വന്ദേഭാരത് വിവാദം: ആര്‍.എസ്.എസ് ഗീതമൊരു വിവാദ ഗാനമല്ല; പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്
Kerala
വന്ദേഭാരത് വിവാദം: ആര്‍.എസ്.എസ് ഗീതമൊരു വിവാദ ഗാനമല്ല; പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th November 2025, 2:40 pm

തിരുവനന്തപുരം: വന്ദേഭാരതിന്റെ ഉദ്ഘാടനത്തില്‍ ആര്‍.എസ്.എസ് ഗീതം ആലപിച്ചതിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് എന്‍.എസ് നുസൂര്‍. എന്ത് മനോഹരമായാണ് കുട്ടികള്‍ ഗീതം പാടിയതെന്നും അതൊരു വിവാദ ഗാനമല്ലെന്നും നുസൂര്‍ പറഞ്ഞു.

എന്തിനാണ് ഈ ഗാനം ആര്‍.ആര്‍.എസിന് തീറെഴുതുന്നതെന്നും അവര്‍ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നുസൂര്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് രംഗത്തെത്തിയത്.

‘എന്ത് മനോഹരമായാണ് കുട്ടികള്‍ ഈ ഗാനം പാടിയത്. അത് ഒരിക്കലും ഒരു വിവാദഗാനം അല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ക്യാമ്പുകളില്‍ ഈ ഗാനം പാടിയിരുന്നു.

ഇന്നും അത് തുടര്‍ന്ന് വരുന്നുമുണ്ട്. പിന്നെന്തിനാണ് ഈ ഗാനം ആര്‍.എസ്.എസിന് തീറെഴുതുന്നത്. അവര്‍ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി എല്ലാവരും മാറ്റിയെ തീരൂ. ഗാനം ആലപിച്ച കൂട്ടുകാര്‍ക്ക് ആശംസകള്‍ നേരുന്നു,’ എന്‍.എസ്. നുസൂര്‍ പറഞ്ഞു.

ശനിയാഴ്ച (ഒക്ടോബര്‍ 8 ) എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ആര്‍.എസ്.എസ് ഗീതം ആലപിച്ചത്. കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചിരുന്നു.

ഉദ്ഘാടനശേഷം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഗീതം ആലപിച്ചത്. ഇതിന്റെ വീഡിയോ ദേശഭക്തിഗാനം ആലപിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്ന തലക്കെട്ടില്‍ സതേണ്‍ റെയില്‍വേ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ഇത് വലിയ വിവാദമായതോടെ സതേണ്‍ റെയില്‍വേ വീഡിയോ പിന്‍വലിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ തന്നെ ഇതേ വീഡിയോ എക്സില്‍ റീ പോസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ സി.പി.ഐ.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.എസ്. സനോജ് എന്നിവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസമന്ത്രി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്.

അതേസമയം, കേന്ദ്രസഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരും വിദ്യാര്‍ത്ഥികളെ അനുകൂലിച്ചും രംഗത്തെത്തി. കൂടാതെ, ഗീതം ആലപിച്ചതിനെചൊല്ലിയുണ്ടായ വിവാദം വിദ്യാര്‍ത്ഥികള്‍ക്ക് മാനസികാഘാതം സൃഷ്ടിച്ചെന്ന് എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.പി ഡിന്റോയും പറഞ്ഞു.

Content Highlight: Vande Bharat controversy: RSS Geetam is not a controversial song; Congress leader supports it