എഡിറ്റര്‍
എഡിറ്റര്‍
സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്നും വി.സി ഹാരിസിനെ നീക്കി ഇടതു സിന്‍ഡിക്കേറ്റിന്റെ പ്രതികാരനടപടി; ഗൂഢാലോചനയെന്ന് ഹാരിസ്
എഡിറ്റര്‍
Saturday 5th August 2017 11:38am

കൊച്ചി: എം.ജി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. വി.സി ഹാരിസിനെ നീക്കം ചെയ്ത ഇടതുപക്ഷ സിന്‍ഡിക്കേറ്റിന്റെ നടപടി ഗൂഢാലോചനയെന്ന ആരോപണം ശക്തമാകുന്നു.

തന്നെ പുറത്താക്കാനായി ചിലര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളെ മുന്നില്‍ നിര്‍ത്തി കളിക്കുകയാരുന്നെന്നും ഇതിന് പിന്നില്‍ വിലകുറഞ്ഞ രാഷ്ട്രീയം മാത്രമാണെന്നും വി.സി ഹാരിസ് പ്രതികരിച്ചു.

ഇന്നലെയാണ് എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് മേധാവിയും എഴുത്തുകാരനും അധ്യാപകനും ചലച്ചിത്ര-നാടക, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. വി.സി ഹാരിസിനെ സിന്‍ഡിക്കേറ്റ് പുറത്താക്കിയത്.


Dont Miss ഉണ്ണികുളത്ത് ആയുര്‍വേദ കോളജ് ഇടപാടില്‍ കോടികളുടെ തട്ടിപ്പ്: ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്കെതിരെ കര്‍ഷകമോര്‍ച്ചാ നേതാവിന്റെ പരാതി


സര്‍വകലാശാല, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന് അനുവദിച്ച പുതിയ ലൈബ്രറിയുടെയും ഓഡിറ്റോറിയത്തിന്റെയും പ്രാരംഭ സര്‍വേക്കെത്തിയ സര്‍വകലാശാല ചീഫ് എന്‍ജിനീയറെ അപമാനിച്ചെന്ന് കാണിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹാരിസിനെതിരെ നടപടിയെടുത്തതെന്നും ഡിപ്പാര്‍ട്ടുമെന്റ് വികസനത്തിന് എതിരായ നിലപാട് അദ്ദേഹം സ്വീകരിച്ചെന്നും സിന്‍ഡിക്കേറ്റ് വൃത്തങ്ങള്‍ പറയുന്നു.

അതേസമയം സര്‍വകലാശാല ചീഫ് എന്‍ജിനീയറെയോ മറ്റു ഉദ്യോഗസ്ഥരെയോ താന്‍ അപമാനിച്ചിട്ടില്ലെന്നും സിന്‍ഡിക്കേറ്റ് തീരുമാനം ഇതുവരെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടില്ലെന്നും ഹാരിസ് പ്രതികരിച്ചു.

യൂണിവേഴ്സിറ്റി കാമ്പസില്‍ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഇടതുപക്ഷ അനുഭാവി കൂടിയായ ഡോ. ഹാരിസിനെ നീക്കം ചെയ്തത്.

അക്കാദമിക് കാര്യങ്ങളേക്കാള്‍ സര്‍വകലാശാലാ കാമ്പസില്‍ കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സിന്‍ഡിക്കേറ്റിന് താല്‍പ്പര്യമെന്ന് ആരോപണം വ്യാപകമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹാരിസിനെതിരായ നടപടി.

അതേസമയം ഹാരിസിനെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ക്യാമ്പസില്‍ ശക്തമായ പ്രതിഷേധ പരിപാടികളും വിദ്യാര്‍ഥികള്‍ നടത്തുന്നുണ്ട്. സിന്‍ഡിക്കേറ്റിന്റെയും വിസിയുടെയും കച്ചവട, അഴിമതി താത്പര്യങ്ങള്‍ അനുസരിക്കുന്നവരെ കൊണ്ടുവരാനുള്ള നീക്കമാണ് ഇതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സിന്‍ഡിക്കേറ്റ് പദ്ധതികളോട് ഡോ. ഹാരിസ് വിയോജിക്കുന്നതാണ് നടപടിക്കു കാരണമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. മറ്റ് പല ഡിപ്പാര്‍ട്ട്മെന്റ് അധ്യക്ഷന്‍മാരും സിന്‍ഡിക്കേറ്റ് നടപടികള്‍ക്കു മുന്നില്‍ നിശ്ശബ്ദരാവുമ്പോഴും സ്വന്തം വിയോജിപ്പുകള്‍ ഹാരിസ് തുറന്നു പറഞ്ഞതാണ് സിന്‍ഡിക്കേറ്റിനെ ചൊടിപ്പിച്ചതെന്ന് പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

