2013ല്‍ സഞ്ജു, 2026ല്‍ വൈഭവ്; രാജസ്ഥാനൊപ്പം ചരിത്രമെഴുതി സൂര്യവംശി
Cricket
2013ല്‍ സഞ്ജു, 2026ല്‍ വൈഭവ്; രാജസ്ഥാനൊപ്പം ചരിത്രമെഴുതി സൂര്യവംശി
Sudev A
Monday, 1st June 2026, 6:47 pm

2026 ഐ.പി.എല്‍ ആവേശകരമായി അവസാനിച്ചിരിക്കുകയാണ്. ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം വീണ്ടും സ്വന്തമാക്കി. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ വീഴ്ത്തിയാണ് ആര്‍.സി.ബിയുടെ കിരീട നേട്ടം.

ചെന്നൈ സൂപ്പര്‍ കിങ്സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം ഐ.പി.എല്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമാണ് ബെംഗളൂരു. ഇത് രണ്ടാം തവണയാണ് രജത് പാടിദാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരു കിരീടനേട്ടത്തിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്ത്തിയായിരുന്നു ആര്‍.സി.ബിയുടെ കിരീട നേട്ടം.

ഈ സീസണില്‍ ആരാധകരെ ഏറെ വിസ്മയിപ്പിച്ചത് രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശിയായിരുന്നു. മുന്നിലെത്തുന്ന ഏത് ബൗളറെയും ഒരു ഭയവുമില്ലാതെ അനായാസം നേരിട്ടുകൊണ്ടാണ് വൈഭവ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ഈ ഐ.പി.എല്ലില്‍ ലോകോത്തര ബൗളര്‍മാരെല്ലാം വൈഭവിന്റെ ബാറ്റിന്റെ ശക്തിയറിഞ്ഞു.

ടൂര്‍ണമെന്റിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും വൈഭവ് തന്നെയാണ്. 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയുമാണ് താരം ഈ സീസണില്‍ സ്വന്തമാക്കിയത്.

എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 97 റണ്‍സും രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 96 റണ്‍സും നേടി വൈഭവ് തിളങ്ങിയിരുന്നു. സെഞ്ച്വറിക്കരികിലെത്തിയാണ് വൈഭവ് മടങ്ങിയത്.

ഓറഞ്ച് ക്യാപ്പിന് പുറമെ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളും താരം സ്വന്തം പേരിലാക്കി. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി എമര്‍ജിങ് പ്ലയെര്‍ അവാര്‍ഡ് നേടുന്ന മൂന്നാമത്തെ താരമാണ് വൈഭവ്. 2013ല്‍ മുന്‍ നായകന്‍ സഞ്ജു സാംസണും 2023ല്‍ യശ്വസി ജെയ്സ്വാളുമാണ് ഇതിന് മുമ്പ് റോയല്‍സിനായി ഈ നേട്ടം കൈവരിച്ചത്.

ഐ.പി.എല്ലില്‍ എമര്‍ജിങ് പ്ലയെര്‍ അവാര്‍ഡ് സ്വന്തമാക്കിയ താരം, ടീം, വര്‍ഷം

ശ്രീവാസ്ത ഗോസാമി-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-2008

രോഹിത് ശര്‍മ-ഡെക്കാന്‍ ചാര്‍ജേഴ്‌സ്-2009

സൗരഭ് തിവാരി-മുംബൈ ഇന്ത്യന്‍സ്-2010

ഇഖ്ബാല്‍ അബ്ദുല്ല-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-2011

മന്‍ദീപ് സിങ്-പഞ്ചാബ് കിങ്സ്-2012

സഞ്ജു സാംസണ്‍-രാജസ്ഥാന്‍ റോയല്‍സ്-2013

അക്സര്‍ പട്ടേല്‍-പഞ്ചാബ് കിങ്സ്-2014

ശ്രേയസ് അയ്യര്‍-ദല്‍ഹി ഡെയര്‍ ഡെവിള്‍സ്-2015

മുസ്തഫിസുര്‍ റഹ്‌മാന്‍-സണ്‍റൈസേഴ്സ് ഹൈദരാബാദ്-2016

ബേസില്‍ തമ്പി-ഗുജറാത്ത് ലയണ്‍സ്-2017

റിഷബ് പന്ത്-ദല്‍ഹി ഡെയര്‍ ഡെവിള്‍സ്-2018

ശുഭ്മന്‍ ഗില്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-2019

ദേവ്ദത്ത് പടിക്കല്‍-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-2020

ഋതുരാജ് ഗെയ്ക്വാദ്-ചെന്നൈ സൂപ്പര്‍ കിങ്സ്-2021

ഉമ്രാന്‍ മാലിക്-സണ്‍റൈസേഴ്സ് ഹൈദരാബാദ്-2022

യശ്വസി ജെയ്സ്വാള്‍-രാജസ്ഥാന്‍ റോയല്‍സ്-2023

നിതീഷ് കുമാര്‍ റെഡ്ഢി-സണ്‍റൈസേഴ്സ് ഹൈദരാബാദ്-2024

സായ് സുദര്‍ശന്‍-ഗുജറാത്ത് ടൈറ്റന്‍സ്-2025

വൈഭവ് സൂര്യവംശി-രാജസ്ഥാന്‍ റോയല്‍സ്-2026

 

Content Highlight: Vaibhav Suryavamshi is the third Rajasthan Royals Player to won emerging player award in IPL

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.