2026 ഐ.പി.എല്ലില്‍ എലിമിനേറ്റര്‍ കടമ്പ കടന്ന് രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 47 റണ്‍സിന് തകര്‍ത്താണ് റിയാന്‍ പരാഗും സംഘവും എലിമിനേറ്റര്‍ കടന്നത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഹൈദരാബാദിന്റെ മുന്നില്‍ ഉയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ഇന്നിങ്‌സ് 19.2 ഓവറില്‍ 196 റണ്‍സില്‍ അവസാനിച്ചു.
Same place. Same time. Milte hai parso 👊💗 pic.twitter.com/kNaASi08DW
— Rajasthan Royals (@rajasthanroyals) May 27, 2026
മത്സരത്തില്‍ വൈഭവ് സൂര്യവംശി വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. വൈഭവ് 29 പന്തില്‍ 97 റണ്‍സാണ് ഓറഞ്ച് ആര്‍മിക്കെതിരെ അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്. സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെ വൈഭവ് പുറത്താവുകയായിരുന്നു. പ്രഫുല്‍ ഹിന്‍ജെയുടെ പന്തില്‍ സ്മരണ്‍ രവിചന്ദ്രന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ഐ.പി.എല്ലിലെ വേഗതയേറിയ സെഞ്ച്വറി നേടാമായിരുന്ന സുവര്‍ണാവസരമായിരുന്നു വൈഭവിന് നഷ്ടമായത്.
We have no words for you, Vaibhav Sooryavanshi 🔥
Baby Boss, FOR REAL! 💗😭 pic.twitter.com/RX6hBRU4bv
— Rajasthan Royals (@rajasthanroyals) May 27, 2026
ഈ നേട്ടത്തില്‍ ഒന്നാമതുള്ളത് വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ്. 30 പന്തില്‍ നിന്നുമായിരുന്നു സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നത്. ഒരു പന്തകലെ ഈ റെക്കോഡ് തകര്‍ക്കാമായിരുന്ന നിമിഷത്തിലാണ് വൈഭവ് പുറത്തായത്.
സെഞ്ച്വറി നേടാനായില്ലെങ്കിലും വൈഭവ് നേടിയ ’97’ എന്ന സംഖ്യ ഇന്നും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അല്‍പം സ്‌പെഷ്യലാണ്. വൈഭവ് 97 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ അല്‍പ്പം പുറകോട്ട് സഞ്ചരിച്ചിട്ടുണ്ടാവും.
ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും മലയാളി താരം സഞ്ജു സാംസണും നേടിയ 97 റണ്‍സിന്റെ ഐക്കോണിക് ഇന്നിങ്സുകള്‍ ഇന്നും ക്രിക്കറ്റ് ആരാധകരില്‍ ആവേശമുണര്‍ത്തുന്നതാണ്.
2011 ഐ.സി.സി ഏകദിന ലോകകപ്പ് ഫൈനലിലായിരുന്നു ഗംഭീറിന്റെ ഇന്നിങ്സ് പിറന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ശ്രീലങ്കക്കെതിരെയായിരുന്നു ഗംഭീറിന്റെ ഇതിഹാസ ഇന്നിങ്സ്. ശ്രീലങ്ക ഉയര്‍ത്തിയ 274 റണ്‍സിലേക്ക് ബാറ്റെടുത്ത ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കറെയും വിരേന്ദര്‍ സെവാഗിനെയും ഇന്ത്യക്ക് നഷ്ടമായി.

ഗൗതം ഗംഭീർ
ഈ സമ്മര്‍ദഘട്ടത്തില്‍ ക്രീസിലെത്തിയ ഗംഭീര്‍ 97 റണ്‍സ് നേടിയാണ് ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചത്. ഒമ്പത് ഫോറുകളായിരുന്നു ഗംഭീറിന്റെ ബാറ്റില്‍ നിന്നും പിറന്നത്. സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെ തിസാര പെരേരയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ ഇന്ത്യ വിജയം കൈപ്പിടിയിലാക്കിയിരുന്നു. ഈ ലോകകപ്പ് വിജയത്തില്‍ ഗംഭീറിന്റെ 97 റണ്‍സ് അതിനിര്‍ണായകമായിരുന്നു.
2026 ടി-20 ലോകകപ്പിലായിരുന്നു ഇന്ത്യന്‍ ആരാധകര്‍ സഞ്ജു സാംസണിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സിന് സാക്ഷിയായത്. ലോകകപ്പിലെ സൂപ്പര്‍ ഏട്ടിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു സഞ്ജുവിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച ഇന്നിങ്സ് പിറന്നത്. 50 പന്തില്‍ നാല് സിക്സും 12 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 97 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

സഞ്ജു സാംസൺ
സെഞ്ച്വറിക്ക് വെറും മൂന്ന് റണ്‍സ് അകലെ കളി അവസാനിച്ചെങ്കിലും സെഞ്ച്വറിയേക്കാള്‍ വിലമതിക്കുന്ന പ്രകടനമാണ് സഞ്ജു നിര്‍ണായക മത്സരത്തില്‍ കാഴ്ചവെച്ചത്. ഫോം മങ്ങിയതുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടയിലാണ് സഞ്ജുവിന്റെ ഈ മാച്ച് വിന്നിങ് പ്രകടനം എത്തിയത്.
ക്രിക്കറ്റില്‍ പല ഇന്നിങ്സുകളും സെഞ്ച്വറിയേക്കാള്‍ വലുതായി ഓര്‍മിക്കപ്പെടും. അത്തരത്തിലൊരു വിസ്മയമായ പ്രകടനമാണ് വൈഭവ് എലിമിനേറ്ററില്‍ പുറത്തെടുത്തത്. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും വൈഭവിന്റെ ബാറ്റില്‍ നിന്നും വെടിക്കെട്ട് പ്രകടനം ഉണ്ടാവുമെന്ന് തന്നെയാണ് ക്രിക്കറ്റ് ലോകം ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Vaibhav Suryavamshi create a iconic innings in T20 cricket
