നടൻമാർ മാത്രം ആക്ഷൻസ് അടക്കി വാണിരുന്ന മലയാള സിനിമയിൽ സ്ത്രീകൾക്കും ആക്ഷൻസ് പറ്റുമെന്ന് തെളിയിച്ച നടിയാണ് വാണി വിശ്വനാഥ്. നായകനൊപ്പമോ അല്ലെങ്കിൽ നായകനേക്കാൾ മികച്ച പ്രകടനമോ നടത്താൻ വാണിക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ മലയാളത്തിലെ ആക്ഷൻ ക്വീൻ എന്ന വിശേഷണത്തിനും വാണി ആർഹയായി.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുൻനിര നടന്മാരോടൊപ്പം അഭിനയിക്കാൻ വാണിക്ക് സാധിച്ചിരുന്നു. ഇപ്പോൾ സംവിധായകൻ ഷാജി കൈലാസിനെക്കുറിച്ച് സംസാരിക്കുകയാണ് വാണി വിശ്വനാഥ്.
തനിക്ക് ഇഷ്ടപ്പെട്ട ഡയറക്ടര്‍ ഷാജി കൈലാസ് ആണെന്നും തനിക്കൊരു ബ്രേക്ക് തന്ന ഡയറക്ടർ കൂടിയാണ് ഷാജി കൈലാസ് എന്നും വാണി പറയുന്നു. തങ്ങളോട് പെർഫോം ചെയ്യാൻ പറയുമെന്നും അതിൽ കാണുന്ന തെറ്റുകൾ മാത്രം തിരുത്തുന്ന സംവിധായകനാണ് അദ്ദേഹമെന്നും നടി പറഞ്ഞു. ബോള്‍ഡ് ആയിട്ടുള്ള വേഷങ്ങള്‍ ചെയ്യാൻ ധൈര്യം തന്നതും ഷാജി കൈലാസ് ആണെന്ന് വാണി കൂട്ടിച്ചേർത്തു. വൺ ടു ടോക്സിനോട് സംസാരിക്കുകയായിരുന്നു വാണി വിശ്വനാഥ്.
‘എനിക്ക് ഇഷ്ടപ്പെട്ട ഡയറക്ടര്‍ ഷാജി കൈലാസ് സാര്‍ ആണ്. എനിക്ക് ഒരു ബ്രേക്ക് തന്ന ഡയറക്ടറും ഷാജി കൈലാസ് സാര്‍ ആയിരുന്നു. ഞാന്‍ എവിടെ വേണമെങ്കിലും പറയും. കാരണം നമ്മളുടെ കയ്യിലേക്ക് വിട്ടുതരും പുള്ളി. എന്നിട്ട് അതില്‍ കാണുന്ന ചില തെറ്റുകള്‍ മാത്രം തിരുത്താന്‍ നോക്കും. അത്രയേ ഉള്ളു.
‘വാണിക്ക് എങ്ങനെയാണ് ചെയ്യാന്‍ പറ്റുന്നത് അതുചെയ്യൂ’ എന്ന് പറയും. എന്നിട്ട് ‘ഇത് വേണ്ട കേട്ടോ ഇങ്ങനെ ചെയ്താല്‍ മതി’ എന്ന് പറയും. എനിക്ക് ബോള്‍ഡ് ആയിട്ടുള്ള വേഷങ്ങള്‍ ചെയ്യാനുള്ള ധൈര്യം തന്നത് ഷാജി സാര്‍ ആണ്,’ വാണി വിശ്വനാഥ് പറയുന്നു.
മലയാള സിനിമയിലെ മുൻനിര സംവിധായകരിലൊരാളാണ് ഷാജി കൈലാസ്. ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രഗത്ഭനാണ് ഷാജി കൈലാസ്. കമ്മീഷണർ,മാഫിയ,നരസിംഹം,വല്യേട്ടൻ തുടങ്ങിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തത് അദ്ദേഹമാണ്.
Content Highlight: Vani Viswanath talking about Director Shaji Kailas