ട്രെയിനില്‍ നിന്നും സഹയാത്രികന്‍ തള്ളിയിട്ട ശ്രീക്കുട്ടിക്ക് നഷ്ടപരിഹാരവും സ്ഥിര ജോലിയും നല്‍കണം; റെയില്‍വേ മന്ത്രിക്ക് വി. ശിവന്‍കുട്ടിയുടെ കത്ത്
Kerala
ട്രെയിനില്‍ നിന്നും സഹയാത്രികന്‍ തള്ളിയിട്ട ശ്രീക്കുട്ടിക്ക് നഷ്ടപരിഹാരവും സ്ഥിര ജോലിയും നല്‍കണം; റെയില്‍വേ മന്ത്രിക്ക് വി. ശിവന്‍കുട്ടിയുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th November 2025, 5:55 pm

തിരുവനന്തപുരം: വര്‍ക്കലയ്ക്ക് സമീപത്ത് വെച്ച് ട്രെയിനില്‍ നിന്നും സഹയാത്രികന്‍ പുറത്തേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിക്ക് സഹായമഭ്യര്‍ത്ഥിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ കുടുംബം കടുത്ത പ്രതിസന്ധിയിലാണെന്ന് മന്ത്രി കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നു.

ശ്രീക്കുട്ടിയുടെ ദീര്‍ഘകാലത്തേക്കുള്ള പരിചരണത്തിനും പുനരധിവാസത്തിനും ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ യോഗ്യതയനുസരിച്ച് റെയില്‍വേയിലോ മറ്റ് സ്ഥാപനങ്ങളിലോ സ്ഥിരം ജോലി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

യാത്രക്കാരുടെ സുരക്ഷ റെയില്‍വേയുടെ പരമമായ ഉത്തരവാദിത്തമാണ്. ശ്രീക്കുട്ടിയെപ്പോലുള്ള ഇരകള്‍ക്ക് ഉടനടി പിന്തുണ നല്‍കേണ്ടത് ധാര്‍മ്മികവും സ്ഥാപനപരവുമായ കടമയാണ്. വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്രോട്ടോക്കോള്‍ ശക്തിപ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

മന്ത്രി വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വര്‍ക്കലയ്ക്കടുത്ത് ട്രെയിനിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തയച്ചു. ഈ അതിദാരുണമായ സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം ഉടനടി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചു.

നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ശ്രീക്കുട്ടി. റെയില്‍വേയുടെ സുരക്ഷാ പരിധിയില്‍ നടന്ന ഈ അതിക്രമം ശ്രീക്കുട്ടിയെയും കുടുംബത്തെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ട പ്രധാന കാര്യങ്ങള്‍:

ശ്രീക്കുട്ടിയുടെ ദീര്‍ഘകാല പരിചരണത്തിനും പുനരധിവാസത്തിനുമായി മതിയായതും ഗണ്യമായതുമായ സാമ്പത്തിക നഷ്ടപരിഹാരം ഉറപ്പാക്കുക.

ഈ ദുരന്തത്തിന് ശേഷം സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍, യോഗ്യതയ്ക്ക് അനുസരിച്ച് റെയില്‍വേയിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലി നല്‍കുക.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ സുരക്ഷാ പ്രോട്ടോക്കോള്‍ ശക്തിപ്പെടുത്താനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ പട്രോളിംഗ് വര്‍ദ്ധിപ്പിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കുക.

യാത്രക്കാരുടെ സുരക്ഷ റെയില്‍വേയുടെ പരമമായ ഉത്തരവാദിത്തമാണ്. ശ്രീക്കുട്ടിയെപ്പോലുള്ള ഇരകള്‍ക്ക് ഉടനടി പിന്തുണ നല്‍കേണ്ടത് ധാര്‍മ്മികവും സ്ഥാപനപരവുമായ കടമയാണ്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് വേഗത്തിലുള്ളതും അനുകൂലവുമായ നടപടി പ്രതീക്ഷിക്കുന്നു.

നവംബര്‍ രണ്ടിനാണ് കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ശ്രീക്കുട്ടി (20)യെ നടുവിന് ചവിട്ടി സഹയാത്രികനായ സുരേഷ് കുമാര്‍ എന്നയാള്‍ പുറത്തേക്ക് തള്ളിയിട്ടത്.

ട്രെയിന്‍ വര്‍ക്കലയ്ക്ക് സമീപമെത്തിയപ്പോഴായിരുന്നു സംഭവം. ശ്രീക്കുട്ടിയുടെ സുഹൃത്തായ അര്‍ച്ചനയെയും തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ സാഹസികമായി രക്ഷപ്പെടുകയായിരുന്നു.

പുറത്തേക്ക് തെറിച്ചുവീണ ശ്രീക്കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രതിയായ സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് പൊലീസ് തെളിവെടുപ്പും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

പുറത്തേക്ക് വീണ അര്‍ച്ചനയെ രക്ഷിച്ച ബീഹാര്‍ സ്വദേശി ശങ്കര്‍ പാസ്വാനെ കഴിഞ്ഞദിവസം തിരിച്ചറിഞ്ഞു.

സുരേഷ് കുമാര്‍ ട്രെയിനില്‍ നിന്ന് സിഗററ്റ് വലിച്ചിരുന്നെന്നും ഇത് ചോദ്യം ചെയ്തതിനാണ് യുവതികളെ ആക്രമിച്ചതെന്നും ദൃക്‌സാക്ഷിയായ പാസ്വാന്‍ വെളിപ്പെടുത്തിയിരുന്നു.

Content Highlight: Sreekutty, who was pushed off the train by his fellow passenger, should be given compensation and a permanent job; V. Sivankutty’s letter to the Railway Minister