സാമുദായിക ധ്രുവീകരണത്തിന് പിന്നില്‍ പിണറായിയുടെ കുത്തിതിരിപ്പ്: വി.ഡി. സതീശന്‍
Kerala News
സാമുദായിക ധ്രുവീകരണത്തിന് പിന്നില്‍ പിണറായിയുടെ കുത്തിതിരിപ്പ്: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th September 2021, 2:47 pm

തിരുവനന്തപുരം: യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താന്‍ സി.പി.ഐ.എം ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോട്ടയം നഗരസഭയില്‍ എല്‍.ഡി.എഫ് അവിശ്വാസത്തെ ബി.ജെ.പി പിന്തുണച്ചതിന് പിന്നാലെയായിരുന്നു സതീശന്റെ പ്രതികരണം.

എന്തുവില കൊടുത്തും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സി.പി.ഐ.എം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. കേരളത്തില്‍ സി.പി.ഐ.എമ്മിന്റെ യഥാര്‍ത്ഥ മുഖംമൂടി വലിച്ചുകീറപ്പെട്ടിരിക്കുന്നു.

ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐക്ക് ഒപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ച സി.പി.ഐ.എം കോട്ടയത്ത് ബി.ജെ.പിയോടൊപ്പം ചേര്‍ന്നാണ് സഖ്യമുണ്ടാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനുണ്ടാക്കിയ കുത്തിത്തിരിപ്പാണ് ഇപ്പോഴത്തെ സാമുദായിക ധ്രുവീകരണത്തിന് കാരണമെന്നും സതീശന്‍ പ്രതികരിച്ചു.

കോട്ടയം നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിനെതിരായി എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണയോടെ പാസായിരുന്നു. 29 പേരാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.

ഇതോടെ യു.ഡി.എഫിന്റെ നഗരസഭ ചെയര്‍പേഴ്സണായ ബിന്‍സി സെബാസ്റ്റ്യന് അധ്യക്ഷ സ്ഥാനം നഷ്ടമായി. യു.ഡി.എഫ് വിമതയായി മത്സരിച്ച് ജയിച്ച ബിന്‍സി പിന്നീട് യു.ഡി.എഫിന്റെ മേയര്‍ ആവുകയായിരുന്നു.

വോട്ടെടുപ്പില്‍ യു.ഡി.എഫിന്റെ 22 അംഗങ്ങള്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നു. സി.പി.ഐ.എം സ്വതന്ത്രന്റെ വോട്ട് അസാധുവായി.

ആകെ 52അംഗങ്ങളാണ് കോട്ടയം നഗരസഭയിലുള്ളത്. സ്വതന്ത്രന്‍ ഉള്‍പ്പടെ 22 അംഗങ്ങളാണ് എല്‍.ഡി.എഫിനുണ്ടായിരുന്നത്. സി.പി.ഐ.എം 16, സി.പി.ഐ രണ്ട്, കേരള കോണ്‍ഗ്രസ് എം, സ്‌കറിയ തോമസ്, കോണ്‍ഗ്രസ് എസ്, സി.പി.ഐ.എം സ്വതന്ത്രന്‍ എന്നിവര്‍ക്ക് ഒരോ അംഗങ്ങള്‍ എന്നിങ്ങനെയായിരുന്നും അംഗബലം.

ബി.ജെ.പിക്ക് എട്ട് അംഗങ്ങളാണ് സഭയില്‍ ഉള്ളത്. 22 അംഗങ്ങളുള്ള യു.ഡി.എഫില്‍ കോണ്‍ഗ്രസ് 20, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഒന്ന്, സ്വതന്ത്രര്‍ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില.

നേരത്തെ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് കോട്ടയത്ത് എല്‍.ഡി.എഫ് അവിശ്വാസത്തിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു.

ഭരണസമിതിയെ താഴെ ഇറക്കുക എന്നതാണ് ഇന്ന് പ്രധാനപ്പെട്ട കാര്യമെന്ന് കണ്ടാണ് അവിശ്വാസത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: VD Satheesan on Kottayam Muncipality No Trust Motion