ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാലു ബൂത്തില്‍ മാത്രം ഒന്നാമത്; മേയര്‍ ബ്രോയ്ക്ക്  കടക്കാനുള്ളത് വലിയ കടമ്പ, കടക്കുമെന്ന കണക്കുകൂട്ടലില്‍  ഇടതുമുന്നണി
kERALA NEWS
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാലു ബൂത്തില്‍ മാത്രം ഒന്നാമത്; മേയര്‍ ബ്രോയ്ക്ക് കടക്കാനുള്ളത് വലിയ കടമ്പ, കടക്കുമെന്ന കണക്കുകൂട്ടലില്‍ ഇടതുമുന്നണി
ന്യൂസ് ഡെസ്‌ക്
Wednesday, 9th October 2019, 5:46 pm

അഞ്ച് നിയോജ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വീറുറ്റ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍ക്കാവ്. എല്ലാ മുന്നണികളെയും സംബന്ധിച്ച് വളരെ പ്രധാനമാണ് ഈ മണ്ഡലം.

കെ. മുരളീധരന്‍ പ്രതിനീധികരിച്ചിരുന്ന മണ്ഡലം നിലനിര്‍ത്തുക എന്നതാണ് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം പ്രധാനമെങ്കില്‍, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തില്‍ ഒന്നാമതെത്താന്‍ കഴിയുമോ എന്നാണ് ബി.ജെ.പിയുടെ നോട്ടം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായി പോയ മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ ഇടതുമുന്നണിയും കരുക്കള്‍ നീക്കുന്നു.

തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സി.പി.ഐ.എം ആണ് ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തിയത്. വട്ടിയൂര്‍ക്കാവ് തിരിച്ചു പിടിക്കാന്‍ പ്രശാന്തിനെ പോലൊരു യുവസ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന അഭിപ്രായമുണ്ടാക്കാന്‍ കഴിഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ പ്രതികൂലമാണ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ആകെയുള്ള 146 ബൂത്തുകളില്‍ 85 എണ്ണത്തില്‍ ഒന്നാം സ്ഥാനം നേടിയത് യു.ഡി.എഫാണ്. 47 ബൂത്തുകളില്‍ ബി.ജെ.പി ഒന്നാമതെത്തി. 14 ബൂത്തില്‍ മാത്രമാണ് ഇടതുമുന്നണിക്ക് ഒന്നാമതെത്താന്‍ കഴിഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2016ലെ 14 ബൂത്തില്‍ നിന്ന് വെറും നാല് ബൂത്തില്‍ മാത്രം ഒന്നാം സ്ഥാനത്ത് എന്ന കണക്കിലേക്ക് ഇടതുമുന്നണിയുടെ നില മാറി. 146ബൂത്തുകളില്‍ നിന്ന് 167 ബൂത്തുകളിലേക്ക് ഉയര്‍ന്നപ്പോഴായിരുന്നു ഇത്. 86ബൂത്തില്‍ യു.ഡി.എഫ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 77 ബൂത്തില്‍ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തി.

എന്നാല്‍ ഈ കണക്കുകളെല്ലാം വി.കെ പ്രശാന്തിലൂടെ പഴങ്കഥയായി മാറുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. മുന്‍ എം.എല്‍.എയും മേയറും ബി.ജെ.പി ജില്ലാ അദ്ധ്യക്ഷനും ഏറ്റുമുട്ടുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ തീപ്പൊരി പാറും.