സൂപ്പര്‍താരങ്ങളെക്കാള്‍ കണ്ടന്റിനാണ് പ്രാധാന്യമെന്ന് ഒരിക്കല്‍ കൂടി മലയാളസിനിമ തെളിയിച്ചിരിക്കുകയാണ്. പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗത സംവിധായകന്‍ സവിന്‍ സാ അണിയിച്ചൊരുക്കിയ വാഴ 2 ഓരോ ദിവസം കഴിയുന്തോറും ബോക്‌സ് ഓഫീസില്‍ ഗംഭീര മുന്നേറ്റം നടത്തുകയാണ്. റിലീസ് ചെയ്ത് 10ാം ദിവസം പിന്നിടുമ്പോള്‍ 120 കോടിയിലേറെ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.
ഈ വര്‍ഷം മോളിവുഡിലെ രണ്ടാമത്തെ 100 കോടി എന്ന നേട്ടമാണ് വാഴ 2 സ്വന്തമാക്കിയത്. റിലീസ് ചെയ്ത് ആറാം ദിവസമാണ് ബോക്‌സ് ഓഫീസിലെ എലീറ്റ് ക്ലബ്ബിലേക്ക് ചിത്രം നടന്നുകയറിയത്. എന്നാല്‍ സമ്മര്‍ വെക്കേഷന്റെ ആനുകൂല്യവും മറ്റ് റിലീസുകളില്ലാത്തതും വാഴ 2ന് ഗുണമായിരിക്കുകയാണ്. ഇതേ രീതിയില്‍ മുന്നോട്ടുപോയാല്‍ മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി വാഴ 2 മാറുമെന്നാണ് കണക്കുകൂട്ടല്‍.
നിലവില്‍ കേരളത്തില്‍ നിന്ന് മാത്രം 71.5 കോടിയോളം ചിത്രം നേടിക്കഴിഞ്ഞു. ഇന്‍ഡസ്ട്രി ഹിറ്റിലേക്ക് ഇനി 50 കോടി മാത്രമാണ് വാഴ 2ന് വേണ്ടത്. കേരളത്തില്‍ നിന്ന് മാത്രം ഓരോ ദിവസവും ഏഴ് കോടിക്ക് മുകളില്‍ വാഴ 2 നേടുന്നുണ്ട്. നിലവില്‍ ഇന്‍ഡസ്ട്രി ഹിറ്റായ ലോകഃ ചാപ്റ്റര്‍ വണ്ണിനെ മറികടക്കാന്‍ 50.5 കോടിയാണ് വാഴ 2ന് വേണ്ടത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ മൂന്നാമത്തെ സിനിമയായി വാഴ 2 മാറുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ഈ നേട്ടം ആദ്യം സ്വന്തമാക്കിയ തുടരുമിനെ അധികം വൈകാതെ വാഴ 2 മറികടക്കാനും സാധ്യതയുണ്ട്. 47.5 കോടിയാണ് തുടരുമിനെ മറികടക്കാന്‍ വാഴ 2ന് വേണ്ടത്. ഈ രണ്ട് സിനിമകളെയും ചിത്രം മറികടന്നാല്‍ അടുത്ത ചരിത്രമാകുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. ആരും തൊടില്ലെന്ന് കരുതിയ ബെന്‍സിന്റെ റെക്കോഡ് നീലി തകര്‍ത്തതും നീലിയെ തൊടാന്‍ ആര്‍ക്കുമാകില്ലെന്ന ചിന്തയെ വാഴ 2 തകര്‍ത്തതും സിനിമാപേജുകളിലെ ചര്‍ച്ചാവിഷയമാണ്.
കുഞ്ചാക്കോ ബോബന് ശേഷം പുതുമുഖ നടന്‍ ഇന്‍ഡസ്ട്രി ഹിറ്റ് നേടുന്നതും രാജമാണിക്യത്തിന് ശേഷം ഒരു പുതുമുഖ സംവിധായകന്‍ ഇന്‍ഡസ്ട്രി ഹിറ്റ് നേടുന്നതും വാഴ 2ലൂടെ കാണാന്‍ സാധിച്ചേക്കും. വിഷു റിലീസായെത്തുന്ന പള്ളിച്ചട്ടമ്പി, ഒരു ദുരൂഹ സാഹചര്യത്തില്‍ എന്നീ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് പ്രകടനവും വാഴ 2ന്റെ ഇന്‍ഡസ്ട്രി ഹിറ്റ് സാധ്യതകളെ ബാധിച്ചേക്കും.
വാഴയുടെ ആദ്യഭാഗത്തിന്റെ അതേ ടെംപ്ലേറ്റില്‍ തന്നെയാണ് രണ്ടാം ഭാഗവും കഥപറയുന്നത്. കേരളത്തിലെ മിഡില്‍ ക്ലാസ് യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളെ വളരെ നല്ല രീതിയില്‍ വരച്ചിട്ട ചിത്രം എല്ലാതരം പ്രേക്ഷകരും ഏറ്റെടുത്തു. മറ്റ് ഇന്‍ഡസ്ട്രികളെ ഒരിക്കല്‍ കൂടി ഞെട്ടിക്കാന്‍ വാഴ 2 എന്ന കൊച്ചു സിനിമയിലൂടെ മോളിവുഡിന് സാധിച്ചെന്ന് തന്നെ പറയാം.
Content Highlight: Vaazha 2 has high chances to become the another industry hit in Mollywood