തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പ്രതിയായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ചുള്ള ഷാഫിപറമ്പിൽ എം.പിയുടെ പഴയ അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
എങ്ങനെയുണ്ട് ഷാഫിയുടെ ഫ്യുച്ചർ ഇന്‍വെസ്റ്റ്മെന്റ് എന്ന അടികുറിപ്പോടെ ഫേസ്ബുക്കിലാണ് ശിവൻ കുട്ടി വീഡിയോ പങ്കുവെച്ചത്.
പാര്‍ട്ടി ഫ്യൂച്ചറിലേക്ക് നടത്തുന്ന ഒരു ഇന്‍വെസ്റ്റ്‌മെന്റാണ് രാഹുലെന്നും പാലക്കാടിന് ഇതിൽ ഖേദിക്കേണ്ടി വരില്ലെന്നുമാണ് ഷാഫി അഭിമുഖത്തിൽ പറയുന്നത്. പാലക്കാടിനുള്ള സമ്മാനമാണ് രാഹുലെന്നും ഷാഫി കൂട്ടിച്ചേർക്കുന്നുണ്ട്.
‘പാർട്ടി ഫ്യൂച്ചറിലേക്ക് നടത്തുന്ന ഒരു ഇന്‍വെസ്റ്റ്‌മെന്റാണ് രാഹുൽ. ഈ തീരുമാനത്തെ ഞങ്ങൾക്കുള്ള ഒരു ഇന്‍വെസ്റ്റ്‌മെന്റായിട്ട് കാണുന്നു. ആ സമ്മാനത്തെ പാലക്കാടിനുള്ളൊരു സമ്മാനമായിട്ട് മാറ്റാൻ കഴിയും,’ ഷാഫി പറഞ്ഞു.
അയാളുടെ പ്രവൃത്തിയിലൂടെ അല്ലെങ്കിൽ ജനങ്ങളുമായി സ്ഥാപിക്കാൻ പോകുന്ന ബന്ധത്തിലൂടെ പാലക്കാട് അതിൽ ഖേദിക്കേണ്ടി വരുന്ന സാഹചര്യം ആ സ്ഥാനാർത്ഥിയോ യു.ഡി.എഫോ ഉണ്ടാക്കില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
ഇലക്ഷൻ സമയത്താണെങ്കിലും അതിനുശേഷമുള്ള പോസിറ്റീവ് റിസൾട്ടിലെ കാര്യമായാലും രാഹുലിന്റെ പ്രവർത്തനങ്ങളിലായാലും പാലക്കാട് ഖേദിക്കേണ്ടി വരില്ലെന്നും ഈ തീരുമാനം പാലക്കാടിനും നല്ലതായി ഭവിക്കുമെന്നും ഷാഫി പറയുന്നു.
അതേസമയം രാഹുലിന്റെ മുൻകൂർജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. പൊലീസിന് രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസങ്ങളൊന്നുമില്ലെന്ന് കോടതി ഇന്നലെ അറിയിച്ചിരുന്നു.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. വാദങ്ങളെ സാധൂകരിക്കുന്ന കൂടുതൽ രേഖകൾ ഹാജരാക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു. ഈ രേഖകളും പരിശോധിച്ച് അന്തിമ വാദം കേട്ടശേഷമായിരിക്കും വിധി പറയുക
നിലവിൽ രാഹുലിനെതിരെയുള്ള അന്വേഷണം പൊലീസ് ഉർജിതമാക്കിയിരിക്കുകയാണ്.
Content Highlight: How is Shafi’s future investment going; V. Sivankutty shares Shafi’s interview about Rahul