കോഴിക്കോട്: കസ്റ്റഡിയിലെടുത്ത സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വടകര ഡി.വൈ.എസ്.പി ഉമേഷിന് സസ്പെന്‍ഷന്‍. ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റേതാണ് നടപടി.
പാലക്കാട് ക്രൈംബ്രാഞ്ചാണ് ഉമേഷിനെതിരായ പരാതി അന്വേഷിച്ചത്. ശേഷം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് പാലക്കാട് എസ്.പി അജിത് കുമാറിനും അദ്ദേഹമത് ഡി.ജി.പിക്കും കൈമാറി.
ചെര്‍പ്പുളശ്ശേരി സി.ഐ ബിനു തോമസിന്റെ മരണത്തെ തുടര്‍ന്നാണ് ഉമേഷിനെതിരായ വിവരങ്ങള്‍ ലഭിക്കുന്നത്. നവംബര്‍ 15ന് ബിനുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് ബിനുവിന്റെ ഫോണും ആത്മഹത്യ കുറിപ്പും കണ്ടെടുത്തിരുന്നു.
ഈ ആത്മഹത്യ കുറിപ്പിലാണ് ഉമേഷിനെതിരായ ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിരുന്നത്. ബിനുവും ഡി.വൈ.എസ്.പി ഉമേഷും എസ്.ഐയായും സി.ഐയായും ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്ത് നാല് പുരുഷന്മാരെയും ഒരു സ്ത്രീയേയും അനാശാസ്യത്തിന് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ബിനു തോമസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അന്ന് സി.ഐ ആയിരുന്ന ഉമേഷ് വിഷയത്തില്‍ ഇടപെടുകയും കേസ് രജിസ്റ്റര്‍ ചെയ്യാതെ ഇവരെ വിട്ടയക്കുകയും ചെയ്തു.
എന്നാല്‍ അന്ന് രാത്രി തന്നെ ഈ സ്ത്രീയുടെ വീട്ടിലെത്തിയ ഉമേഷ് അവരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നത്. ആത്മഹത്യ കുറിപ്പിലെ ആരോപണങ്ങളില്‍ അന്വേഷണം നടത്തിയ പൊലീസ് സ്ത്രീയുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടയച്ചു, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഉമേഷിനെതിരായ റിപ്പോര്‍ട്ടില്‍ ഉള്ളത്. സ്ത്രീയില്‍ നിന്ന് ഉമേഷ് കൈക്കൂലി വാങ്ങിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം തടയുന്നതിന് ഡി.ജി.പിയില്‍ നിന്ന് ബാഡ്ജ് ഓഫ് ഹോണര്‍ അവാര്‍ഡ് നേടിയ ഉദ്യോഗസ്ഥനാണ് ഉമേഷ്.
Content Highlight: Vadakara DySP Umesh suspended for allegedly harassing a woman in custody