വടകര വാഹനാപകടം; കോമയിൽ കഴിയുന്ന ഒമ്പതുകാരിക്ക് ഒരു കോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
Kerala
വടകര വാഹനാപകടം; കോമയിൽ കഴിയുന്ന ഒമ്പതുകാരിക്ക് ഒരു കോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th November 2025, 6:10 pm

കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോമയിൽ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്ക് ഒരു കോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി.

വടകര എം.എ.സി.ടി (മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യുണൽ കോടതി) കോടതിയാണ് ഉത്തരവിട്ടത്. ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി.

ഹിറ്റ് ആൻഡ് റൺസ് സ്‌കീം പ്രകാരം അമ്പതിനായിരം രൂപ കുടുംബത്തിന് ലഭിച്ചിരുന്നെന്നും നിലവിൽ കുട്ടിയുടെ ചെലവിനും മറ്റും 25 ലക്ഷം രൂപ റിലീസ് ചെയ്യാൻ കഴിയുമെന്നും ബാക്കി തുക ദൃഷാനയുടെ പേരിൽ നിക്ഷേപിക്കുമെന്നും അഭിഭാഷക ഫൗസിയ പറഞ്ഞു.

കോടതിയുടെ മേൽനോട്ടത്തിൽ മാത്രമേ തുക റിലീസ് ചെയ്യാൻ കഴിയുള്ളുവെന്നും അഭിഭാഷക കൂട്ടിച്ചേർത്തു.

കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിലുള്ള വിക്‌ടിം റൈറ്സ് സെന്ററിന്റെ ഭാഗമായി പ്രവർത്തിച്ചതുകൊണ്ടാണ് ഈ കേസിൽ കാര്യമായി തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞതെന്ന് ഫൗസിയ പറഞ്ഞു.

2024 ഫെബ്രുവരി 17ന് രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. വടകര ചോറോടിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ദൃഷാനയെയും മുത്തശ്ശി ബേബിയേയും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിച്ചിടുകയായിരുന്നു. ബേബി സംഭവസ്ഥലത്തുവെച്ച് മരണപ്പെട്ടിരുന്നു.

ഒമ്പത് വയസുകാരിയായ ദൃഷാനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കണ്ണൂർ മേലെ ചൊവ്വ സ്വദേശികളാണിവർ ഇവർ.

ആറുമാസത്തോളം ദൃഷാന മെഡിക്കൽ കോളേജിൽ കോമയിൽ തുടരുകയായിരുന്നു. ഇടിച്ചിട്ട കാർ കണ്ടെത്താത്തതിനാൽ ഇൻഷുറൻസ് തുക കിട്ടാത്ത സ്ഥിതിയായിരുന്നു കുടുംബത്തിനുണ്ടായിരുന്നത്.

Content Highlight: Vadakara road accident: Court orders compensation of Rs 1.15 crore to nine-year-old girl in coma