​ഗ്യാൻവാപി ശിവലിം​ഗ വിവാദം: അഖിലേഷ് യാദവിലും ഉവൈസിക്കും നോട്ടീസയച്ച് വാരാണസി കോടതി
national news
​ഗ്യാൻവാപി ശിവലിം​ഗ വിവാദം: അഖിലേഷ് യാദവിലും ഉവൈസിക്കും നോട്ടീസയച്ച് വാരാണസി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th March 2023, 11:59 am

വാരാണസി: ​ഗ്യാൻവാപി മസ്ജിദിൽ നിന്നും കണ്ടെടുത്ത ശിവലിം​ഗമെന്ന് പറയപ്പെടുന്ന വസ്തുവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ധീൻ ഉവൈസി എന്നിവർക്ക് നോട്ടീസയച്ച് വാരാണസി കോടതി. അഭിഭാഷകനായ ഹരിശങ്കർ പാണ്ഡെ നൽകിയ റിവിഷൻ ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് – വി (എം.പി-എം.എൽ.എ) ഉജ്വൽ ഉപാധ്യായ് ഇവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹരജി കോടതി തള്ളുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ഹരിശങ്കർ പാണ്ഡെ റിവിഷൻ ഹരജി സമർപ്പിച്ചത്. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും മതനിന്ദയുണ്ടാക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

ഹിന്ദു മതത്തിൽ ഒരു കല്ല് എവിടെയെങ്കിലും വെക്കുകയും താഴെ ചുവന്ന കൊടി കെട്ടുകയും ചെയ്താൽ അമ്പലമായി എന്നാണ് ധാരണയെന്നായിരുന്നു അഖിലേഷ് യാദവിന്റെ പരാമർശം. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ അഖിലേഷ് യാദവിന്റെ സമനില തെറ്റിയെന്നായിരുന്നു ഇതിനോട് ബി.ജെ.പിയുടെ പ്രതികരണം.

ഗ്യാൻവാപി മസ്ജിദിൽ നിന്നും കണ്ടെടുത്തത് ഫൗണ്ടൻ ആണെന്നും ശിവലിം​ഗമല്ലെന്നും അസദുദ്ദീൻ ഉവൈസിയും പറഞ്ഞിരുന്നു.

ഗ്യാൻവാപി മസ്ജിദിന്റെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകളാണ് ഹരജി സമർപ്പിച്ചത്. ഇവരുടെ ഹരജി പരിഗണിക്കുന്നതിനിടെ പള്ളിയിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സർവേക്കെതിരെ മസ്ജിദ് കമ്മിറ്റി വലിയ രീതിയിൽ പ്രതിഷേധം ഉയർത്തുകയായിരുന്നു.

പള്ളിയിൽ സർവേ നടത്താൻ അനുവദിക്കില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. സർവേ നടത്താൻ അഭിഭാഷക സംഘത്തെ കോടതി നിയമിച്ചിരുന്നു. സർവേക്കിടയിലും വിവിധ രീതിയിൽ പ്രതിഷേധം ഉയർന്നെങ്കിലും പിന്നീട് സംഘം സർവേയുമായി മുന്നോട്ടുപോകുകയായിരുന്നു.

ഇതിനിടെ പള്ളിയിൽ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന വാദവുമായി അഭിഭാഷകർ രംഗത്തെത്തുകയായിരുന്നു. എന്നാൽ അത് ശിവലിംഗമല്ലെന്നും കണ്ടെടുത്തത് മസ്ജിദിന്റെ നമസ്‌കാര സ്ഥലത്തുള്ള ഫൗണ്ടൻ ആണെന്നുമായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ പ്രതികരണം.

Content Highlight:  Varanasi court sent notice to Akhilesh Yadav and Owaisi over Gyanvapi shivling remark