247 കിലോമീറ്റര്‍ സഞ്ചരിച്ച് പുതുപ്പള്ളിയില്‍ പോയ ആര്യാടന്‍ ഷൗക്കത്ത് എന്ത് കൊണ്ട് വി.വി. പ്രകാശിന്റെ വീട്ടില്‍ പോയില്ല, ആ പടി ചവിട്ടാന്‍ ഭയം കാണും: വി.വസീഫ്
നിലമ്പൂര്‍: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് മുന്‍ ഡി.സി.സി. പ്രസിഡന്റും നിലമ്പൂരില്‍ നേരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്ത അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി. പ്രകാശിന്റെ വീട് സന്ദര്‍ശിക്കാത്തതില്‍ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്.
247 കിലോമീറ്റിര്‍ സഞ്ചരിച്ച് പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ സന്ദര്‍ശനം നടത്തിയ ആര്യാടന്‍ ഷൗക്കത്തിന് എന്ത് കൊണ്ടാണ് മണ്ഡലത്തിനകത്ത് തന്നെയുള്ള വി.വി. പ്രകാശിന്റെ വീട്ടില്‍ പോകാന്‍ കഴിയാത്തതെന്ന് വസീഫ് ചോദിച്ചു. വി.വി. പ്രകാശിന്റെ വീടിന്റെ പടി ചവിട്ടാന്‍ ആര്യാടന്‍ ഷൗക്കത്തിന് ഭയം കാണുമെന്നും അദ്ദേഹത്തിന്റെ ഭാര്യയുടെയും മകളുടെയും മുഖത്ത് നോക്കാന്‍ ജാള്യത കാണുമെന്നും വസീഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പരിഗണിക്കുമെന്ന വാര്‍ത്തകള്‍ ച്രചരിച്ച സാഹചര്യത്തില്‍ കൂടിയായിരുന്നു നന്ദനയുടെ ഫേസ്ബുക്ക് പോസ്റ്റ്. 2021ലെ തെരഞ്ഞെടുപ്പില്‍ വി.വി. പ്രകാശിന്റെ പരാജയത്തിനായി ആര്യാടന്‍ ഷൗക്കത്തിനെ അനുകൂലിക്കുന്ന വിഭാഗം ശ്രമിച്ചു എന്ന വിമര്‍ശം കോണ്‍ഗ്രസിനുള്ളില്‍ തന്നെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വസീഫിന്റെ വിമര്‍ശനം.
ആര്യാടന്‍ ഷൗക്കത്ത്
ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ചത് മുതല്‍ അദ്ദേഹം വി.വി. പ്രകാശിന്റെ വീട് സന്ദര്‍ശിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉര്‍ന്നിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.സ്വരാജും ഇപ്പോഴത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും 2021ല്‍ പ്രകാശിനെതിരെ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച പി.വി. അന്‍വറും പ്രകാശിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.
നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ത്ഥി എം.സ്വരാജ് വി.വി. പ്രകാശിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നു
ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആര്യാടന്‍ ഷൗക്കത്ത് എന്തിനാണ് വി.വി. പ്രകാശിന്റെ വീട് സന്ദര്‍ശിക്കുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പിന്നാലെയാണിപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് രംഗത്തെത്തിയിരിക്കുന്നത്.
വസീഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 247 കിലോമീറ്റര്‍ സഞ്ചരിച്ചു പുതുപ്പള്ളിയില്‍ പോയി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ഷൗക്കത്തിന് മണ്ഡലത്തിന് അകത്തുള്ള തന്റെ മുന്‍ഗാമിയും സഹപ്രവര്‍ത്തകനും ആയിരുന്ന അന്തരിച്ച വി.വി. പ്രകാശിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ നേരമില്ലത്രേ.
ജീവിച്ചിരുന്ന പ്രകാശനെക്കാള്‍ ശക്തനാണ് മരിച്ച പ്രകാശനെന്നും നിലമ്പൂരുകാരുടെ മനസ്സില്‍ എരിയുന്ന ഓര്‍മയായി കെടാത്ത തീയായി പടര്‍ന്നു കൊണ്ടിരിക്കും അച്ഛന്റെ ഓര്‍മ്മകള്‍ എന്നും തെരഞ്ഞെടുപ്പ് വേളയില്‍ കുറിപ്പെഴുതിയ വി.വി. പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ് ഉദ്ദേശിച്ചത് എന്താണെന്നും വ്യക്തമാണ്.
ഗ്രൂപ്പ് സമവാക്യത്തില്‍ സ്വീകാര്യനല്ലാത്ത പ്രകാശിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന്റെ ഹൃദയവേദനയിലാണ് നെഞ്ചുപൊട്ടി അദ്ദേഹം മരിച്ചതെന്ന് ഓരോ നിലമ്പൂരുകാരനും അറിയാം. അതു കൊണ്ടു തന്നെ ആ വീടിന്റെ പടി ചവിട്ടാന്‍ ഷൗക്കത്തിന് ഭയം കാണും. ആ അമ്മയുടെയും മക്കളുടെയും മുഖത്ത് നോക്കാന്‍ ജാള്യതയും ഉണ്ടാകും.
content highlights: V Vaseef Criticized for aryadan shoukath not going to VV Prakash’s house.