മാത്രമല്ല കരാര്‍ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തു വരുന്ന ഒരു ജീവനക്കാരിയെ പിരിച്ചു വിടണം എന്നും പകരം സിന്‍ഡിക്കേറ്റ് നിര്‍ദേശിക്കുന്ന ആളെ നിയമിക്കണം എന്നുമുള്ള ഉത്തരവ് ഡോ. വിസി ഹാരിസ് അനുസരിച്ചില്ല എന്ന ആരോപണവും ഇതിനു കാരണമായതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സിന്‍ഡിക്കേറ്റ് പദ്ധതികളോട് ഡോ. ഹാരിസ് വിയോജിക്കുന്നതാണ് നടപടിക്കു കാരണമെന്നാണ് ആരോപണം. മറ്റ് പല ഡിപ്പാര്‍ട്ട്മെന്റ് അധ്യക്ഷന്‍മാരും സിന്‍ഡിക്കേറ്റ് നടപടികള്‍ക്കു മുന്നില്‍ നിശ്ശബ്ദരാവുന്ന സാഹചര്യത്തിലും വിയോജിപ്പുകള്‍ തുറന്നു പറഞ്ഞതാണ് സിന്‍ഡിക്കേറ്റിനെ ചൊടിപ്പിച്ചതെന്ന് പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

പ്രമുഖ അക്കാദമീഷ്യനും മികച്ച അധ്യാപകനും എഴുത്തുകാരനുമായ ഡോ. വിസി ഹാരിസ് ഈ വര്‍ഷം ആദ്യമാണ് ഡയരക്ടര്‍ ആയി നിയമിതനായത്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ സീനിയോറിറ്റി പ്രകാരം റൊട്ടേഷന്‍ വ്യവസ്ഥയിലാണ് സര്‍വകലാശാലാ കാമ്പസില്‍ ഡയരക്ടര്‍മാരെ നിയമിക്കുന്നത്.

അതേസമയം നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരന്വേഷണവും നടന്നിട്ടില്ലെന്നും എന്താണ് കുറ്റമെന്ന് അധികൃതര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ലെന്നും ഹാരിസ് പറഞ്ഞു.

സത്യത്തില്‍ ഇപ്പോള്‍ നടക്കുന്നത് കേവലം പുകമറയ്ക്കു പിന്നില്‍ ആരൊക്കെയോ നടത്തുന്ന ചില നാടകങ്ങളാണ്.

5 വര്‍ഷത്തിലൊരിക്കല്‍ സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റില്‍ സന്ദര്‍ശനം നടത്താറുള്ള മൂന്നംഗ സമിതി ലെറ്റേഴ്‌സ് സന്ദര്‍ശിച്ചപ്പോള്‍ അവരോടും ഞാന്‍ മോശമായി പെരുമാറിയെന്നാണ് മറ്റൊരു ആരോപണം. അവര്‍ ഇവിടെ വന്നപ്പോള്‍ ഞാനടക്കമുള്ള മുഴുവന്‍ അധ്യാപകരും സകല ഡോക്യുമെന്റ്‌സുമായാണ് നിന്നത്. അവര്‍ വരികയും കാര്യങ്ങളൊക്കെ സംസാരിക്കുകയും ചെയ്തു.സന്ദര്‍ശനം പൂര്‍ത്തിയാക്കി അവര്‍ പോയി. പിന്നെ ആ സമിതിയിലെ രണ്ടു പേരുമായും എനിക്ക് വര്‍ഷങ്ങള്‍ പഴക്കമുള്ള ആത്മബന്ധവുമുണ്ട്, ഞാന്‍ എന്റെ സുഹൃത്തുക്കളെ അപമാനിച്ചിറക്കി വിട്ടെന്നാണോ അവര്‍ പറയുന്നതെന്നും ഹാരിസ് ചോദിക്കുന്നു

എനിക്ക് മെമ്മോ അയച്ചിട്ട് കൈപ്പറ്റിയില്ലെന്നു പറയുന്നതും വാസ്തവ വിരുദ്ധമാണ്. അയച്ചെന്നു പറയുന്ന മെമ്മോ സത്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ജനറല്‍ ഇ-മെയിലിലേക്ക് അയച്ച ഒരു സന്ദേശം മാത്രമാണ്. ഞാന്‍ ഓഫീസില്‍ വരുന്നതിനു മുമ്പ് തന്നെ ഇവിടുള്ളവര്‍ അതെല്ലാം അറിഞ്ഞിരുന്നെന്നും അദ്ദേഹം പറയുന്നു.

അതിനിടെ, യൂണിവേഴ്‌സിറ്റി പ്രൊ-വൈസ് ചാന്‍സിലര്‍ ആകാനുള്ള ഡോ. ഹാരിസിന്റെ അവസരം ഇല്ലാതാക്കുക എന്ന ലക്ഷ്യവും ഇപ്പോഴത്തെ നടപടിക്ക് പിന്നിലുണ്ടെന്നാണ് സര്‍വകലാശാല വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്തിടെ യു.ജി.സി പുറപ്പെടുവിച്ച ചട്ടപ്രകാരം, സര്‍വകലാശാലയിലെ നിശ്ചിത യോഗ്യതയുള്ള മുതിര്‍ന്ന അധ്യാപകര്‍ക്ക് മാത്രമേ ഇനി പി.വി.സി ആകാന്‍ കഴിയൂ. ഇതനുസരിച്ചുള്ള യോഗ്യതയുള്ള അധ്യാപകരിലൊരാളാണ് വി.സി ഹാരിസ്.

Advertisement