പിണറായി-സതീശന്‍ സംവാദത്തിന് പിന്നാലെ എം.ബി രാജേഷുമായി സംവാദത്തിന് തയ്യാര്‍, അഞ്ച് വര്‍ഷം പരിഗണിച്ചാല്‍ മതി; വെല്ലുവിളിച്ച് വി.ടി. ബല്‍റാം
Kerala News
പിണറായി-സതീശന്‍ സംവാദത്തിന് പിന്നാലെ എം.ബി രാജേഷുമായി സംവാദത്തിന് തയ്യാര്‍, അഞ്ച് വര്‍ഷം പരിഗണിച്ചാല്‍ മതി; വെല്ലുവിളിച്ച് വി.ടി. ബല്‍റാം
ആദര്‍ശ് എം.കെ.
Monday, 30th March 2026, 3:03 pm

 

തൃത്താല: മന്ത്രി എം.ബി. രാജേഷുമായി സംവാദത്തിന് തയ്യാറെന്ന് മുന്‍ എം.എല്‍.എ വി.ടി. ബല്‍റാം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നടന്നതിന് തൊട്ടുപിന്നാലെ തൃത്താല മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് താന്‍ തയ്യാറാനെന്നാണ് വി.ടി. ബല്‍റാം പറഞ്ഞത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് എം.ബി. രാജേഷുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ബല്‍റാം അറിയിച്ചത്.

പത്ത് വര്‍ഷവും അഞ്ച് വര്‍ഷവും എന്ന താരതമ്യത്തിലെ അസമത്വം പോലും പരിഗണിക്കേണ്ടതില്ല. ഭരണപക്ഷ എം.എല്‍.എ എന്ന നിലയിലെ 2011-16 കാലത്തെ എന്റെ അഞ്ച് വര്‍ഷവും ഭരണപക്ഷത്തെ പ്രമുഖ മന്ത്രിയും സ്പീക്കറുമെന്ന നിലയിലെ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ 2021-26 കാലത്തെ അഞ്ച് വര്‍ഷവും തന്നെ താരതമ്യത്തിലെടുത്ത് ചര്‍ച്ച നടത്താമെന്നാണ് വി.ടി. ബല്‍റാമിന്റെ വെല്ലുവിളി.

വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആരാണ് ബെസ്റ്റ് എന്ന് തൃത്താലക്കാര്‍ തീരുമാനിക്കട്ടെ എന്നും ബല്‍റാം പറഞ്ഞു.

വി.ടി. ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

നേരിട്ടുള്ള സംവാദത്തിനുള്ള പ്രതിപക്ഷ നേതാവിന്റെ ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചതായി വാര്‍ത്ത വരുന്നു. കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്ന ഇക്കാര്യം ഇപ്പോഴാണ് സ്വീകരിക്കപ്പെടുന്നത്. തീയ്യതിയും സ്ഥലവും പ്ലാറ്റ്‌ഫോമും തീരുമാനിക്കപ്പെട്ടിട്ടില്ല എന്നറിയുന്നു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നടന്നതിന് തൊട്ടുപിന്നാലെ തൃത്താല മണ്ഡലത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി അത്തരമൊരു സംവാദത്തിന് ഞാനും യു.ഡി.എഫും തയ്യാറാണ്.

പത്ത് വര്‍ഷവും അഞ്ച് വര്‍ഷവും എന്ന താരതമ്യത്തിലെ അസമത്വം പോലും പരിഗണിക്കേണ്ടതില്ല. ഭരണപക്ഷ എംഎല്‍എ എന്ന നിലയിലെ 2011-16 കാലത്തെ എന്റെ അഞ്ച് വര്‍ഷവും ഭരണപക്ഷത്തെ പ്രമുഖ മന്ത്രിയും സ്പീക്കറുമെന്ന നിലയിലെ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ 2021-26 കാലത്തെ അഞ്ച് വര്‍ഷവും തന്നെ താരതമ്യത്തിനെടുക്കാം.

വസ്തുതകളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തില്‍ തൃത്താലയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ, ആരാണ് ബെസ്റ്റെന്ന്. തൃത്താലക്കാര്‍ തന്നെ പറയട്ടെ, നിലവിലെ അവസ്ഥയില്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ഹാപ്പി ആണോ എന്ന്.

നേരത്തെ സംവാദത്തിനായി തന്നെ വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാല്‍ ഇതില്‍ സംവാദമാകാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി.

സര്‍ക്കാരിന്റെ എ പ്ലസ് നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് ഇതില്‍ സംവാദമാകാമോ എന്നാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനോട് ചോദ്യമുന്നയിച്ചിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ പണിതിട്ടില്ലെന്നാണ് സതീശന്‍ പറയുന്നത്.

വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കിയ ഈ പദ്ധതികളുടെ കൃത്യമായ കണക്കുകള്‍ എല്‍.ഡി.എഫ് മന്ത്രിമാര്‍ തന്നെ നിയമസഭയില്‍ നല്‍കിയ മറുപടികളിലുണ്ടെന്നും വികസന കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏത് വേദിയിലും തുറന്ന സംവാദത്തിന് താന്‍ തയാറാണെന്നും അദ്ദേഹം ഇന്നലെ വെല്ലുവിളിച്ചിരുന്നു.

 

Content Highlight: V.T. Balram challenges M.B. Rajesh to a debate

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.