തിരുവനന്തപുരം: പുതിയ തൊഴില്‍ കോഡുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് സംസ്ഥാന തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.
കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന നാല് പുതിയ തൊഴില്‍ കോഡുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ വകുപ്പുമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചതായി മന്ത്രി അറിയിച്ചു.
നിലവിലുള്ള 29 തൊഴില്‍ നിയമങ്ങളെ ലയിപ്പിച്ച് കേന്ദ്രം കൊണ്ടുവന്ന പുതിയ വിജ്ഞാപനം തൊഴിലാളികളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് വി. ശിവന്‍കുട്ടി പറയുന്നു. തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ബലികഴിച്ചുകൊണ്ടുള്ള ഒരു പരിഷ്‌കാരവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയമായിട്ടും സംസ്ഥാന സര്‍ക്കാരുകളുമായോ ട്രേഡ് യൂണിയനുകളുമായോ ചര്‍ച്ച ചെയ്യാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തൊഴില്‍ സുരക്ഷ, കൂട്ടായ വിലപേശലിനുള്ള അവകാശം, തൊഴിലിടങ്ങളിലെ സുരക്ഷ എന്നിവയില്‍ വെള്ളം ചേര്‍ക്കുന്നതാണ് പുതിയ കോഡുകള്‍. നിലവിലെ രൂപത്തില്‍ കോഡുകള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളെയും തൊഴിലാളി സംഘടനകളെയും വിശ്വാസത്തിലെടുത്ത് സുതാര്യമായ ചര്‍ച്ചകള്‍ നടത്തണമെന്നും ശിവന്‍കുട്ടി നിര്‍ദേശിച്ചു.
തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നതില്‍ കേരളം എന്നും മുന്‍പന്തിയിലുണ്ടാകും. സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കേന്ദ്രം ഈ ആവശ്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി തന്റെ പ്രസ്താവനയില്‍ പറഞ്ഞു.
വേതന കോഡ് (കോഡ് ഓഫ് വേജസ്), തൊഴിലിട സുരക്ഷാ കോഡ് (ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിങ് കണ്ടീഷന്‍സ്), സാമൂഹിക സുരക്ഷാ കോഡ് (കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി), വ്യവസായ ബന്ധ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍)കോഡ് എന്നീ കോഡുകളാണ് കേന്ദ്രം നടപ്പിലാക്കിയിരിക്കുന്നത്.
ഈ കോഡുകള്‍ അടച്ചുപൂട്ടലിനും കൂട്ടപിരിച്ചുവിടലിനും കാരണമാകുമെന്നാണ് ട്രേഡ് യൂണിയനുകള്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. പുതിയ കോഡുകള്‍ പ്രകാരം, തൊഴില്‍ ചൂഷണത്തനെതിരെ ശബ്ദമുയര്‍ത്താനും പണിമുടക്ക് നടത്താനും കര്‍ശന നിയന്ത്രണവുമുണ്ട്.
14 ദിവസം മുമ്പ് നോട്ടീസ് നല്‍കിയാല്‍ മാത്രമേ സമരം ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ചാല്‍ പിഴയും ഒരു മാസം തടവും ഉള്‍പ്പെടെയുള്ള ശിക്ഷകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Content Highlight: V. Sivankutty writes to the central government demanding withdrawal of new labor codes