേര്‍പാട്. ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി ഏറ്റവും കൂടുതല്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലാണ്. പാവപ്പെട്ടവന്റെ എല്ലാ പ്രശ്‌നങ്ങളിലും അദ്ദേഹം ഇടപെട്ടു.

ശിഹാബ് തങ്ങളെ പോലെ തന്നെ ഉദാത്തമായ മതേതരത്വ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവുകൂടിയാണ് അദ്ദേഹം. എല്ലാവരും സാഹോദര്യത്തോടുകൂടി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയാണ് ഹൈദരലി തങ്ങള്‍. ആ വലിയ ദര്‍ശനം അദ്ദേഹം എല്ലാ കാലത്തും ഉള്‍ക്കൊണ്ടിരുന്നു.

മൃദുഭാഷിയായിരുന്നെങ്കിലും കര്‍ക്കശമായ നിലപാടുകള്‍ പലകാര്യങ്ങളിലും അദ്ദേഹത്തിന് ഉണ്ടായിരുന്നു. വെള്ളം ചേര്‍ക്കാതെ വിലപേശലിന് വിധേയനാവാതെ ആ കാഴ്ചപ്പാടുകള്‍ പാണക്കാട് കുടുംബത്തിലെ എല്ലാവരും ഉള്‍ക്കൊണ്ടിരുന്നു,’ അദ്ദേഹം പറഞ്ഞു.

അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ഹൈദരലി തങ്ങളുടെ അന്ത്യം. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പാണക്കാട് നിന്നുള്ള പ്രതികരണം. അങ്കമാലി ആശുപത്രിയില്‍ നിന്നുള്ള ഔദ്യോഗിക മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിട്ടില്ല.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഏറെനാള്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു അങ്കമാലിയിലേക്ക് മാറ്റിയത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇവിടെയായിരുന്നു.

12 വര്‍ഷമായി മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവിയില്‍ അദ്ദേഹമുണ്ടായിരുന്നു. 18 വര്‍ഷത്തോളം ലീഗിന്റെ മലപ്പുറം ജില്ലാ അധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.


Content Highlights: VD Satheesan says about Hydarali Shihab Thangal