ബ്രിട്ടീഷുകാര്‍ കൊന്ന കള്ളനും കൊലപാതകിയും സ്വാതന്ത്ര്യസമര സേനാനികളാണോ? വാരിയന്‍ കുന്നത്തിനെ അധിക്ഷേപിച്ച് വി. മുരളീധരന്‍
Malabar rebellion
ബ്രിട്ടീഷുകാര്‍ കൊന്ന കള്ളനും കൊലപാതകിയും സ്വാതന്ത്ര്യസമര സേനാനികളാണോ? വാരിയന്‍ കുന്നത്തിനെ അധിക്ഷേപിച്ച് വി. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th August 2021, 3:44 pm

കോഴിക്കോട്: വാരിയന്‍ കുന്നനടക്കമുള്ള മലബാര്‍ സമര നേതാക്കളെ ആക്ഷേപിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. വാരിയന്‍ കുന്നന്‍ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആളാണെന്ന് മുരളീധരന്‍ പറഞ്ഞു.

‘സ്വന്തം നാട്ടിലെ നിരപരാധികളായ ഹിന്ദുക്കളെ അരിഞ്ഞു തള്ളിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏതു നിലയിലാണ് ഭഗത് സിംഗിന് തുല്യനാവുന്നത്? ഏതെങ്കിലുമൊരു ഇന്ത്യക്കാരനെ (പൊലീസ് ഉദ്യോഗസ്ഥരെയടക്കം ) ഭഗത് സിംഗ് വധിച്ചതായി എം.ബി രാജേഷിനും സി.പി.ഐ.എമ്മിനും ചൂണ്ടിക്കാട്ടാനാവുമോ?,’ മുരളീധരന്‍ ചോദിച്ചു.

ബ്രിട്ടീഷുകാരെ എതിര്‍ത്ത എല്ലാവരും ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെന്നാണോ കമ്യൂണിസ്റ്റുകാര്‍ പറയുന്നതെന്നും ബ്രിട്ടീഷുകാര്‍ കൊന്ന കള്ളനോ കൊലപാതകിയോ പോലും ആ കണക്കില്‍പ്പെടുമോയെന്നുമാണ് കേന്ദ്രമന്ത്രി ചോദിക്കുന്നത്.

ബി.ജെ.പി ഇന്ത്യന്‍ ഭരണഘടന പ്രകാരമാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ എന്നിവരുള്‍പ്പെടെയുള്ള 387 ‘മാപ്പിള രക്തസാക്ഷിക’ളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനെതിരെ എല്‍.ഡി.എഫും യു.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എന്‍ട്രികള്‍ അവലോകനം ചെയ്ത മൂന്നംഗ സമിതിയുടേതാണ് തീരുമാനം. 1921 ലെ സമരം ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് തോന്നിയതിനാല്‍ നീക്കം ചെയ്യാന്‍ സമിതി ശുപാര്‍ശ ചെയ്തതായാണ് വിവരം.

മതപരിവര്‍ത്തനത്തെ ലക്ഷ്യം വെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുവെന്നാണ് മലബാര്‍ സമരത്തെക്കുറിച്ച് സമിതി പറയുന്നത്. സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ദേശീയതയ്ക്ക് അനുകൂലമല്ലെന്നും ബ്രിട്ടീഷ് വിരുദ്ധവുമല്ലെന്നും സമിതി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അജ്ഞത അപരാധമല്ല… പക്ഷേ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി നടിക്കുന്ന അജ്ഞത സമൂഹത്തോടാകെ ചെയ്യുന്ന അപരാധമാണ്…. കേരള നിയമസഭാ സ്പീക്കറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നാലു വോട്ടിനു വേണ്ടി ഇപ്പോള്‍ ചെയ്യുന്നത് അതാണ്…

