1987ല്‍ മംഗല്യ ചാര്‍ത്ത് എന്ന ചിത്രത്തിലൂടെ തന്റെ സിനിമാജീവിതം ആരംഭിച്ച നടിയാണ് വാണി വിശ്വനാഥ്. പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലും സ്ഥിരം സാന്നിധ്യമായി വാണി വിശ്വനാഥ് മാറി. മലയാളസിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്നും വാണി വിശ്വനാഥ് അറിയപ്പെട്ടു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരെപ്പോലെ ആക്ഷന്‍ രംഗങ്ങളില്‍ അമ്പരപ്പിച്ച നടിയാണ് വാണി വിശ്വനാഥ്.
സിനിമയില്‍ പലപ്പോഴും നായകനേക്കാള്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ നടിക്ക് എളുപ്പം സാധിച്ചിരുന്നു. എം. അലി നിര്‍മിച്ച് ഷാജി കൈലാസ് സംവിധാനം നിര്‍വഹിച്ച് 1995 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദി കിങ്. മമ്മൂട്ടിയായിരുന്നു സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ചിത്രത്തില്‍ വാണി വിശ്വനാഥും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ ദി കിങ് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് വാണി വിശ്വനാഥ്. അന്ന് മമ്മൂട്ടിയുടെ കൂടെ താന്‍ അങ്ങ് അഭിനയിച്ചതാണെന്നും എന്നാല്‍ ഇന്ന് നോക്കുമ്പോള്‍ അത് തനിക്കൊരു അത്ഭുതമായി തോന്നുന്നുണ്ടെന്നും വാണി വിശ്വനാഥ് പറയുന്നു. അന്ന് മറിച്ചൊന്നും ആലോചിച്ചിട്ടില്ലെന്നും ഡയലോഗുകള്‍ തരുമ്പോള്‍ താന്‍ അത് പോലെ അഭിനയിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. ഇന്ന് തനിക്ക് സിനിമ കാണുമ്പോള്‍ കുറച്ചൊക്കെ താന്‍ പേടിക്കണമായിരുന്നുവെന്ന് തോന്നുമെന്നും വാണി വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘അപ്പോള്‍ അഭിനയിക്കുമ്പോള്‍ അങ്ങ് അഭിനയിച്ചെന്നെ ഉള്ളു. പക്ഷേ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഞാന്‍ ആരുടെ കൂടെയാണ് ഈ അഭിനയിച്ചത് എന്ന് വിചാരിക്കും. കാരണം അന്ന് അങ്ങനെയൊന്നും ആലോചിക്കില്ല മമ്മൂക്ക വരുന്നു, ഞാന്‍ അഭിനയിക്കുന്നു അത്രയെ ഞാന്‍ വിചാരിക്കുന്നുള്ളു. പക്ഷേ ഇന്ന് ആലോചിക്കുമ്പോള്‍ അന്നൊക്കെ ഞാന്‍ കുറച്ച് പേടിച്ച് നില്‍ക്കണമായിരുന്നല്ലേ എന്നൊക്കെ തോന്നും. പക്ഷേ അന്ന് ഒരു പേടിയൊന്നും ഇല്ല. വരുക ഡയലോഗ് പറയുക അങ്ങനെയെ ഉള്ളൂ. ഇന്ന് നോക്കുമ്പോള്‍ മമ്മൂക്കയുടെ കൂടെയൊക്കെ ഞാന്‍ അഭിനയിച്ചോ എന്ന് ആലോചിച്ചിട്ടുണ്ട്,’ വാണി വിശ്വനാഥ് പറയുന്നു.
Content Highlight: Vani Vishwanath is talking about the movie The King.