മലയാളസിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്നറിയപ്പെടുന്ന നടിയാണ് വാണി വിശ്വനാഥ്. 1987ല്‍ മംഗല്യ ചാര്‍ത്ത് എന്ന ചിത്രത്തിലൂടെയാണ് വാണി തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലും സ്ഥിരം സാന്നിധ്യമായി വാണി വിശ്വനാഥ് മാറി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരെപ്പോലെ ആക്ഷന്‍ രംഗങ്ങളില്‍ അമ്പരപ്പിച്ച നടിയാണ് വാണി വിശ്വനാഥ്.
ഏറെക്കാലത്തിന് ശേഷം മലയാളത്തിലേക്കുള്ള വാണിയുടെ തിരിച്ചുവരവായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ റൈഫിള്‍ ക്ലബ്ബിലേത്. ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ ഇട്ടിയാനം എന്ന കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് അവതരിപ്പിച്ചത്. വളരെ കുറച്ച് സീനുകള്‍ മാത്രമായിരുന്നെങ്കിലും ഒരുപാട് ആഘോഷിക്കപ്പെട്ട കഥാപാത്രമായി ഇട്ടിയാനം മാറി.
ചിത്രത്തിന്റെ റിലീസിന് പിന്നാലെ തന്നെ ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദിച്ചെന്ന് പറയുകയാണ് വാണി വിശ്വനാഥ്. കുറച്ചുകൂടി മുമ്പ് ഇത്തരമൊരു തിരിച്ചുവരവാകാമെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടതെന്നും വാണി വിശ്വനാഥ് പറഞ്ഞു. അത് കേട്ടപ്പോള്‍ തനിക്ക് ചെറുതായി വിഷമം തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത സമയത്ത് ചില പടങ്ങള്‍ കാണുമ്പോള്‍ അത് ചെയ്യാന്‍ തോന്നിയില്ലല്ലോ എന്ന് തോന്നിയിരുന്നെന്നും വാണി പറയുന്നു. എന്നാല്‍ അതെല്ലാം മറക്കുന്ന തരത്തില്‍ കുടുംബകാര്യങ്ങളില്‍ ബിസിയായിരുന്നെന്നും അതില്‍ നിന്ന് താന്‍ സന്തോഷം കണ്ടെത്തിയെന്നും താരം പറഞ്ഞു. ഫില്‍മിഹുഡ്‌സിനോട് സംസാരിക്കുകയായിരുന്നു വാണി വിശ്വനാഥ്.
‘2011ന് ശേഷം പിന്നെയൊരു സിനിമ ചെയ്യുന്നത് 2024ലാണ്. ഇത്രയും വര്‍ഷത്തെ ബ്രേക്കിന് ശേഷം ആദ്യം ചെയ്ത പടം ആസാദിയാണ്. അത് കഴിഞ്ഞിട്ടാണ് റൈഫിള്‍ ക്ലബ്ബ് ചെയ്തത്. പക്ഷേ, ആദ്യം റിലീസായത് റൈഫിള്‍ ക്ലബ്ബായിരുന്നു. ആ പടത്തിലെ വേഷം നല്ലതായിരുന്നു. ഒരുപാട് പേര്‍ ആ സിനിമ കണ്ടിട്ട് വിളിച്ച് അഭിനന്ദിച്ചു. പക്ഷേ, അവര്‍ പറഞ്ഞ ഒരു കാര്യം കേട്ട് വിഷമമായി. ‘ഈ തിരിച്ചുവരവ് കുറച്ച് നേരത്തെയാകാമായിരുന്നു’ എന്നായിരുന്നു അവര്‍ പറഞ്ഞത്.
അത് കേട്ടപ്പോള്‍ എനിക്കും തോന്നിയിരുന്നു, കുറച്ചുകൂടെ നേരത്തെ തിരിച്ചുവരാമായിരുന്നു. പിന്നെ ബ്രേക്ക് എടുത്ത സമയത്ത് ചില സിനിമകളൊക്കെ കാണുമ്പോള്‍ അതൊന്നും നമുക്ക് ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന് ആലോചിച്ച് സങ്കടം വരും. പിന്നെ അതിനെക്കാള്‍ സന്തോഷം തരുന്ന കാര്യമാണ് മക്കളെ നോക്കുന്നത്. അതില്‍ ബിസിയായിരുന്നു. പക്ഷേ, ഈ സമയത്തൊക്കെ സിനിമകള്‍ ഫോളോ ചെയ്തിട്ടുണ്ടായിരുന്നു,’ വാണി വിശ്വനാഥ് പറഞ്ഞു.
Content Highlight: Vani Viswanath shares the comment she heard after Rifle Club movie release