ചരിത്രത്തെ വളച്ചൊടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമം കാലം പൊറുക്കില്ല…ആസേതു ഹിമാചലം ഭാരതമെന്ന ഏക രാഷ്ട്രത്തിനായി ജീവന്‍ വെടിഞ്ഞ ധീരദേശാഭിമാനിയും ഏറനാട്ടില്‍ മാപ്പിളരാജ്യമുണ്ടാക്കാന്‍ ശ്രമിച്ചയാളും ഒരു പോലെയെന്ന് സ്ഥാപിക്കുന്നത് എന്തിനെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് വ്യക്തമാണ്…

സ്വന്തം നാട്ടിലെ നിരപരാധികളായ ഹിന്ദുക്കളെ അരിഞ്ഞു തള്ളിയ വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏതു നിലയിലാണ് ഭഗത് സിങ്ങിന് തുല്യനാവുന്നത് ? ഏതെങ്കിലുമൊരു ഇന്ത്യക്കാരനെ (പോലീസ് ഉദ്യോഗസ്ഥരെയടക്കം ) ഭഗത് സിങ്ങ് വധിച്ചതായി എം.ബി രാജേഷിനും സിപിഎമ്മിനും ചൂണ്ടിക്കാട്ടാനാവുമോ ?

ഏതെങ്കിലുമൊരു മനുഷ്യനെ മതപരിവര്‍ത്തനം നടത്താന്‍ ഭഗത് സിങ്ങ് പീഢിപ്പിച്ചതായി ചരിത്രരേഖയിലുണ്ടോ ? ഇസ്ലാമിക ശരിയ നിയമപ്രകാരമോ മറ്റേതെങ്കിലും മതനിയമപ്രകാരമോ എല്ലാവരും ജീവിക്കണമെന്ന് ഭഗത് സിങ്ങ് ശഠിച്ചിട്ടുണ്ടോ ? ഇതെല്ലാം ചെയ്ത വാരിയംകുന്നന്‍ എങ്ങനെ ഭാരതമെന്ന ഒറ്റ വികാരത്തെ മാത്രം മുന്‍നിര്‍ത്തി ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയ ഭഗത് സിങ്ങിന് തുല്യനാകും ?

ബ്രിട്ടീഷുകാരെ എതിര്‍ത്ത എല്ലാവരും ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെന്നാണോ കമ്മ്യൂണിസ്റ്റ് പക്ഷം ? ബ്രിട്ടീഷുകാര്‍ കൊന്ന കള്ളനോ കൊലപാതകിയോ പോലും ആ കണക്കില്‍പ്പെടുമോ ?

ശരിയ നിയമപ്രകാരമുള്ള രാഷ്ട്ര നിര്‍മ്മാണത്തിനായി പോരാടിയവരാണ് സ്വാതന്ത്ര്യസമര സേനാനികളെന്ന സിപിഎം കണ്ടെത്തല്‍ ഗംഭീരമായി…! ഇസ്ലാമിക രാഷ്ട്രത്തിനായി പോരാടിയവരെ ധീരദേശാഭിമാനികളായി കാണുന്നവരാണ് ബിജെപിയെ മതേതരത്വം പഠിപ്പിക്കുന്നത്…..!

ഭാരതീയ ജനതാപാര്‍ട്ടി ഇന്ത്യന്‍ ഭരണഘടന പ്രകാരമാണ് രാജ്യം ഭരിക്കുന്നതെന്ന് കമ്മ്യൂണിസ്റ്റുകാര്‍ മറക്കരുത്…പാര്‍ലമെന്റില്‍ ഭഗത് സിങ്ങിന്റെ പ്രതിമ സ്ഥാപിച്ചത് സിപിഎം മുന്‍കയ്യെടുത്താണെന്ന് രാജേഷ് അഭിമാനിക്കുന്നു !

നാളെ വാരിയംകുന്നന്റെ പ്രതിമയും പാര്‍ലമെന്റിലോ അല്ലെങ്കില്‍ അദ്ദേഹം സഭാനാഥനായ കേരളനിയമസഭയിലോ സ്ഥാപിക്കും എന്നാണോ പറഞ്ഞുവയ്ക്കുന്നത് എന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു !


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: VaariyanKunnan V Muralidharan 1921 Malabar Rebellion