ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്ലിയോടുള്ള തന്റെ ആരാധന തുറന്ന് പറഞ്ഞിരിക്കുകയാണ് യുവവിസ്മയം വൈഭവ് സൂര്യവംശി. ഐ.പി.എല്ലില്‍ വിരാടിനെ ഗ്രൗണ്ടില്‍ കണ്ടുമുട്ടിയപ്പോഴുണ്ടായ അനുഭവത്തെകുറിച്ചാണ് വൈഭവ് സംസാരിച്ചത്.
കോഹ്ലി തന്റെ തോളില്‍ കൈവച്ച നിമിഷം ഒരു സ്വപ്നം പോലെ തോന്നിയെന്നാണ് വൈഭവ് പറഞ്ഞത്. വിരാട് തനിക്ക് നല്‍കിയ വലിയ ഉപദേശങ്ങളെക്കുറിച്ചും വൈഭവ് സംസാരിച്ചു. രാജസ്ഥാന്‍ റോയല്‍സിന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വിഡിയോയില്‍ സംസാരിക്കുകയായിരുന്നു വൈഭവ്.
‘സത്യം പറഞ്ഞാല്‍ വിരാട് ഭയ്യ എന്റെ തോളില്‍ കൈവച്ചപ്പോള്‍ അതൊരു സ്വപ്നം പോലെയാണ് എനിക്ക് തോന്നിയത്. മുമ്പ് ഞാന്‍ ആര്‍.സി.ബിയുടെയും വിരാട് കോഹ്ലിയുടെയും വലിയ ആരാധകനായിരുന്നു. അദ്ദേഹം എന്നോട് സംസാരിച്ച രീതി വളരെ പ്രത്യേകതയുള്ളതായിരുന്നു. ഒരു സഹോദരനെന്ന നിലയില്‍ അദ്ദേഹം എന്നെ മനസ്സിലാക്കി. ഞാന്‍ എന്താണ് നന്നായി ചെയ്യുന്നതെന്നും, ഏത് കാര്യങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടണം, എന്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, ഭാവിയില്‍ എന്ത് ചെയ്യണമെന്നും അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. ആ നിമിഷം എനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല,’ വൈഭവ് സൂര്യവംശി പറഞ്ഞു.
2026 ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി മിന്നും പ്രകടനമായിരുന്നു വൈഭവ് നടത്തിയത്. ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് വൈഭവ് നേടിയത്. 48.50 എന്ന മികച്ച ആവറേജിലും 237.3 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.
2026 ഐ.പി.എല്‍ സീസണില്‍ പല ചരിത്രങ്ങളും തിരുത്തിയെഴുതിയ വൈഭവ് തന്നെയാണ് ഓറഞ്ച് ക്യാപ്പും കൈപ്പിടിയിലാക്കിയത്. ഇതിന് പുറമെ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്‌സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളും താരം സ്വന്തം പേരിലാക്കിയിരുന്നു.
ഈ പ്രകടനങ്ങള്‍ക്ക് പിന്നാലെ വൈഭവ് ഇന്ത്യന്‍ ടീമിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അയര്‍ലാന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള പരമ്പരയിലും ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലുമാണ് വൈഭവ് ഇടം നേടിയത്.
വൈഭവ് സൂര്യവംശി. Photo: The Cricket Panda/x.com
അയര്‍ലാന്‍ഡിനെതിരെ കളത്തിലിറങ്ങിയാല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും 15കാരന്‍ മാറും. ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് വൈഭവിന് മുന്നില്‍ തകര്‍ന്ന് വീഴുക. 1989ല്‍ പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ അരങ്ങേറ്റം.
അയര്‍ലാന്‍ഡിനെതിരെ ജൂണ്‍ 26നും 28നുമാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ ജൂലൈ ഒന്ന് മുതല്‍ 11വരെയുള്ള അഞ്ച് ടി-20കളും ഇന്ത്യ കളിക്കും.
Content Highlight: Vaibhav Suryavanshi has opened up about his admiration for Virat Kohli