ഒരു സെഞ്ച്വറിയോ ഇരട്ട സെഞ്ച്വറിയോ ട്രിപ്പിള്‍ സെഞ്ച്വറിയോ നേടിയിട്ടും ടീം വിജയിച്ചില്ലെങ്കില്‍ ആ റണ്‍സിന് ഒരു വിലയുമില്ലെന്ന് തന്റെ അച്ഛന്‍ കുട്ടിക്കാലത്ത് തന്നോട് പറഞ്ഞെന്ന് രാജസ്ഥാന്‍ സൂപ്പര്‍ താരം വൈഭവ് സൂര്യവംശി. താന്‍ 80 റണ്‍സ് നേടി ടീം വിജയിക്കുമ്പോള്‍ സെഞ്ച്വറിയേക്കാള്‍ വലുതാണെന്നും 15 വയസുകാരനായ താരം പറഞ്ഞു.
‘ഒരു സെഞ്ച്വറിയോ ഇരട്ട സെഞ്ച്വറിയോ ട്രിപ്പിള്‍ സെഞ്ച്വറിയോ നേടിയിട്ടും ടീം വിജയിച്ചില്ലെങ്കില്‍ ആ റണ്‍സിന് ഒരു വിലയുമില്ല എന്ന് കുട്ടിക്കാലം മുതല്‍ അച്ഛന്‍ എന്നോട് പറയാറുണ്ട്. അത് ടീമിന് ഗുണം ചെയ്യുന്നില്ല, വ്യക്തിഗത റെക്കോഡിന് മാത്രമാണ് ഗുണം. ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്.
ഞാന്‍ സെഞ്ച്വറിക്ക് പകരം 80 റണ്‍സ് നേടിയപ്പോള്‍ എന്റെ ടീം വിജയിച്ചാല്‍, എനിക്കത് സെഞ്ച്വറി നേടുന്നതിനേക്കാള്‍ വലുതാണ്. എന്റെ ടീം ടൂര്‍ണമെന്റിന്റെ പ്ലേഓഫിലേക്കും ഫൈനലിലേക്കും കടക്കുമ്പേള്‍ സെഞ്ച്വറികള്‍ നേടാനും ആഗ്രഹിക്കുന്ന റെക്കോഡുകള്‍ നേടാനുമുള്ള സാധ്യതകള്‍ വര്‍ധിക്കും. അതിനാല്‍, അത് എനിക്കും ടീമിനും ഗുണം ചെയ്യും,’ ജിയോ സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു വൈഭവ്.
We have no words for you, Vaibhav Sooryavanshi 🔥
Baby Boss, FOR REAL! 💗😭 pic.twitter.com/RX6hBRU4bv
— Rajasthan Royals (@rajasthanroyals) May 27, 2026
അതേസമയം ഐ.പി.എല്ലില്‍ ഇന്ന് രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിലുള്ള മത്സരം നടക്കുക. നിര്‍ണായക മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും പ്രതീക്ഷിക്കുന്നില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ വമ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ കളത്തിലിറങ്ങുന്നത്. സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയുടെ പ്രകടനം കാണാനായാണ് ആരാധകര്‍ കാത്തിരിക്കുന്നതും.
എലിമിനേറ്ററില്‍ ഓറഞ്ച് ആര്‍മിക്കെതിരെ 29 പന്തില്‍ 97 റണ്‍സ് നേടി വമ്പന്‍ പ്രകടനമായിരുന്നു 15 വയസുകാരനായ വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്.
അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തില്‍ പല റെക്കോഡുകളും വൈഭവ് സ്വന്തമാക്കിയിരുന്നു. ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടിയ ക്രിസ് ഗെയ്ലിനെ മറികടക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
സീസണില്‍ 15 ഇന്നിങ്സില്‍ 680 റണ്‍സുമായി നിലവില്‍ താരം ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ ഒന്നാമതാണ്. 242.86 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. 2025ല്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച വൈഭവ് നിലവില്‍ 22 മത്സരത്തില്‍ നിന്ന് 932 റണ്‍സാണ് ഇതുവരെ നേടിയത്. 103 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ രണ്ട് സെഞ്ച്വറികളാണ് താരത്തിന്റെ പേരിലുള്ളത്. അഞ്ച് അര്‍ധ സെഞ്ച്വറിയും വൈഭവിനുണ്ട്.
Content Highlight: Vaibhav Sooryavanshi Talking About His Cricket Mindset
