സിനിമകളില്‍ സൂപ്പര്‍സ്റ്റാറുകളെ ചീത്തവിളിച്ചിരുന്ന എന്നെ ആ പാവങ്ങള്‍ തെറ്റിദ്ധരിച്ചു: വാണി വിശ്വനാഥ്
Entertainment
സിനിമകളില്‍ സൂപ്പര്‍സ്റ്റാറുകളെ ചീത്തവിളിച്ചിരുന്ന എന്നെ ആ പാവങ്ങള്‍ തെറ്റിദ്ധരിച്ചു: വാണി വിശ്വനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th May 2025, 9:28 pm

മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടിയാണ് വാണി വിശ്വനാഥ്. ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്നായിരുന്നു വാണിയെ വിശേഷിപ്പിച്ചിരുന്നത്. സിനിമയില്‍ പലപ്പോഴും നായകനേക്കാള്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ നടിക്ക് എളുപ്പം സാധിച്ചിരുന്നു.

മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളില്‍ ഉള്‍പ്പെടെ വളരെ ശക്തമായ കഥാപാത്രങ്ങളിലായിരുന്നു വാണി എത്തിയിരുന്നത്.

താന്‍ സിനിമയില്‍ സൂപ്പര്‍സ്റ്റാറുകളെ ചീത്തവിളിക്കുന്നത് കൊണ്ട് ജീവിതത്തിലും അങ്ങനെ ആയിരിക്കാമെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടി. പണ്ട് ആക്ഷന്‍ റാണി എന്ന നിലയില്‍ കുറെ ആളുകളൊക്കെ തന്നെ പേടിച്ചിരുന്നുവെന്നും അവര്‍ പറയുന്നു.

‘ആക്ഷന്‍ കഥാപാത്രങ്ങള്‍ ആസ്വദിച്ച് തന്നെയാണ് ഞാന്‍ എന്നും ചെയ്തിരുന്നത്. പണ്ടൊക്കെ ആക്ഷന്‍ റാണി എന്ന നിലയില്‍ കുറെ ആളുകളൊക്കെ എന്നെ പേടിച്ചിരുന്നു. സെറ്റിലായാലും മറ്റേതെങ്കിലും പരിപാടിയിലായാലും അങ്ങനെ തന്നെയാണ്.

അവിടെയൊക്കെ പലരും എന്റെയടുത്തേക്ക് വെറുതേ അതുമിതുമൊന്നും പറഞ്ഞ് വരില്ലായിരുന്നു. ഞാന്‍ എന്തെങ്കിലും ആക്ഷന്‍ ചെയ്താലോ എന്നതായിരുന്നു അവരുടെയൊക്കെ പേടി.

സിനിമയില്‍ മമ്മൂക്കയെയും ലാലേട്ടനെയുമൊക്കെ ചീത്തവിളിച്ചിരുന്ന കഥാപാത്രങ്ങളല്ലേ ഞാന്‍ ചെയ്തത്. സിനിമയില്‍ സൂപ്പര്‍സ്റ്റാറുകളെ ചീത്തവിളിക്കുന്ന ഞാന്‍ ജീവിതത്തിലും അങ്ങനെയായിരിക്കാമെന്ന് ആ പാവങ്ങള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാകാം.

പിന്നെ ആക്ഷന്‍ എന്നത് വളരെ ഈസിയായി ചെയ്യാവുന്ന ഒന്നല്ല. നമ്മുടെ ശരീരം വളരെ പ്രയാസകരമായ അധ്വാനങ്ങളിലൂടെ കടത്തിവിട്ടാണ് പല വേഷങ്ങളും ചെയ്യേണ്ടിവരിക. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോള്‍ എന്റേതായ സ്‌റ്റൈലുകള്‍ക്കപ്പുറത്ത് മറ്റുപലരെയും കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്.

അതില്‍ ചില രംഗങ്ങളില്‍ മമ്മൂക്കയാണെങ്കില്‍ മറ്റിടങ്ങളില്‍ ലാലേട്ടനാകാം. രജിനികാന്തും കമല്‍ ഹാസനുമൊക്കെ അതില്‍ വരുന്നുണ്ടാകും. പക്ഷേ അതൊന്നും അവരാണെന്ന് ആര്‍ക്കും കണ്ടുപിടിക്കാനാകില്ല. അത്രമേല്‍ സൂക്ഷ്മമായി അവരെയൊക്കെ ഉള്ളിലൊളിപ്പിച്ചാണ് അതൊക്കെ ചെയ്തത്,’ വാണി വിശ്വനാഥ് പറയുന്നു.

Content Highlight: Vani Viswanath Talks About Her Films