എഡിറ്റര്‍
എഡിറ്റര്‍
ഉണ്ണികുളത്ത് ആയുര്‍വേദ കോളജ് ഇടപാടില്‍ കോടികളുടെ തട്ടിപ്പ്: ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്കെതിരെ കര്‍ഷകമോര്‍ച്ചാ നേതാവിന്റെ പരാതി
എഡിറ്റര്‍
Saturday 5th August 2017 11:12am


ബാലുശേരി: ഉണ്ണികുളത്ത് ആയുര്‍വേദ കോളജുമായി ബന്ധപ്പെട്ട ഭൂമിയിടപാടില്‍ ബി.ജെ.പിയുടെ രണ്ട് സംസ്ഥാന നേതാക്കളും ഒരു ജില്ലാ നേതാവും കോടികളുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് കര്‍ഷക മോര്‍ച്ചാ നേതാവിന്റെ പരാതി. ബാലുശേരിയിലെ കര്‍ഷക മോര്‍ച്ചാ സംസ്ഥാന ഭാരവാഹിയും ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗവുമായ മുതിര്‍ന്ന നേതാവാണ് സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയത്.

ഉണ്ണികുളം പഞ്ചായത്തിലെ രാജഗിരിയില്‍ സൗഖ്യ എന്ന ആയുര്‍വേദ കോളജിനും ആശുപത്രിയ്ക്കുമായി സ്ഥലം വാങ്ങുകയും കോളജിനു വേണ്ടി പണം പിരിക്കുകയും ചെയ്ത സംഭവത്തില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ഷക മോര്‍ച്ചാ നേതാവ് ബി.ജെ.പി സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയത്.

ബി.ജെ.പിയുടെ ഒരു മുന്‍ സംസ്ഥാന പ്രസിഡന്റ്, ഇപ്പോഴത്തെ സംസ്ഥാന നേതാവ് മുന്‍ ജില്ലാ പ്രസിഡന്റ് എന്നിവര്‍ രണ്ടരക്കോടി രൂപ പങ്കുവെച്ചെടുത്തെന്നാണ് പരാതി.


Must Read: വ്യാജ അപകടകഥയുണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം: പേരാമ്പ്രയില്‍ അഞ്ച് ബി.ജെ.പിക്കാര്‍ അറസ്റ്റില്‍


സെന്റിന് 23,800 രൂപയെന്ന വില പറഞ്ഞാണ് ഭൂമി വാങ്ങിയത്. എന്നാല്‍ ഷെയര്‍ ഉടമകളുടെ യോഗത്തില്‍ 43,800 രൂപയ്ക്കാണ് ഭൂമി ഇടപാട് എന്നാണ് നേതാക്കള്‍ അറിയിച്ചത്. കൂടാതെ കോളജിനുവേണ്ടി 300 പേരില്‍ നിന്നായി 600 ഷെയറുകളായി 18 കോടി രൂപ പിരിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.

ഉള്ള്യേരിയിലെ ബി.ജെ.പിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഇടപാടുകള്‍ അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. സൗജന്യമായി ലഭിച്ച ഏഴരസെന്റ് ചുളുവിലയ്ക്ക് ബിനാമി ഇടപാടിലൂടെ സംസ്ഥാന ഭാരവാഹിയായ നേതാവ് ഇടപെട്ട് വിറ്റെന്നാണ് പരാതി. ഈ ഓഫീസ് നഷ്ടപ്പെട്ടതിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ അമര്‍ഷം ശമിപ്പിക്കാന്‍ അവിടെ ഒരു കൊടിയും ബോര്‍ഡും കെട്ടിനിര്‍ത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement