സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ബി.ജെ.പി നടത്തുന്ന സമരം കാപട്യം: വി.ഡി. സതീശന്‍
Kerala News
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ബി.ജെ.പി നടത്തുന്ന സമരം കാപട്യം: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th April 2022, 4:07 pm

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ബി.ജെ.പി നടത്തുന്ന സമരം കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേന്ദ്ര മന്ത്രി വി. മുരളീധരന്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കേന്ദ്രത്തില്‍ സംസാരിക്കാതെ സമരം ചെയ്യുന്ന യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ സംസാരിക്കുന്നത് അനാവശ്യമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

പദ്ധതിക്കെതിരെ സമരം ചെയ്യാന്‍ യു.ഡി.എഫിന് ബി.ജെ.പിയുടെ പിന്തുണ ആവശ്യമില്ലെന്നും പദ്ധതിക്ക് അനുമതി നല്‍കരുതെന്ന ആവശ്യം പ്രധാന മന്ത്രിയെയും റെയില്‍വേ മന്ത്രിയെയും കണ്ട് വി. മുരളീധരന്‍ സംസാരിച്ചാല്‍ തീരുമാനം ആവില്ലേയെന്നും വി.ഡി. സതീശന്‍ ചോദിച്ചു.

സില്‍വര്‍ലൈന് അനുമതി നല്‍കില്ലെന്ന് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചാല്‍ പിന്നെ പദ്ധതിക്കെതിരെ യു.ഡി.എഫ് നടത്തുന്ന സമരം അവസാനിപ്പിക്കും.

കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമായി സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് മാറി.ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയോ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെയോ രാഷ്ട്രീയ അഭിപ്രായത്തെ മറികടന്നു കൊണ്ടുള്ള തീരുമാനമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്തത്. സി.പി.ഐ.എം കേരള ഘടകവും മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പിയുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കോണ്‍ഗ്രസ് വിരുദ്ധ തീരുമാനങ്ങള്‍ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ എടുത്തതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും ആരോപിച്ചിരുന്നു. സി.പി.ഐ.എമ്മിന്റേയും ബി.ജെ.പിയുടേയും ഇടയില്‍ ഒരു ഇടനിലക്കാരന്‍ ഉണ്ടെന്ന് തങ്ങള്‍ കരുതുകയാണെന്നും സുധാകരന്‍ പറഞ്ഞു.

അഖിലേന്ത്യ തലത്തില്‍ സി.പി.ഐ.എമ്മിനെ നിയന്ത്രിക്കുന്നത് കേരളത്തില്‍ നിന്നാണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്നതാണ് സി.പി.ഐ.എമ്മിന്റെയും ബി.ജെ.പിയുടേയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എതിര്‍ക്കുന്നവരേയും വിമര്‍ശിക്കുന്നവരേയും അടിച്ചമര്‍ത്തുകയാണ് പിണറായി. തന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുകൂലമായി പിണറായി വിജയന്‍ സാഹചര്യം സൃഷ്ടിക്കുകയാണ്. ഒരു സംസ്ഥാനത്ത് മാത്രം തുരുത്ത് പോലെ നില്‍ക്കുന്ന സി.പി.ഐ.എമ്മിന് എങ്ങനെയാണ് രാജ്യത്ത് ഉടനീളം മതേതരത്വത്തിന് വേണ്ടി പോരാടാന്‍ കഴിയുക.

കോണ്‍ഗ്രസില്‍ ഇല്ലാത്ത പ്രതിപക്ഷ സഖ്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത സ്റ്റാലിന്‍ പോലും നില്‍ക്കില്ല. കോണ്‍ഗ്രസിന്റെ പ്രസക്തി എല്ലാ പ്രതിപക്ഷ കക്ഷികളും മനസിലാക്കിയപ്പോള്‍ ആ കോണ്‍ഗ്രസിനോട് കൂട്ടുകൂടാന്‍ തങ്ങള്‍ ഇല്ലെന്ന് സി.പി.ഐ.എം പറയുമ്പോള്‍, മതേതരത്വത്തെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നുറപ്പാണെന്നും സുധാകരന്‍ പറഞ്ഞു.

Content Highlights: VD Satheesan criticizing BJP in silver line issue